Marta Vasyuta : ഇരുട്ടി വെളുക്കും മുമ്പേ ഈ 20-കാരി സോഷ്യല്‍ മീഡിയാ സ്റ്റാറായി!

Web Desk   | Asianet News
Published : Mar 07, 2022, 09:16 PM IST
Marta Vasyuta : ഇരുട്ടി വെളുക്കും മുമ്പേ ഈ 20-കാരി  സോഷ്യല്‍ മീഡിയാ സ്റ്റാറായി!

Synopsis

23-ന് രാത്രി ഉറങ്ങി 24-ന് പകല്‍ ഉണര്‍ന്നപ്പേഴേക്കും അവള്‍ ലോക പ്രശസ്തയായി മാറിക്കഴിഞ്ഞിരുന്നു. ഒറ്റ രാത്രി കൊണ്ട് അവള്‍ സോഷ്യല്‍ മീഡിയാ താരമായി മാറി. ഒന്നുറങ്ങി എണീക്കുമ്പോഴേക്കും ടിക് ടോക് സെലിബ്രിറ്റിയായി മാറി! 

റഷ്യ (Russia) യുക്രൈനിനു (Ukraine) നേരെ ആക്രമണം ആരംഭിച്ച ഫെബ്രുവരി 23 വരെ, ഒരു സാധാരണ യുക്രൈനിയന്‍ പെണ്‍കുട്ടി മാത്രമായിരുന്നു  മാര്‍ത്ത വാസ്‌യുത (Marta Vasyuta) എന്ന 20-കാരി. എന്നാല്‍, 23-ന് രാത്രി ഉറങ്ങി 24-ന് പകല്‍ ഉണര്‍ന്നപ്പേഴേക്കും അവള്‍ ലോക പ്രശസ്തയായി മാറിക്കഴിഞ്ഞിരുന്നു. ഒറ്റ രാത്രി കൊണ്ട് അവള്‍ സോഷ്യല്‍ മീഡിയാ താരമായി (Social media star) മാറി. ഒന്നുറങ്ങി എണീക്കുമ്പോഴേക്കും ടിക് ടോക് സെലിബ്രിറ്റിയായി (TikTok celebrity)  മാറി! 

എന്താണ് കാരണമെന്നോ?

യുദ്ധം! റഷ്യയുടെ യുക്രൈന്‍ അധിനിവേശം! 

തെളിച്ചു പറഞ്ഞാല്‍  ആ കഥ ഇങ്ങനെയാണ്. ഫെബ്രുവരി 23-ന് രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് മാര്‍ത്തയ്ക്ക് ടിക്‌ടോക്കിലുണ്ടായിരുന്നത് വെറും പത്തഞ്ഞൂറ് ഫോളോവേഴ്‌സ് മാത്രമായിരുന്നു. എന്നാല്‍, ഒന്നുറങ്ങി വെളുത്തപ്പോഴേക്കും അവളുടെ ടിക് ടോക്ക് അക്കൗണ്ടില്‍ വന്നത് മില്യന്‍ കണക്കിന് ഫോളോവേഴ്‌സ് ആണ്്. അവളുടെ ടിക് ടോക് വീഡിയോകള്‍ കണ്ടത് ലോകമെമ്പാടുമുള്ള മില്യന്‍ കണക്കിനാളുകളാണ്. ഒറ്റരാത്രി െകാണ്ട് മാര്‍ത്ത സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായി മാറി. 

 

 

എന്നാല്‍ മാറിയത് മാര്‍ത്ത മാത്രമായിരുന്നില്ല. അവളുടെ രാജ്യം കൂടിയായിരുന്നു. അതുവരെ അതിസാധാരണമായി ജീവിച്ചുപോന്ന ആ രാജ്യം ഒരൊറ്റ ദിവസം കൊണ്ട് യുദ്ധഭൂമിയായി. ലോകത്തിന്റെ ശ്രദ്ധേകേന്ദ്രമായി മാറുന്നതിന്റെ വില എന്നോണം, അവിടത്തെ അനേകം മനുഷ്യര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പലര്‍ക്കും മിസൈലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും ജീവിതം തന്നെ ഇല്ലാതായി. ആയിരക്കണക്കിനാളുകള്‍ സര്‍വ്വതും ഉപേക്ഷിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ടു. 

ആ മാറ്റങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള മാര്‍ഗമായി സ്വന്തം മൊബൈല്‍ ഫോണിനെ ഉപയോഗിക്കുകയായിരുന്നു മാര്‍ത്ത. അവളുടെ ടിക്‌ടോക്ക് അക്കൗണ്ട് അതിനു വേദിയാവുകയായിരുന്നു. അതിനുള്ള വഴിയൊരുക്കിയത് അതിനു തൊട്ടുമുമ്പായി അവള്‍ നടത്തിയ ഒരു വിദേശ യാത്രയാണ്. സുഹൃത്തുക്കളെ കാണാന്‍ വേണ്ടി അവള്‍ നടത്തിയ ഒരു യു കെ യാത്ര. 

സുഹൃത്തുക്കളെ കണ്ട് അവര്‍ക്കൊപ്പം സന്തോഷമായിരുന്ന നേരത്താണ് കാര്യങ്ങള്‍ ആകെ മാറിയത്. അവളുടെ രാജ്യം ആക്രമിക്കപ്പെട്ടു. കരയിലൂടെയും ആകാശത്തിലൂടെയും കടലിലൂടെയും റഷ്യന്‍ സൈന്യം അവളുടെ രാജ്യമായ യുക്രൈനിനെ ആക്രമിച്ചു. യു കെയിലെ താമസസ്ഥലത്തുനിന്നും അതിന്റെ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ, സോഷ്യല്‍ മീഡിയയിലൂടെ അവളുടെ മുന്നിലെത്തി. ഹൃദയം പൊട്ടുന്ന വേദനയോടെയും ഭീതിയോടെയും അവളാ ദൃശ്യങ്ങള്‍ കണ്ടു. യുക്രൈനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയയാണ് ടെലിഗ്രാം. അതില്‍ ആയിരക്കണക്കിനാളുകളാണ് തങ്ങള്‍ക്കു മുന്നില്‍ നടക്കുന്ന ആക്രമണ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. അത് കണ്ട് അമ്പരന്ന അവള്‍ ആ വീഡിയോകള്‍ പുറത്ത് എത്തിക്കാന്‍ തീരുമാനിച്ചു. 

 

 

ഫെബ്രുവരി 23-ന് രാത്രി അവള്‍ ടെലിഗ്രാമില്‍നിന്നും, പല തരത്തില്‍ പരിശോധിച്ച് ആധികാരികതഉറപ്പു വരുത്തിയ വീഡിയോകള്‍ സേവ് ചെയ്തുവെച്ചു. ഉറങ്ങുന്നതിനു മുമ്പ്, അവിടെ എന്താണ് നടക്കുന്നതെന്ന വിവരണത്തിനൊപ്പം ആ വീഡിയോകള്‍ അവള്‍ ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്തു. ശേഷം ഉള്ളുനുറുങ്ങുന്ന സങ്കടത്തോടെ അവള്‍ ഉറങ്ങാന്‍ കിടന്നു. 

രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യമേ അവളുടെ കൈ പോയത്, ശരീരത്തിന്റെ ഭാഗം പോലായി മാറിയ മൊബൈല്‍ ഫോണിലേക്കാണ്. ടിക്‌ടോക്ക് കണ്ടതും അവള്‍ ഞെട്ടി! തലേന്നിട്ട വീഡിയോകളുടെ വ്യൂ മില്യന്‍സ്! തീരെ കുറഞ്ഞ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന മാര്‍ത്തയുടെ ഫോളോവര്‍മാരുടെ എണ്ണവും മില്യനുകളായി മാറിയിരുന്നു. 

 

 

''എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. എന്താണീ സംഭവിക്കുന്നതെന്ന് ഞാന്‍ അമ്പരന്നുപോയി. പക്ഷേ, എല്ലാം സത്യമായിരുന്നു. എന്റെ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള ആളായി ഞാന്‍ മാറിയെന്ന് എനിക്കപ്പോള്‍ മനസ്സിലായി.''-അവള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

 

 

പിന്നീട് അവള്‍ തുടര്‍ച്ചയായി വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ടെലിഗ്രാമിലും വാട്‌സാപ്പിലും വരുന്ന വീഡിയോകളും സുഹൃത്തുക്കള്‍ അയക്കുന്ന വീഡിയോകളുമെല്ലാം അവര്‍ പോസ്റ്റ് ചെയ്തു. ഇവയുടെ ആധികാരികത ഉറപ്പു വരുത്തുകയായിരുന്നു ഏറ്റവും വലിയ പാട്. 2014-ല്‍ റഷ്യ നടത്തിയ ആക്രമണത്തിന്റെ വീഡിയോകള്‍ പുതിയതെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പടരുന്ന നേരമായിരുന്നു അത്. 

ആവുന്നത്ര ശ്രമിച്ച് ആധികാരികത ഉറപ്പുവരുത്തിയാണ് അവള്‍ ടിക്‌ടോക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. അതില്‍ പലതും ആധികാരിക വീഡിയോകള്‍ തന്നെയായിരുന്നുവെന്ന് ബിബിസി അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ പിന്നീട് സാക്ഷ്യപ്പെടുത്തി. അവ ലോകമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു. യുക്രൈനില്‍ നടക്കുന്ന ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അവളിലൂടെ ലോകം കണ്ടു. 

 

 

20 വയസ്സുള്ള സാധാരണ യുക്രൈനിയന്‍ പെണ്‍കുട്ടിയില്‍നിന്നും മാര്‍ത്ത ഇപ്പോള്‍ ഏറെ മാറിപ്പോയി. ആളുകള്‍ അവളില്‍നിന്നും യുദ്ധഭൂമിയിലെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്നു എന്നവള്‍ക്ക് അറിയാം. ടിക്‌ടോക്ക് അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നത് ആളുകളുടെ താല്‍പ്പര്യം കണക്കാക്കിയാണ്. യുക്രൈനിലെ യുദ്ധത്തില്‍ ആളുകള്‍ക്ക് താല്‍പ്പര്യം കൂടിയതോടെ അവരെല്ലാം കാണുന്ന വീഡിയോ ആയി മാര്‍ത്തയുടെ വീഡിയോകള്‍ മാറുകയാണ് ചെയ്തത്. ആ ഗൗരവത്തോടെയാണ് ഇപ്പോള്‍ മാര്‍ത്ത വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ