ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ വൈകാൻ എന്താണ് കാരണം?

By Web TeamFirst Published Nov 10, 2020, 3:01 PM IST
Highlights

കഴിഞ്ഞ തിരഞ്ഞെടുപ്പുകൾക്ക് ഇല്ലാതിരുന്ന ഒരു പശ്ചാത്തലം ഇത്തവണ പ്രചാരണം തൊട്ടുതന്നെ നമുക്കൊപ്പമുണ്ട്. അതാണ് കൊവിഡ് പ്രോട്ടോക്കോൾ. 

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(EVM) ഉപയോഗത്തിൽ വന്ന ശേഷം ഇന്നുവരെ നമ്മുടെ നാട്ടിൽ നടന്നിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നമ്മൾ കണ്ടുപോന്നിട്ടുള്ളത്, രാവിലെ വോട്ടെണ്ണൽ തുടങ്ങിയാൽ ഉച്ചയോടെ ഒരു തീരുമാനമാകും എന്നതാണ്. എന്നാൽ, തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി, വോട്ടെണ്ണലിന്റെ കാര്യത്തിൽ, മറ്റൊരു ചിത്രമാണ് 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ഉച്ചതിരിയാറായിട്ടും ഏതാണ്ട് മൂന്നിലൊന്നു വോട്ടുകൾ മാത്രമാണ് എണ്ണിത്തീർന്നിട്ടുള്ളത്. അപ്പോൾ ഉയരുന്ന ചോദ്യം തികച്ചും ന്യായമാണ്. എന്താണ് ഈ അസ്വാഭാവികമായ കാലതാമസത്തിനു പിന്നിലെ കാരണം?

കഴിഞ്ഞ തിരഞ്ഞെടുപ്പുകൾക്ക് ഇല്ലാതിരുന്ന ഒരു പശ്ചാത്തലം ഇത്തവണ പ്രചാരണം തൊട്ടുതന്നെ നമുക്കൊപ്പമുണ്ട്. അതാണ് കൊവിഡ് പ്രോട്ടോക്കോൾ. അത് ഒരു ഒന്നാംതരം ഗതിരോധകമാണ്. അതിന്റെ ഭാഗമായി സർക്കാർ ചെയ്ത ഒരു പരിഷ്‌കാരം ഒരു ബൂത്തിൽ വരുന്ന വോട്ടർമാരുടെ എണ്ണം കുത്തനെ കുറച്ചു എന്നതാണ്. ഇത്തവണ ഒരു ബൂത്തിൽ എത്തിയത് ഏറിയാൽ 1500 മുതൽ 2000 വരെ വോട്ടർമാർ മാത്രമാണ്. അതോടൊപ്പം, സ്വാഭാവികമായി ബൂത്തുകളുടെ എണ്ണവും പലമടങ്ങായി വർധിപ്പിക്കേണ്ടി വന്നു തെരഞ്ഞെടുപ്പ് കമ്മീഷന്. ഈ എന്നതിൽ ഉണ്ടായത് 45 ശതമാനത്തോളം വർധനവാണ്.

2015 -ൽ നടന്ന കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്നത്‌ 73,000 പോളിംഗ് ബൂത്തുകളാണ്. ഇത്തവണ അത് 1.06  ലക്ഷമായി വർധിച്ചു. കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാവുക എന്നതിന്റെ അർഥം കൂടുതൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിയോഗിക്കപ്പെടുക എന്നാണർത്ഥം. 

ഇത്തവണ വോട്ടെണ്ണൽ നടക്കുക്കത് 38 ജില്ലകളിൽ ആയി ഏർപ്പെടുത്തിയിട്ടുള്ള 55 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ്. അവിടെയും കൊവിഡ് പ്രോട്ടോക്കോൾ കാരണം കെട്ടിടത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട് എന്നതുകൊണ്ട് അവിടെ നിയുക്തരായ ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുവന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായി, ഒരു മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വോട്ടിങ് മെഷീനുകളുടെ എണ്ണം ഇത്തവണ കുറവാണ്. അതുകൊണ്ടുതന്നെ വോട്ടെണ്ണലിന്റെ വേഗതയും.

ഇത്രയും പറഞ്ഞതിന്റെ സാമാന്യാർത്ഥം, ഇനിയും ഒരു പക്ഷത്തിനും പ്രതീക്ഷയോ നിരാശയോ ഈ നിമിഷത്തിലും വേണ്ട എന്നുതന്നെയാണ്. ഇനിയങ്ങോട്ടുള്ള വോട്ടുകൾ എണ്ണിത്തീരുന്നതിനനുസരിച്ച് ഇപ്പോഴുള്ള ട്രെൻഡുകൾ മാറി മറിയാം. ഇപ്പോൾ ഉള്ള സീറ്റുനിലകളിലും ഭൂരിപക്ഷങ്ങളിലും ഒക്കെ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആരും ഇപ്പോഴേ പടക്കങ്ങൾ പൊട്ടിക്കാൻ മിനക്കെടേണ്ട. ആരും ലഡുവും വിതരണം ചെയ്യേണ്ട. ഇനിയങ്ങോട്ട് വരും മണിക്കൂറുകളിൽ ഏതു പക്ഷത്തേക്കും മാറാനുള്ള സാധ്യത നിലനിൽക്കുക തന്നെയാണ് ബിഹാറിലെ തെരെഞ്ഞെടുപ്പ് ഫലത്തിൽ.  

click me!