4820 കിലോമീറ്റർ കടന്നെത്തിയ ഒരു കുറിപ്പ്, അയച്ച അജ്ഞാതനെ തിരഞ്ഞ് അമ്മയും മകനും, ഒടുവിൽ...

By Web TeamFirst Published Jun 21, 2021, 10:04 AM IST
Highlights

സത്യത്തില്‍ സീന്‍ അങ്ങനെയൊരു കുറിപ്പ് തന്നെ മറന്നുപോയിരുന്നു. അതുകൊണ്ട് തന്നെ മറുപടിയായി മെയില്‍ വരുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ മെയില്‍ പരിശോധിക്കുന്നതും നിര്‍ത്തിയിരുന്നു.

വളരെ വിദൂരമായ രണ്ടിടത്തു താമസിക്കുന്ന രണ്ട് കൗമാരക്കാരെ സുഹൃത്തുക്കളാക്കിയിരിക്കുകയാണ് ഒരു കുപ്പിയും അതിനകത്ത് വച്ചിരുന്ന കുറിപ്പും. 2018 -ൽ കിഴക്കൻ യുഎസ് സംസ്ഥാനമായ റോഡ് ഐലൻഡിൽ അവധിക്കാലം ആഘോഷിക്കവെ 16 -കാരനായ സീൻ സ്മിത്ത് അയച്ചതാണ് ഈ കുറിപ്പ്. കുപ്പിയിലുള്ള കുറിപ്പിലെ സന്ദേശം ഇങ്ങനെ ആയിരുന്നു, 'ഇത് താങ്ക്സ്ഗിവിംഗ് ആണ്. എനിക്ക് 13 വയസ്സുണ്ട്, റോഡ് ഐലൻഡിലെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഈ കുറിപ്പ് അയക്കുന്നത്. ഞാൻ വെർമോണ്ടിൽ നിന്നുള്ളയാളാണ്. ഇതാണ് എന്‍റെ ഈമെയില്‍ വിലാസം. ഈ കുറിപ്പ് കിട്ടിയാല്‍ ബന്ധപ്പെടുമല്ലോ, messageinabottle2018@gmail.com.'

മൂന്നുവര്‍ഷം കടന്നുപോയി. സീൻ സന്ദേശം അയച്ചത് തന്നെ മറന്നും പോയി. അപ്പോഴാണ് 4820 കിലോമീറ്റര്‍ അകലെയുള്ള ഒരിടത്ത് ഒരു പതിനേഴുകാരന്‍ ഈ കുപ്പിയും അതിലടങ്ങിയ സന്ദേശവും കണ്ടെത്തിയത്. അറ്റ്ലാന്റിക് മധ്യത്തിലുള്ള ഒരു പോർച്ചുഗീസ് ദ്വീപസമൂഹമായ അസോറസിലെ, ക്രിസ്റ്റ്യന്‍ സാന്‍റോസ് ആണ് കുറിപ്പ് കണ്ടെത്തിയത്.

കസിനൊപ്പം മീന്‍ പിടിച്ചു കൊണ്ടിരിക്കെയാണ് സാന്‍റോസ് കുപ്പി കാണുന്നത്. അവന്‍ ആ കുപ്പി തുറന്ന് നോക്കിയപ്പോള്‍ അതിനകത്ത് ഒരു കുറിപ്പ് കണ്ടെത്തുകയായിരുന്നു. അസോറസിലേക്ക് വരുന്നതിന് മുമ്പ് സാന്‍റോസ് താമസിച്ചിരുന്നത് മസാച്യുസെറ്റ്സിലായിരുന്നു. അവിടെയാണ് അവന്‍ ജനിച്ചതും. അതിനടുത്ത് നിന്നുമാണ് കുറിപ്പ് അയച്ചിരിക്കുന്നത് എന്ന് അവന് മനസിലായി. അത് അമ്മയ്ക്ക് കാണിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. ശേഷം അമ്മയും മകനും ചേര്‍ന്ന് ആ കുറിപ്പിലെ ഈമെയില്‍ വിലാസത്തിലേക്ക് സന്ദേശം അയക്കാനും തീരുമാനിച്ചു. എന്നാല്‍, മെയില്‍ അയച്ചു കഴിഞ്ഞിട്ടും മറുപടി ഒന്നും ലഭിച്ചില്ല. 

സത്യത്തില്‍ സീന്‍ അങ്ങനെയൊരു കുറിപ്പ് തന്നെ മറന്നുപോയിരുന്നു. അതുകൊണ്ട് തന്നെ മറുപടിയായി മെയില്‍ വരുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ മെയില്‍ പരിശോധിക്കുന്നതും നിര്‍ത്തിയിരുന്നു. മെയിലിന് മറുപടിയൊന്നും കിട്ടാതായപ്പോള്‍ സാന്‍റോസിന്‍റെ അമ്മ കുറിപ്പിന്‍റെ ചിത്രമടക്കം വച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആ സന്ദേശം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. അവനാകെ ഞെട്ടിപ്പോയി. അവനും ബന്ധുക്കളും അയച്ച അനേകം സന്ദേശങ്ങളിലൊന്നായിരുന്നു ആ കുപ്പിയിലേത്. അതിനെ കുറിച്ച് മുഴുവനായും അവന്‍ മറന്നുപോയിരുന്നു. ഏതായാലും കുറിപ്പ് ഒരാൾ കണ്ടെത്തിയെന്നത് അവനെ ആവേശത്തിലാക്കി.

വാര്‍ത്തയ്ക്ക് ശേഷം അവന്‍ സാന്‍റോസുമായി ബന്ധപ്പെട്ടു. ഇനി ഒരിക്കലും താനീ സംഭവം മറക്കില്ല എന്നാണ് സീന്‍ പറയുന്നത്. മാത്രവുമല്ല, സാന്റോസുമായി എക്കാലത്തും നിലനിൽക്കത്തക്കതായ ഒരു ബന്ധവും അവനുണ്ടായിക്കഴിഞ്ഞു. അവരിരുവരും സുഹൃത്തുക്കളായിരിക്കും എന്നാണ് അവൻ പറയുന്നത്. 

click me!