എന്താണ് വാരണാസിയിലെ മാസ്ക് ധരിച്ച ദൈവങ്ങളുടെ രഹസ്യം?

Published : Nov 06, 2019, 03:53 PM ISTUpdated : Nov 06, 2019, 03:58 PM IST
എന്താണ് വാരണാസിയിലെ മാസ്ക് ധരിച്ച ദൈവങ്ങളുടെ രഹസ്യം?

Synopsis

ദൈവങ്ങൾക്ക് പോലും ഈ പൊടിയും, പുകയുമെല്ലാം അസഹ്യമായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. ചുരുങ്ങിയത്, വാരാണസിയിലെ ഭോലേനാഥ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ വെച്ചിരിക്കുന്ന വിഗ്രഹങ്ങളുടെ ഫോട്ടോ സൂചിപ്പിക്കുന്നത് അതാണ്.   

ഉത്തരേന്ത്യയിൽ കടുത്ത വായുമലിനീകരണത്തിന്റെ കാലമാണ്. അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന പൊടി, പുക. പുണ്യതീർത്ഥങ്ങളിലെ ജലോപരിതലത്തിൽ തങ്ങിനിൽക്കുന്ന പത.  മലിനീകരണ നിയന്ത്രണബോർഡിന്റെ ദൈനംദിന അളവുകണക്കുകൾ സൂചിപ്പിക്കുന്നതും റെക്കോർഡിട്ടു എന്നുതന്നെയാണ്. എല്ലാം, അന്തരീക്ഷം എത്രകണ്ട് ജീവയോഗ്യമല്ലാതായിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ, മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ മനുഷ്യരിൽ ഒതുങ്ങി നിൽക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ദൈവങ്ങൾക്ക് പോലും ഈ പൊടിയും, പുകയുമെല്ലാം അസഹ്യമായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. ചുരുങ്ങിയത്, വാരാണസിയിലെ ഭോലേനാഥ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ വെച്ചിരിക്കുന്ന വിഗ്രഹങ്ങളുടെ ഫോട്ടോ സൂചിപ്പിക്കുന്നത് അതാണ്. 

വാരണാസിയിലെ സിഗ്രയിലുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശിവപാർവതീ ക്ഷേത്രം. ശിവനും, ദുർഗയ്ക്കും, കാളീദേവിക്കും എല്ലാം
കറുപ്പും വെളുപ്പും നിറങ്ങളിലുള്ള തുണികൊണ്ടുള്ള മാസ്കുകൾ ധരിപ്പിച്ചിട്ടുണ്ട് അമ്പലത്തിലെ ശാന്തിക്കാർ. അമ്പലത്തിലെ മുഖ്യ പൂജാരി ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്, "ശൈത്യകാലത്ത് പല ക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾക്ക് കമ്പിളിപ്പട്ടുകൊണ്ടുള്ള അംഗവസ്ത്രങ്ങൾ ധരിപ്പിക്കാറുണ്ട്. അപ്പോൾ പിന്നെ വായുമലിനീകരണം അമിതമായ ഈ കാലത്ത് മുഖത്ത് മാസ്ക് ധരിപ്പിക്കുന്നതിൽ ഇത്ര അതിശയപ്പെടാനെന്തിരിക്കുന്നു..?"  എന്നാണ്. അമ്പലത്തിൽ മുടങ്ങാതെ ദർശനം നടത്തുന്ന പല വിശ്വാസികളും ദൈവങ്ങളുടെ പാത പിന്തുടർന്ന് മാസ്കുകൾ ധരിച്ചു നടക്കാൻ തുടങ്ങിയെന്നും, അത് വിശ്വാസികളുടെ ആരോഗ്യം വർധിപ്പിക്കും എന്ന നിലയ്ക്ക് സമൂഹത്തിന് തന്നെ നല്ലതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

 

പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിക്കാർ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധസൂചകമായി കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ അവശേഷിക്കുന്ന കച്ചിക്കുറ്റികൾക്ക് തീയിടുന്നതാണ് അന്തരീക്ഷമലിനീകരണം ഇത്രയും വർധിപ്പിച്ചത് എന്ന ആക്ഷേപമുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ സബ്‌സിഡി തുക തങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും വരെ തങ്ങൾ കച്ചിക്ക് തീയിടൽ തുടരും എന്ന് കിസാൻ യൂണിയനുകളും ഭീഷണി മുഴക്കുന്നുണ്ട്. ചൊവ്വാഴ്ചയായപ്പോഴേക്കും  ഞായറാഴ്ച കത്തിച്ചതിന്റെ രണ്ടിരട്ടി പാടങ്ങളിൽ കർഷകർ കച്ചിക്ക് തീക്കൊളുത്തിയിട്ടുണ്ട്. ശക്തമായ കാറ്റ് ഈ പുക അടിച്ചുകൂടെക്കൊണ്ടുപോയി ദില്ലിയും കടന്ന് ആ പുകയെ ഇപ്പോൾ വാരാണസിവരെ എത്തിച്ചിരിക്കുകയാണ് എന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം