കണ്ടോളൂ, ലോകത്തിലെ 'ഏറ്റവും ഭാഗ്യവാനായ' നായയെ..!

By Web TeamFirst Published Apr 22, 2019, 11:23 AM IST
Highlights

കരയിൽ നിന്നും 220 കിലോമീറ്റർ അകലെ, ചുരുങ്ങിയ 3000  മീറ്ററെങ്കിലും ആഴമുള്ള, വിജനമായ ഉൾക്കടലിൽ,  വീണുപോയിട്ടും അപാരഭാഗ്യം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെടുത്തപ്പെട്ടു ഈ നായ

ഈ കണ്ണുകളിലേക്ക് നോക്കൂ...  മരണത്തെ മുഖത്തോടു മുഖം കണ്ടശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു ജന്മമാണിവൻ. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ നായ'  എന്ന പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹ്യമാധ്യമങ്ങളിൽ ജനപ്രിയനായിരിക്കുകയാണ് ഈ നായ. കരയിൽ നിന്നും 220 കിലോമീറ്റർ അകലെ, വിജനമായ ഉൾക്കടലിൽ, ഏതോ മത്സ്യബന്ധന ബോട്ടിൽ നിന്നാവും, വീണുപോയിട്ടും അപാരഭാഗ്യം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെടുത്തപ്പെട്ടു ഈ നായ. 

കരയിൽ നിന്നും 220  കിലോമീറ്റർ ദൂരെ എന്ന് പറഞ്ഞാൽ ആഴക്കടലായി. ചുരുങ്ങിയത് 3000  മീറ്ററെങ്കിലും ആഴം കാണും അവിടെ. നിലയില്ലാത്ത കയമാണ്. വീണാൽ പെട്ടതുതന്നെ. നീന്തി രക്ഷപ്പെടാമെന്നു വിചാരിച്ചാലും നടപ്പില്ല. എത്ര ദൂരമെന്നുവെച്ചാണ് നീന്തുക. കണ്ണെത്താ ദൂരത്തോളം കടലങ്ങനെ പരന്നു കിടക്കുകയല്ലേ. നീന്തിത്തുടങ്ങിയാലും ഒടുവിൽ കൈകാൽ കുഴഞ്ഞ് മുങ്ങി മരണം ഉറപ്പാണ്.  

എന്നാൽ ഈ നായയുടെ ഭാഗ്യത്തിന് അവൻ ആഴക്കടലിൽ വീണിടത്തുനിന്നും അധികം അകലെയല്ലാതെ ഒരു ഓഫ്‌ഷോർ റിഗ്ഗുണ്ടായിരുന്നു. ഷെവറോൺ കമ്പനിയുടെ ഒരു എക്പ്ലോറേറ്ററി ജാക്ക് അപ്പ് റിഗ്ഗ്. അതിന്റെ കാലുകളിൽ കേറിയിരുന്നു മോങ്ങുന്ന അവനെ അവിടത്തെ തൊഴിലാളികൾ ഏകദേശം പതിനഞ്ചു മിനിറ്റ് നീണ്ടുനിന്ന ഒരു ക്രെയിൻ ഓപ്പറേഷനിലൂടെ രക്ഷിച്ചു.

 

അക്കൂട്ടത്തിൽ ഒരാളായ വിറ്റിസാക്ക് ആണ് ഈ നായയെക്കുറിച്ചുള്ള വിശദവിവരങ്ങൾ വീഡിയോസമേതം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 

 

 

ആഴക്കടലിൽ എണ്ണതേടിച്ചെല്ലുന്ന മനുഷ്യർ സ്ഥാപിക്കുന്ന യന്ത്രത്തുരുത്തുകളാണ്  ഓഫ് ഷോർ റിഗ്ഗുകൾ. കടൽത്തീരത്തു നിന്നും ഹെലികോപ്റ്ററിലേറി അവിടെ ചെന്നിറങ്ങുന്ന ഓയിൽ ഫീൽഡ് തൊഴിലാളികൾ, ചോപ്പറിൽ നിന്നിറങ്ങിയാൽ പിന്നെ മറ്റൊരു അധോലോകത്തിലാണ്. കൃത്യമായ ഷിഫ്റ്റുകളുടെയും, സേഫ്റ്റി ഡ്രില്ലുകളുടെയും ലോകം. എങ്ങോട്ടു തിരിഞ്ഞാലും നൂറു നിയമങ്ങൾ കൊണ്ട് നിയന്ത്രിതമായ ഒരു ലോകം. നാലുപാടും പ്രശാന്തമായ കടൽ മാത്രം. അവിടെ ജോലി ചെയ്യുന്ന പത്തിരുനൂറ്‌ പേരുടെ മുഖങ്ങളല്ലാതെ അപ്രതീക്ഷിതമായ മറ്റൊന്നും അവർക്ക് കാണാനാവില്ല. ഏറിവന്നാൽ ചില കടൽക്കാക്കകളെ കണ്ടെന്നിരിക്കും. അവരുടെ മുന്നിലും അപ്രതീക്ഷിതമായി വന്നുകേറിയ ഒരു അതിഥിയായി ഈ നായ. 

 

 

പ്ലാറ്റഫോമിന്റെ ഡെക്കിലേക്ക് കേറ്റിയപ്പോൾ മുതൽ അവിടത്തെ ജോലിക്കാരുടെ പ്രിയഭാജനമായി അവൻ മാറി. അവർ അവന് തായ് ഭാഷയിൽ  'രക്ഷിക്കപ്പെട്ടവൻ' എന്നർത്ഥം വരുന്ന 'ബൂൺറോഡ്' എന്ന് പേരുമിട്ടു. റിഗ്ഗിലെ ഡ്യൂട്ടി ഡോക്ടർ അവനെ പരിശോധിച്ച് വേണ്ട മരുന്നുകൾ നൽകി.

 

രണ്ടുദിവസം കഴിഞ്ഞ് റിഗ്ഗിലേക്കുള്ള സാധനങ്ങളുമായി വന്ന സപ്ലൈ ബോട്ടിൽ കയറ്റി അവനെ തിരിച്ച് സോങ്ക്ലയിലേക്ക് വിട്ടു. അവിടെയുള്ള 'വാച്ച്‌ഡോഗ്' എന്ന ഒരു നായ്ക്കളെ പരിചരിക്കുന്ന സംഘടനയുടെ സംരക്ഷണത്തിലാണിപ്പോൾ ബൂൺറോഡ്. ആ റിഗ്ഗിൽ തന്നെ ജോലി ചെയ്യുന്നൊരാൾ ബൂൺറോഡിനെ ദത്തെടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. 

click me!