വൃദ്ധസദനത്തിൽ വച്ച് പ്രണയം, താങ്ങായിരിക്കാൻ വിവാഹം, പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച് വൃദ്ധദമ്പതികള്‍

Published : Apr 05, 2022, 11:59 AM IST
വൃദ്ധസദനത്തിൽ വച്ച് പ്രണയം, താങ്ങായിരിക്കാൻ വിവാഹം, പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച് വൃദ്ധദമ്പതികള്‍

Synopsis

രണ്ടാഴ്ച മുമ്പ് സെൻഗുപ്തയ്ക്ക് അസുഖം ബാധിച്ചു. ഇത് അപർണയുടെ ചെവിയിലും എത്തി. അങ്ങനെ അദ്ദേഹത്തെ തേടി അവൾ ചെന്നു. "ഇപ്പോൾ അദ്ദേഹത്തിന് എന്നെ ആവശ്യമുള്ള സമയമാണ്. എനിക്ക് അദ്ദേഹത്തിന്റെ അടുക്കൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. ഞാൻ വാടകവീട്ടിൽ പോയി അദ്ദേഹത്തെ പരിചരിക്കാൻ തുടങ്ങി. അപ്പോഴേക്കും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം എടുക്കാൻ ഞങ്ങൾ പ്രാപ്‌തരായി. ഞങ്ങൾ വിവാഹിതരായി" അപർണ പറഞ്ഞു. 

അവിവാഹിതനായ സുബ്രത സെൻഗുപ്ത(Subrata Sengupta) തന്റെ 70 -കളുടെ മധ്യത്തിലാണ് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഒരു വൃദ്ധസദനത്തിൽ(old age home in Nadia district) എത്തിച്ചേർന്നത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ അവിടെ ചിലവഴിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എന്നാൽ അവിടെ വച്ച് അദ്ദേഹം 65 വയസ്സുള്ള അപർണ ചക്രബർത്തി(Aparna Chakrabarty)യെ കണ്ടുമുട്ടി. അവർ തമ്മിൽ പ്രണയത്തിലായി. ഇപ്പോൾ ആ പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിൽ എത്തി നിൽക്കുകയാണ്. പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് പശ്ചിമ ബംഗാളിലെ ഈ വൃദ്ധ ദമ്പതികൾ.    

രണ്ടുപേരും ഏകാന്തമായ ജീവിതം ഉപേക്ഷിച്ച് ഇപ്പോൾ ഒരുമിച്ച് ജീവിക്കുന്നു. സുബ്രത സെൻഗുപ്ത നേരത്തെ അപർണയോട് തന്റെ പ്രണയം തുറന്ന് പറഞ്ഞിരുന്നെങ്കിലും, സമൂഹത്തെ ഭയന്ന് അന്ന് അവർ ആ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം അവരുടെ മനസ്സ് മാറി. അവർ കാമുകന്റെ പ്രണയത്തെ അംഗീകരിക്കുകയും, വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. പ്രായം ഇത്രയായെങ്കിലും, ഇത് അവരുടെ ആദ്യ വിവാഹമാണ്.

"ഞാൻ എന്റെ സഹോദരന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. റാണാഘട്ട് സബ് ഡിവിഷനിലെ ചക്ദായിലാണ് സഹോദരന്റെ വീട്. എന്നാൽ, പിന്നീട് ഞാൻ അവർക്കൊരു ഭാരമായി തോന്നി. അങ്ങനെ രണ്ട് വർഷം മുമ്പ് എന്റെ കുടുംബം ഉപേക്ഷിച്ച് ഞാൻ ഇവിടെ വന്നു. എന്റെ ജീവിതകാലം മുഴുവൻ റാണാഘട്ടിലെ വൃദ്ധസദനത്തിൽ ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു." സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് വിരമിച്ച ജീവനക്കാരനായ സെൻഗുപ്ത പറഞ്ഞു. എന്നാൽ അവിടെ വച്ച് ആദ്യമായി അപർണയെ കണ്ടപ്പോൾ, അദ്ദേഹത്തിന് പുതിയൊരു പ്രതീക്ഷ കൈവന്നു. അവളോടൊപ്പം തന്റെ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കാൻ സെൻഗുപ്ത തീരുമാനിച്ചു. അങ്ങനെ അവർ ഒരു പുതിയ യാത്ര ആരംഭിക്കാൻ തീരുമാനിച്ചു.

അപർണ കൊൽക്കത്തയിലെ ഒരു പ്രൊഫസറുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. അഞ്ച് വർഷം മുമ്പ് ജോലി ഉപേക്ഷിക്കാൻ അവർ നിർബന്ധിതയായി. തുടർന്ന് തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങാൻ അവർ ആഗ്രഹിച്ചു. പക്ഷേ, ബന്ധുക്കൾ അവരെ സ്വീകരിക്കാൻ വിസമ്മതിച്ചു. തുടർന്ന് കൈയിലുള്ള സമ്പാദ്യം ഉപയോഗിച്ച് അവർ വൃദ്ധസദനത്തിൽ എത്തി. "എന്റെ അവസാന ശ്വാസം വരെ ഈ സ്ഥലം എന്റെ അഭയകേന്ദ്രമായിരുക്കുമെന്ന് ഞാൻ തീരുമാനിച്ചു" അപർണ പറഞ്ഞു. അപ്പോഴാണ് സെൻഗുപ്ത അവരെ പ്രൊപ്പോസ് ചെയ്തത്. എന്നാൽ, അപർണ അപ്പോൾ അതിന് സമ്മതിച്ചില്ല. "അവൾ എന്റെ ആഗ്രഹം നിരസിച്ചു. തകർന്ന ഹൃദയത്തോടെ, ഞാൻ അവിടം വിടാൻ തീരുമാനിച്ചു. അടുത്തുള്ള ഒരു വാടക വീട്ടിൽ താമസം തുടങ്ങി" സെൻഗുപ്ത അനുസ്മരിച്ചു.

രണ്ടാഴ്ച മുമ്പ് സെൻഗുപ്തയ്ക്ക് അസുഖം ബാധിച്ചു. ഇത് അപർണയുടെ ചെവിയിലും എത്തി. അങ്ങനെ അദ്ദേഹത്തെ തേടി അവൾ ചെന്നു. "ഇപ്പോൾ അദ്ദേഹത്തിന് എന്നെ ആവശ്യമുള്ള സമയമാണ്. എനിക്ക് അദ്ദേഹത്തിന്റെ അടുക്കൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. ഞാൻ വാടകവീട്ടിൽ പോയി അദ്ദേഹത്തെ പരിചരിക്കാൻ തുടങ്ങി. അപ്പോഴേക്കും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം എടുക്കാൻ ഞങ്ങൾ പ്രാപ്‌തരായി. ഞങ്ങൾ വിവാഹിതരായി" അപർണ പറഞ്ഞു. "2019 -ൽ അദ്ദേഹത്തിന്റെ സ്നേഹം നിരസിച്ചപ്പോൾ ഞാൻ ഉള്ളുകൊണ്ട് കരയുകയായിരുന്നു. ഇത് എന്റെ ജീവിതം എനിക്ക് നൽകിയ ഏറ്റവും മനോഹരമായ സമ്മാനമാണ്" അവർ കൂട്ടിച്ചേർത്തു.  

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്