
എല്ലാ യുദ്ധങ്ങളിലും ഏറ്റവും എളുപ്പത്തില്‍ ഉന്നംവെക്കപ്പെടുന്ന ഇരകള്‍ സ്ത്രീകളാണ്. കരയിലും ആകാശത്തിലും കടലിലും നിന്ന് റഷ്യന്‍ സൈന്യം ആറാഴ്ചകളായി ആക്രമണം തുടരുന്ന യുക്രൈനിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ റഷ്യന്‍ സൈന്യം ബലാല്‍സംഗം ചെയ്യുന്നതിന്റെ ഫോണ്‍ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം യുക്രൈന്‍ സൈന്യം പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെ, ഇന്ന് ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഒരു യുക്രൈന്‍ എംപി ട്വിറ്ററിലൂടെ ഉന്നയിച്ചു.
യുക്രൈന്‍ പാര്‍ലമെന്റ് അംഗമായ ലെസിയ വാസിലേന്‍ക് ആണ് ചിത്രങ്ങള്‍ സഹിതം റഷ്യന്‍ സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. പത്തു വയസ്സുള്ള പെണ്‍കുട്ടികളെ പോലും റഷ്യന്‍ സൈന്യം വെറുതെ വിടുന്നില്ലെന്ന് ലെസിയ ട്വീറ്റ് ചെയ്തു.
റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ കൊള്ളയടിയും ബലാല്‍സംഗവുമായി അഴിഞ്ഞാടുകയാണെന്ന് ലെസിയ ആരോപിച്ചു. പത്തു വയസ്സു പ്രായമുള്ള പെണ്‍കുട്ടികളെ പോലും അവര്‍ ബലാല്‍സംഗം ചെയ്യുന്നു. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പല പെണ്‍കുട്ടികളുടെയും ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. പല സ്ത്രീകളുടെയും ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചതിന്റെയും മറ്റും അടയാളങ്ങളുണ്ടെന്നും യുക്രൈന്‍ എം പി പറഞ്ഞു. സ്വസ്തികയുടെ ആകൃതിയിലുള്ള പൊള്ളലുകളും സ്ത്രീകളുടെ ദേഹത്ത് കണ്ടെത്തി. ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട ശേഷം കൊന്നുകളഞ്ഞ ഒരു സ്ത്രീയുടെ ഫോട്ടോയും അവര്‍ ട്വീറ്റ് ചെയ്തു.
റഷ്യന്‍ സൈനികര്‍ നാട്ടിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നടത്തുന്ന റേഡിയോ സംഭാഷണങ്ങള്‍ പിടിച്ചെടുത്ത യുക്രൈന്‍ അധികൃതര്‍ കൗമാരക്കാര്‍ പോലും ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന വിവരം പുറത്തുവിട്ടിരുന്നു. രണ്ട് സംഭാഷണങ്ങളാണ് യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടത്.
രണ്ട് റഷ്യന്‍ സൈനികര്‍ നാട്ടിലുള്ളവരുമായി നടത്തുന്ന ഫോണ്‍ സംഭാഷണമാണ് ഇതിലുള്ളത്. ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോഴാണ്, മൂന്ന് ടാങ്കര്‍മാര്‍ ചേര്‍ന്ന് യുക്രൈനിലെ കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തതായി ഇതിലൊരു റഷ്യന്‍ സൈനികന്‍ വെളിപ്പെടുത്തുന്നത്. 'ഇവിടെയുള്ള മൂന്ന് ടാങ്കര്‍മാര്‍ ചേര്‍ന്ന് ഒരു കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തു'' എന്നാണ് റഷ്യന്‍ ഭാഷയില്‍ ഈ സൈനികന്‍ പറയുന്നത്. ആരാണത് ചെയ്തത് എന്ന് അപ്പുറത്തുനിന്നും ചോദ്യം വന്നപ്പോഴാണ്, നമ്മുടെ സൈനികരാണെന്ന് റഷ്യന്‍ സൈനികന്‍ പറയുന്നതെന്ന് ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതോടൊപ്പം പുറത്തുവന്ന മറ്റൊരു വോയിസ് ക്ലിപ്പില്‍ ഭക്ഷണം കിട്ടാതെ വളര്‍ത്തുപട്ടികളെപോലും പിടിച്ച് കൊന്നുതിന്നുന്ന കാര്യം മറ്റൊരു റഷ്യന്‍ സൈനികന്‍ സമ്മതിക്കുന്നത്.
ഇങ്ങനെയാണ് ആ സംഭാഷണം:
''നിങ്ങള്‍ ഭക്ഷണമെല്ലാം നന്നായി കഴിക്കുന്നുണ്ടോ?'' എന്നാണ് അപ്പുറത്തുനിന്നും ഒരാള്‍ ചോദിക്കുന്നത്.
''കുഴപ്പമില്ല'' എന്നാണ് റഷ്യന്‍ സൈനികന്‍ മറുപടി നല്‍കുന്നത്. ഇന്നലെ തങ്ങള്‍ പട്ടിയെ തിന്നതായി റഷ്യന്‍ സൈനികന്‍ കൂട്ടിച്ചേര്‍ക്കുന്നു. പട്ടികളെയോ എന്ന് അപ്പുറത്തുള്ളയാള്‍ ആശ്ചര്യം പ്രകടിപ്പിക്കുമ്പോള്‍, അതെ എന്നും ഇറച്ചി കിട്ടാന്‍ വഴിയില്ലെന്നും റഷ്യന്‍ സൈനികന്‍ പറയുന്നു. നിങ്ങള്‍ക്ക് കഴിക്കാന്‍ മറ്റൊന്നുമില്ലേ എന്ന ചോദ്യത്തിന്, ഭക്ഷണം ഉണ്ടെങ്കിലും, അതൊന്നിനും കൊള്ളില്ലെന്ന് ഇയാള്‍ വിശദീകരിക്കുന്നതും വോയിസ് ക്ലിപ്പില്‍ കേള്‍ക്കാം.
യുക്രൈനിയന്‍ സെക്യൂരിറ്റി സര്‍വീസസാണ് ഈ ഓഡിയോ പുറത്തുവിട്ടിരുന്നത്. എങ്കിലും, റഷ്യന്‍ സൈന്യത്തിന് എതിരെ രൂക്ഷമായ വിമര്‍ശനത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്.