സ്ത്രീകളും കുട്ടികളുമടക്കം ഒമ്പതുപേരെ ജീവനോടെ ചുട്ടെരിച്ച് മെക്സിക്കൻ മാഫിയ, അമേരിക്കൻ മോർമണുകൾ ഭീതിയിൽ

By Web TeamFirst Published Nov 6, 2019, 6:21 PM IST
Highlights

 വെടിയേറ്റു കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ ക്രിസ്റ്റീന തന്റെ ഏഴുമാസം പ്രായമുള്ള മകൾ ഫെയ്‌ത്തിനെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് അവളുടെ ജീവൻ കെടാതെ കാക്കുകയായിരുന്നു. 

അമേരിക്കയിലെ  ക്രിസ്ത്യാനികൾക്കിടയിൽ ബഹുഭാര്യാത്വത്തിൽ വിശ്വസിക്കുന്ന ഒരു പ്രത്യേക യാഥാസ്ഥിതിക വിഭാഗകമാണ് മോർമണുകൾ. അമേരിക്കയിലെ പല സ്റ്റേറ്റുകളിലും പോളിഗമി നിരോധിക്കപ്പെട്ടപ്പോൾ തങ്ങളുടെ മതവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മെക്സിക്കോയുമായി അടുത്തുകിടക്കുന അതിർത്തി സംസ്ഥാനമായ നോർത്ത് ഡക്കോട്ടയിലെത്തി അവിടത്തെ  എണ്ണക്കിണറുകളിലും മറ്റും തൊഴിലെടുത്തും ബിസിനസ് സ്ഥാപനങ്ങൾ നടത്തിയും മറ്റും കഴിഞ്ഞുകൂടുന്ന ഒരു മോർമൺ കുടുംബമാണ് ലേ'ബറോൺ കുടുംബം. അവർക്ക് അമേരിക്കയുടെയും മെക്സിക്കോയുടെയും പൗരത്വങ്ങൾ ഒരേസമയമുണ്ട്.  1940 -കളിൽ ഡക്കോട്ടയിലേക്ക് കുടിയേറിയതാണവർ. വിവാഹങ്ങൾക്കും മറ്റുമായി ഇടയ്ക്കിടെ അതിർത്തി കടന്ന് മെക്സിക്കോയിലേക്ക് പോവാറുള്ള ഈ കുടുംബത്തിൽ സ്വതവേ കുഞ്ഞുങ്ങളുടെ എണ്ണവും ഏറെ അധികമാണ്. പരമ്പരാഗത ക്രിസ്ത്യൻ വിശ്വാസങ്ങളിൽ നിന്ന് വ്യതിചലിച്ചുപോയവരാണ് മോർമണുകൾ. അവർക്ക് ഓർത്തഡോക്സ് ചർച്ചകളുമായി വിശേഷിച്ചു ബന്ധങ്ങളൊന്നുമില്ല.   

എവിടെവെച്ച് എങ്ങനെയായിരുന്നു ആക്രമണം ? 

 കൊല്ലപ്പെട്ടവരിൽ ഒരാളായ റോണിതാ ലേ'ബറോൺ ഫീനിക്സിലേക്ക് പോവുകയായിരുന്നു. അവിടെയാണ് അവരുടെ ഭർത്താവ് ജോലിചെയ്തിരുന്നത്. തിരിച്ചുവന്ന് അവർ തങ്ങളുടെ വിവാഹവാർഷികവും ആഘോഷിക്കാനിരിക്കുകയായിരുന്നു. അവരുടെ കാറിന്റെ ടയർ ഇടക്കുവെച്ച് പഞ്ചറായി.  തിരികെ വന്നു മറ്റൊരു കാർ സംഘടിപ്പിച്ച് അതിൽ മാറ്റുരണ്ടു വണ്ടികൾക്ക് ഏതാനും മൈൽ പിന്നാലെയായാണ് റോണിത തന്റെ കാറിൽ പിള്ളേരുടെ സഞ്ചരിച്ചുകൊണ്ടിരുന്നത്. അതിനിടെയായിരുന്നു വെടിയുണ്ടകൾ വന്ന് ആ കാറിനെ മൂടിയത്. വന്ന കൂട്ടത്തിൽ ഒരു വെടിയുണ്ട കാറിന്റെ പെട്രോൾ ടാങ്കിലും ഏറ്റു. പിന്നെ അവിടെ നടന്നത് ഒരു വിസ്ഫോടനമായിരുന്നു. നിമിഷനേരം കൊണ്ട് ആ എസ്‌യുവിയെ അഗ്നിനാളങ്ങൾ വിഴുങ്ങി. വെടിയേൽക്കാതെ ആ കാറിനുള്ളിൽ അവശേഷയ്ച്ച അവരുടെ നാല് കുട്ടികൾ :  പതിനൊന്നുകാരനായ മകൻ, ഒമ്പതുവയസ്സുള്ള മകൾ, ഒരുവയസ്സിൽ താഴെ മാത്രം പ്രായമുള്ള രണ്ട് ഇരട്ടക്കുട്ടികൾ എന്നിവർ കാറിനുള്ളിൽ ജീവനോടെ വെന്തുമരിച്ചു. 

മൂന്ന് എസ്‌യുവികളിൽ ആയിരുന്നു ആ വിവാഹപ്പാർട്ടി സഞ്ചരിച്ചിരുന്നത്. സെനോറ സ്റ്റേറ്റിലെ ആലാ മോറയിൽ നിന്ന്, ചിഹ്വാഹാ സ്റ്റേറ്റിലെ കൊളോണിയാ ലേ'ബറോണിലേക്ക് പോവുകയായിരുന്നു ആ കോൺവോയ്. സംഘത്തിൽ കുട്ടികളടക്കം പതിനേഴുപേരുണ്ടായിരുന്നു. കാറിൽ കുടുങ്ങിപ്പോയവർക്ക് വേണ്ടി മറ്റൊരു കാർ എടുക്കാൻ തിരിച്ചുപോയ മറ്റുരണ്ടു കാറുകളും, വെറും എട്ടുമൈൽ അപ്പുറം വെച്ച് ആക്രമിക്കപ്പെട്ടു. അവിടെയും രണ്ടു സ്ത്രീകൾക്ക് ജീവൻ നഷ്ടമായി. ഒപ്പം, നാലുവയസ്സുള്ളൊരു ആൺകുട്ടി, ആറുവയസ്സുള്ളൊരു പെൺകുട്ടി എന്നിവരും കൊല്ലപ്പെട്ടു. ആകെ ഒമ്പതുപേർക്ക് ജീവൻ നഷ്ടപ്പെട്ടു ഈ ആക്രമണത്തിൽ. 

പ്രാഥമികമായ അന്വേഷണങ്ങൾക്കൊടുവിൽ സംശയം നീളുന്നത് പ്രദേശത്ത് സജീവമായ സിനലോറ ഗാങിന് നേരെയാണ്. മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് രാജാവായ എൽ ചാപോയുടെ അതേ സിനലോറാ ഗാങ്ങ്. അവരും മറ്റുള്ള പ്രാദേശിക  ഗ്യാങ്ങുകളും തമ്മിലുള്ള ശത്രുതയ്ക്കിടെ ആളുമാറി വെടിവെച്ചു കൊന്നതാണോ ഈ കുടുംബത്തെ എന്ന സംശയത്തിലാണ് ലോക്കൽ പോലീസ് ഇപ്പോൾ. എന്നാൽ ലേ'ബറോൺ കുടുംബത്തിലുള്ള ഒന്നിലധികം പേർ ഇതിനു മുമ്പും മയക്കുമരുന്ന് വ്യാപാരമടക്കമുള്ള കുറ്റകൃത്യങ്ങളോടുള്ള അവരുടെ നിഷേധാത്മക നിലപാടുകാരണം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും അവർ ഓർക്കുന്നുണ്ട്. വിശദമായ അന്വേഷണങ്ങൾക്ക് ഒടുവിൽ മാത്രമാണ് കൃത്യമായ എന്തെങ്കിലും നിഗമനത്തിൽ എത്താനാകൂ എന്ന് പോലീസ് പറയുന്നു. ലേ'ബറോൺ  കുടുംബം സഞ്ചരിച്ചിരുന്ന എസ്‌യുവി കോൺവോയ് വരുന്നത് കണ്ടപ്പോൾ ശത്രു സംഘമാണ് എന്ന തെറ്റിദ്ധാരണയിൽ കൊന്നതാകാം എന്ന് പോലീസ് പറയുന്നു. 

ഈ പുതിയ ആക്രമണങ്ങളുടെ വെളിച്ചത്തിൽ അമേരിക്കൻ,മെക്സിക്കൻ സർക്കാരുകൾ ഒത്തുപിടിച്ച് ഇത്തരത്തിലുള്ള മയക്കുമരുന്ന് സംഘങ്ങളെ നിർമാർജ്ജനം ചെയ്യണം എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. " ശക്തമായ സായുധസംഗങ്ങളുടെ പിൻബലമുള്ള ഇത്തരത്തിലുള്ള കാർട്ടലുകളെ ഇല്ലായ്മ ചെയ്യാൻ ചിലപ്പോൾ 
പട്ടാളങ്ങളുടെ ആവശ്യം വന്നേക്കാം എന്നും ട്രംപ് സൂചിപ്പിച്ചു. 

ഈ അക്രമണങ്ങൾക്കിടെ ഏഴുകുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പലരും വണ്ടിയിൽ നിന്ന് ഇറങ്ങിയോടി സമീപത്തുള്ള പൊന്തക്കാടുകളിൽ ഒളിച്ചിരുന്നും, പിന്നീട്  കിലോമീറ്ററുകളോളം നടന്നു ചെന്ന് സഹായം തേടിയുമാണ് രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് യന്ത്രത്തോക്കുകൊണ്ടുള്ള വെടിയേറ്റാണ് ഒരു കുട്ടി മരിക്കുന്നത്. കൈകൾ രണ്ടും മുകളിലേക്കുയർത്തി, 'കൊല്ലരുതേ' എന്നപേക്ഷിച്ച ഒരമ്മയുടെ നെഞ്ചിലേക്ക് അവർ യന്ത്രത്തോക്കിനാൽ വെടിയുണ്ടകൾ നിറച്ചു. ഒരു കുട്ടി, പരിക്കേറ്റ തന്റെ സഹോദരങ്ങളെ ഒരു പൊന്തക്കാട്ടിൽ ഒളിപ്പിച്ച് അടുത്തുള്ള ടൌൺ വരെ ഓടിച്ചെന്നു സഹായം തേടുകയായിരുന്നു. രക്ഷപ്പെട്ട പല കുട്ടികൾക്കും ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. വെടിയേറ്റു കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ ക്രിസ്റ്റീന തന്റെ ഏഴുമാസം പ്രായമുള്ള മകൾ ഫെയ്‌ത്തിനെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് അവളുടെ ജീവൻ കെടാതെ കാക്കുകയായിരുന്നു. 

സംഘത്തിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടാതെ ബാക്കിയുള്ളവരിൽ ചിലരെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നതിനാൽ  മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. മെക്സിക്കോയിലെ  ചെളിനിറഞ്ഞ ആ ഓഫ് റോഡ് പാതയിൽ വെച്ച് ഇങ്ങനെ പിഞ്ചുകുട്ടികളെയും സ്ത്രീകളെയുമൊക്കെ വെടിവെച്ച് നിഷ്കരുണം കൊന്നുകളഞ്ഞത് എന്തിന്റെ പേരിലാണ് എന്നത് മാത്രമാണ് ഇനിയും വ്യക്തമാക്കാതെ തുടരുന്നത്. 


 

click me!