കഷ്ടപ്പെട്ട് ജയില്‍ ചാടിയ കൊടുംക്രിമിനലുകളെ കാട്ടില്‍ ഒളിക്കുന്നതിനിടെ നാട്ടുകാര്‍ തല്ലിക്കൊന്നു!

By Web TeamFirst Published Sep 12, 2022, 8:18 PM IST
Highlights

മേഘാലയയിലെ വനപ്രദേശത്ത് ഒളിവില്‍ കഴിഞ്ഞ തടവുകാരെ ഇരുമ്പു വടികളും വടികളും മറ്റുമായി കുതിച്ചെത്തിയ നൂറുകണക്കിനാളുകള്‍ തല്ലിക്കൊല്ലുകയായിരുന്നു. 


കൊലക്കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതികളായ ആ ആറു പേര്‍ കഴിഞ്ഞ ദിവസമാണ് മേഘാലയയിലെ ജൊവായി ജയിലില്‍നിന്നും തടവുചാടിയത്. ചില ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷപ്പെട്ട ഈ തടവുകാര്‍ തടയാന്‍ വന്ന ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷമാണ് ജയില്‍ കവാടത്തിന് പുറത്തേക്ക് കടന്നത്. തുടര്‍ന്ന്, വെസ്റ്റ് ജയിന്‍തിയ ജില്ലയിലെ വനപ്രദേശമായ ഷാങ്പുങ് ഗ്രാമത്തിലെത്തിയ തടവുകാര്‍ കാട്ടിനുള്ളില്‍ ഒളിച്ചു കഴിഞ്ഞു. രക്ഷപ്പെട്ടുവെന്ന് കരുതി ആശ്വസിച്ച ഈ തടവുകാര്‍ക്ക് എന്നാല്‍ നേരിടേണ്ടി വന്നത് മറ്റൊരു വിധിയായിരുന്നു! 

ഈ ആറ് തടവുകാരില്‍ രണ്ടു പേര്‍ മാത്രമേ ഇപ്പോള്‍ ജീവനോടെ അവശേഷിക്കുന്നുള്ളൂ എന്നാണ് മേഘാലയ ഡിജിപി എല്‍പി ബിഷ്‌നോയി മാധ്യമങ്ങളോട് പറഞ്ഞത്. ആ രണ്ടുപേര്‍ തന്നെ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ല എന്നാണ് ലോക്കല്‍ പൊലീസും പറയുന്നത്. ജയില്‍ചാടി നാട്ടിലേക്ക് രക്ഷപ്പെട്ട ഈ തടവുകാരുടെ സംഘത്തെ ൈകകാര്യം ചെയ്തത് നാട്ടുകാരാണ്. 

ഇരുമ്പു വടികളും വടികളും മറ്റുമായി കുതിച്ചെത്തിയ നൂറുകണക്കിനാളുകള്‍ ഈ തടവുകാരെ തല്ലിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍നിന്ന് ഒരാള്‍ മാത്രം രക്ഷപ്പെട്ടതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട അഞ്ച് തടവുകാരുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും പരിശോധനകള്‍ക്ക് ശേഷം മാത്രമേ ആരൊക്കെ കൊല്ലപ്പെട്ടു എന്നു പറയാനാവൂ എന്നുമാണ് ജയില്‍ അധികൃതര്‍ പറയുന്നത്. 

ഐ ലവ് യൂ താലംഗ്, രമേശ് ഥാക്കര്‍ എന്നീ കുപ്രസിദ്ധ കുറ്റവാളികള്‍ അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ കൊല ചെയ്ത കേസിലാണ് ഇവര്‍ ജയിലഴിക്കുള്ളിലായത്. കവര്‍ച്ച, കൊല, തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗ കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. റികാമെന്‍ലാംഗ് ലാമാര്‍, ഷിദോര്‍കി ധാക്കര്‍, ലോഡ്‌സ്റ്റര്‍ ടാംഗ്, മര്‍സാന്‍കി ദാരംഗ് എന്നീ കുറ്റവാളികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കവര്‍ച്ച കേസുകളിലും കൊലക്കേസുകളിലും പ്രതികളാണ് ഇവര്‍. ഇവരില്‍ മര്‍സാന്‍കി ദാരംഗ് 
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ്. ജയിലില്‍നിന്നും രക്ഷപ്പെട്ടശേഷം മര്‍സാന്‍കി ദാരംഗ് ഒരു ദിശയിലേക്കും മറ്റുള്ളവര്‍ വനമേഖലയിലേക്കും വരികയായിരുന്നു എന്നാണ് ലഭ്യമായ വിവരങ്ങള്‍. 

അഞ്ചു പേരാണ് കാട്ടിനുള്ളില്‍ കഴിഞ്ഞിരുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ ഒരാള്‍ അടുത്തുള്ള ഒരു ചായക്കടയില്‍ പോയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ചായക്കടയില്‍നിന്നും ഇയാളെ ഒരു നാട്ടുകാരന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ ഒരു സംഘം നാട്ടുകാര്‍ കാട്ടിലേക്ക് രഹസ്യമായി തിരിക്കുകയായിരുന്നു. ഇരുമ്പു വടികളും മറ്റുമായി ചെന്ന ആള്‍ക്കൂട്ടം തടവുകാരെ തല്ലിക്കൊല്ലുകയായിരുന്നു. ഇരട്ടക്കൊല കേസില്‍ തടവില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയായ രമേശ് ഥാക്കര്‍ എങ്ങനെയോ ഇതിനിടയില്‍ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

ഇവരെ ജയില്‍ ചാടാന്‍ സഹായിച്ചുവെന്ന് കരുതുന്ന അഞ്ച് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധയേമായി സസ്‌പെന്റ് ചെയ്തതായി ഡിജിപി അറിയിച്ചു. 
 

click me!