നോത്രദാമിന് മാത്രം കിട്ടുന്ന ചില പരിഗണനകള്‍

By K T NoushadFirst Published Apr 21, 2019, 4:52 PM IST
Highlights

യുറോപ്പിലെ ഈ ചരിത്ര സ്മാരകത്തിനുണ്ടായ ദുരന്തത്തിന് ലഭിച്ച വാര്‍ത്താ പ്രാധാന്യമോ പുന:നിര്‍മ്മാണത്തിന് ലഭിച്ച പിന്തുണയോ മറ്റിടങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍ക്കും ലഭിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. പ്രാചീനതയില്‍ നോത്രദാമിനെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ചരിത്ര പ്രാധാന്യമുളള ഇറാഖിലെ പ്രാചീന നാഗരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പട്ടപ്പോള്‍ ലോകം മുഴുവന്‍ ഇങ്ങനെയൊരു പ്രതികരണമുണ്ടായില്ല.

വിശേഷാവകാശമുളള കുടുംബങ്ങളില്‍ ജനിക്കുന്ന വ്യക്തികളെ പോലെ തന്നെയാണ് വിശേഷാവകാശമുളള ഇടങ്ങളിലെ ചരിത്ര സ്മാരകങ്ങളെന്ന് തെളിയിക്കുകയാണ് നോത്രദാം പളളിയിലെ തീയണയും മുമ്പ് പുന:നിര്‍മ്മാണത്തിനായി ഒഴുകിയെത്തിയ കോടികള്‍. യൂറോപ്പില്‍, അതിനുമപ്പുറം സാംസ്‌കാരിക നഗരമായ പാരിസിന്‍റെ മണ്ണില്‍ നിലകൊളളുന്നുവെന്നതാണ് നോത്രദാം പളളിയുടെ ഭാഗ്യം. മണിക്കൂറുകള്‍ക്കുളളില്‍ നൂറുകോടി യൂറോയുടെ സംഭാവന ഫ്രാന്‍സില്‍ നിന്നും പുറത്തു നിന്നുമായി വാഗ്ദാനം ചെയ്യപ്പെട്ടത് ഈ ഭാഗ്യം കൊണ്ടാണ്. 

ഒരിക്കലെങ്കിലും ഈ കെട്ടിടം കാണുകയോ ഇതിന്‍റെ ചരിത്രമറിയുകയോ ചെയ്യുന്നവരെയൊക്കെ വേദനിപ്പിക്കുന്നതായിരുന്നു തീ പടര്‍ന്ന വാര്‍ത്ത. ചരിത്രവും സാഹിത്യവുമായുളള ബന്ധത്താല്‍ പ്രശസ്തമായ പളളി അതിഗംഭീരമായി തന്നെ പുന:നിര്‍മ്മിക്കപ്പെടുമെന്ന പ്രഖ്യാപനം സന്തോഷകരമാണ്. പ്രാചീന ചരിത്രസ്മാരകങ്ങളില്‍ മിക്കതും ഇങ്ങനെ പലപ്പോഴായി പുന:നിര്‍മ്മിക്കപ്പെട്ടാണ് ഇപ്പോഴും ഭൂതകാലത്തിലേക്കുളള വാതിലുകളായി നിലകൊളളുന്നത്. സ്ഥാപിതമായ കാലത്തിന്‍റെ ചരിത്രത്തിനൊപ്പം മാറ്റിപ്പണിയാന്‍ കാരണമായ യൂദ്ധത്തിലേക്കും കലാപത്തിലേക്കും വിപ്‌ളവത്തിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കുമൊക്കെ സന്ദര്‍ശകരുടെ ശ്രദ്ധ ക്ഷണിക്കുന്നവയാണ് ചരിത്രസ്മാരകങ്ങള്‍. അതുകൊണ്ട് തന്നെ പുന:നിര്‍മ്മാണത്തോടെ ഈ തീപിടുത്തം കെട്ടിടവുമായി ബന്ധപ്പെട്ട മറ്റൊരു ചരിത്രമായി എഴുതിച്ചേര്‍ക്കപ്പെടും. 

പക്ഷെ യുറോപ്പിലെ ഈ ചരിത്ര സ്മാരകത്തിനുണ്ടായ ദുരന്തത്തിന് ലഭിച്ച വാര്‍ത്താ പ്രാധാന്യമോ പുന:നിര്‍മ്മാണത്തിന് ലഭിച്ച പിന്തുണയോ മറ്റിടങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍ക്കും ലഭിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. പ്രാചീനതയില്‍ നോത്രദാമിനെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ചരിത്ര പ്രാധാന്യമുളള ഇറാഖിലെ പ്രാചീന നാഗരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പട്ടപ്പോള്‍ ലോകം മുഴുവന്‍ ഇങ്ങനെയൊരു പ്രതികരണമുണ്ടായില്ല.

മെസോപൊട്ടാമിയന്‍ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഏഴായിരം വര്‍ഷത്തോളം പഴക്കമുളള പുരാവസ്തുക്കള്‍ അടങ്ങുന്ന ബാഗ്‍ദാദിലെ ദേശീയ മ്യൂസിയം അമേരിക്കന്‍ പട്ടാളത്തിന്‍റെ കാവലിലാണ് കൊളളക്കിരയായത്. ഇറാഖിനെ ആയുധമുക്തമാക്കാനും ജനങ്ങളെ സ്വതന്ത്രരാക്കാനുമെന്ന പേരില്‍ അമേരിക്കയുടെയും ബ്രിട്ടന്‍റെയും നതൃത്വത്തില്‍ നടന്ന അധിനിവേശം ചരിത്രാവാശിഷ്ടങ്ങളെ കൂടിയാണ് തുടച്ച് കളഞ്ഞത്. 

ഏഴ് പ്രാചീന ലോകാത്ഭുതങ്ങളിലൊന്നായി കണക്കാക്കുന്ന ബാബിലോണിലെ ഹാങിങ് ഗാര്‍ഡന്‍റെ ചരിത്രാവശിഷ്ടങ്ങളെ ഇടിച്ചു നിരത്തിയാണ് യു എസ്  സൈന്യം ക്യാമ്പ് പണിതത്. 2500 വര്‍ഷം പഴക്കമുളള പ്രശസ്തമായ കവാടവും കല്ലുപാകിയ വഴിയും ടാങ്കുകള്‍ കൊണ്ട് തകര്‍ക്കപ്പെട്ടുവെന്നാണ് യു എന്‍ റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിട്ടുളളത്. സൈനികാവശ്യത്തിനായി മണല്‍ചാക്കുകള്‍ നിറക്കാന്‍ പുരാവസ്തു സമ്പന്നമായ മണ്ണ് മുഴുവന്‍ ബുള്‍ഡോസര്‍ കൊണ്ട് ഉഴുതു മറിച്ച് വാരിയെടുത്തു. ഹെലിപാഡും കാര്‍പാര്‍ക്കും കക്കൂസുമുണ്ടാക്കാന്‍ പ്രാചീന പൂന്തോട്ടത്തിന്‍റെ വലിയൊരു ഭാഗം ഇടിച്ചു നിരപ്പാക്കി. പിടിച്ചെടുത്ത  ആയുധങ്ങള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കാന്‍ യു എസ് സൈന്യം തെരഞ്ഞെടുത്ത സ്ഥലം പത്താം നൂറ്റാണ്ടിലെ പ്രശ്‌സ്തമായ സത്രമായിരുന്നു. അനവധി പ്രാചീന യാത്രാ സംഘങ്ങള്‍ക്ക് ആതിഥ്യമരുളിയ സത്രത്തിന് സ്‌ഫോടനങ്ങളാല്‍ തകരാനായിരുന്നു വിധി. 

കീഴടക്കപ്പെടുന്ന രാജ്യത്തെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ അധിനിവേശസേന അധികാരപരിധിയില്‍ പെട്ടതൊക്കെ ചെയ്യണമെന്ന ജനീവ കണ്‍വെന്‍ഷന്‍റെ നേരിട്ടുളള ലംഘനം നടന്നിട്ടും ലോകം കൈകെട്ടി നോക്കി നിന്നു. യൂറോപ്പിലെ ഏതെങ്കിലും പുരാവസ്തു പ്രസക്തമായ ഒരിടത്തെ ഇങ്ങനെ ഉഴുതു മറിച്ചാല്‍ ലോകത്തിന്‍റെ പ്രതികരണം എങ്ങനെയായിരിക്കും? പുരാവസ്തു ഇടങ്ങളാല്‍ സമ്പന്നമായ ഇറാഖിനെ ആക്രമിക്കുന്നതിന് മുമ്പെ അത്തരം സൈറ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ട കാര്യം പെന്‍റഗണിനെ അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. 

ഒ ആര്‍ എച്ച് എ (ഓഫീസ് ഓഫ് റികണ്‍സ്ട്രക്ഷന്‍ ആന്‍റ് ഹ്യൂമാനിറ്റേറിയന്‍ അസിസ്റ്റന്‍സ്) ഊന്നിപ്പറഞ്ഞ ബാഗ്‍ദാദിലെ 20 പ്രധാന ചരിത്ര-സാംസ്‌കാരിക ഇടങ്ങള്‍ക്ക് പോലും സംരക്ഷണം ലഭിച്ചില്ല. ബാഗ്‍ദാദിലെ എണ്ണ മന്ത്രാലയത്തിന് മാത്രമാണ് യു എസ് സേന സംരക്ഷണം നല്‍കിയത്! ബാഗ്‍ദാദിലെ സുരക്ഷാ സംവിധാനത്തെ മുഴുവന്‍ നിര്‍വീര്യമാക്കി യു എസ് സേന നഗരം പിടിച്ചെടുത്തപ്പോള്‍ പ്രശസ്തമായ നാഷണല്‍ മ്യൂസിയത്തില്‍ അരങ്ങേറിയത് വന്‍ കൊളളയായിരുന്നു. സുമേറിയ, ബാബിലോണിയ, അസ്സീറിയന്‍ നാഗരികതകളുടെ അവശേഷിപ്പുകളായ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന 1500 പുരാവസ്തുക്കളാണ് അഴിഞ്ഞാടാന്‍ അവസരം ലഭിച്ച സാമൂഹ്യ ദ്രോഹികള്‍ കടത്തിക്കൊണ്ടു പോയത്. നാസികള്‍ പാരീസ് കീഴടക്കിയപ്പോള്‍ ലൂവര്‍ മ്യൂസിയത്തിന് നല്‍കിയ പരിഗണന പോലും യു എസ് സേന ബാഗ്‍ദാദിലെ മ്യൂസിയത്തിന് നല്‍കിയില്ല. നൂറ്റാണ്ടുകളുടെ ചരിത്ര രേഖകള്‍ സൂക്ഷിച്ചിട്ടുളള ബാഗ്‍ദാദിലെ നാഷണല്‍ ലൈബ്രറിയും നാഷനല്‍ ആര്‍കൈവ്‌സും അധിനിവേശത്തിനിടെ കത്തിയമര്‍ന്നപ്പോള്‍ അമേരിക്കയും ബ്രിട്ടനുമൊക്കെ ന്യായീകരണങ്ങളിലൂടെ കൈകഴുകാന്‍ മാത്രമാണ് ശ്രമിച്ചത്. 

അഞ്ച് നൂറ്റാണ്ട് കാലത്തെ ഓട്ടോമണ്‍ ചരിത്ര രേഖകള്‍, പിക്കാസോ, മിറോ തുടങ്ങിയവരുടെ പ്രശസ്ത പെയിന്‍റിങ്ങുകള്‍ എന്നിവ ഉള്‍പ്പെടെ ആയിരക്കണക്കിന് കൈയെഴുത്ത് പ്രതികള്‍, പഴയ പത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയാണ് അഗ്നിക്കിരയായത്. അമേരിക്കന്‍ സേനക്ക് ശേഷം രംഗം കൈയടക്കിയ ഐ എസിന്‍റെ ചെയ്തികള്‍ ശേഷിക്കുന്ന ചരിത്രാവശിഷ്ടങ്ങളെക്കൂടി ഇല്ലാതാക്കുന്നതായിരുന്നു. കഴിഞ്ഞ 15 കൊല്ലമായി തങ്ങള്‍ക്ക് നഷ്ടമായ ജീവിതവും ചരിത്രവും തിരിച്ചു പിടിക്കാന്‍ കഴിയാതെ ഇറാഖി ജനത പെടാപാട് പെടുമ്പോഴാണ് അമേരിക്കന്‍ സ്ഥാപനമായ ആപ്പിള്‍ ഉള്‍പ്പെടെയുളള കമ്പനികള്‍ നോത്രദാം പുന: നിര്‍മ്മിക്കാന്‍ സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇറാഖിലെ മ്യൂസിയത്തില്‍ നിന്ന് കടത്തിക്കൊണ്ടു പോയ 15000 പുരാവസ്തുക്കളില്‍ ഏഴായിരം തിരിച്ചെത്തിയെങ്കിലും എണ്ണായിരിത്തോളം കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇതില്‍ വലിയൊരു ശതമാനം ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില്‍പനക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാജയപ്പട്ടതോടെ എണ്ണക്ക് മേലുളള അധികാരം നഷ്ടമായ ഐ എസിന്‍റെ ഏക വരുമാന സ്രോതസ്സ് ഇത്തരം പുരാവസ്തുക്കളുടെ വില്‍പനയാണെന്ന് അമേരിക്കന്‍ വക്താവ് മാര്‍ഷല്‍ ബില്ലിങ്‌സ്‌ലീ കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ വാര്‍ത്താ സ്‌മ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. മ്യൂസിയത്തിന് പുറമെ ആയിരക്കണക്കിന് പുരാവസ്തു സംരക്ഷിത പ്രദേശങ്ങളാണ് അധിനിവേശ സമയത്ത് വ്യാപകമായ കൊളളക്ക് പാത്രമായത്. 

സദ്ദാമിന്‍റെ കൊട്ടാരത്തിലെ സ്വര്‍ണം പൂശിയ വസ്തുക്കളും സര്‍ക്കാരിന്‍റെ സീലൂം പ്രാചീന നാണയങ്ങളുമൊക്കെ അമേരിക്കയില്‍ വന്നിറങ്ങിയ സൈനികരില്‍ നിന്ന് പിടികൂടിയെങ്കിലും അവര്‍ക്കെതിരെ പിഴ പോലും ചുമത്തപ്പെട്ടില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുളള ഈ ഇടങ്ങളും വസ്തുക്കളും യൂറോപ്പില്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ ? ഇറാഖില്‍ മാത്രമല്ല ലിബിയയിലെയും സിറിയിലെയും പുരാവസ്തു പ്രദേശങ്ങളും ഈ ഭാഗ്യം കിട്ടാതെ പോയ പ്രദേശങ്ങളാണ്.

നോത്രദാമിനെക്കാള്‍ പഴക്കമുളള ക്രിസ്ത്യന്‍ പളളികള്‍ സ്ഥിതി ചെയ്യുന്നയിടങ്ങളായിട്ടും യുറോപ്പിലെ ചരിത്രസ്മാരകങ്ങള്‍ക്ക് കിട്ടുന്ന വിശേഷ പരിഗണനയിലേക്ക് ഉയരാന്‍ ഈ പ്രദേശങ്ങളിലെ പൗരാണിക കെട്ടിടങ്ങള്‍ക്കാവില്ല. ദക്ഷിണാഫ്രിക്കയിലെ പത്രപ്രവര്‍ത്തകനായ സൈമണ്‍ ആലിസണ്‍ പളളി കത്തിയ ദിവസം ചെയ്ത ട്വീറ്റിലൂടെ ചൂണ്ടിക്കാണ്ടുന്നതും ഈ കാര്യം തന്നെയാണ്: 'ഇന്ന് ഏതാനും മണിക്കൂറില്‍ 65 കോടി യൂറോയാണ് നോത്രദാം പളളി പുതുക്കിപ്പണിയാന്‍ സംഭാവന ചെയ്യപ്പെട്ടത്. ആറ് മാസത്തിനുളളില്‍ വെറും ഒന്നരക്കോടി യൂറോയാണ് ബ്രസീലിലെ കത്തിയമര്‍ന്ന  നാഷണല്‍ മ്യൂസിയം പുന:നിര്‍മ്മിക്കാന്‍ കിട്ടിയത്. ഇതിനെയാണ് വൈറ്റ് പ്രിവിലെജ് എന്ന് അവര്‍ വിളിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.'

click me!