
പാവകൾക്ക് കിടക്കാൻ സ്വന്തമായി മിനി കിടക്കകളും ധരിക്കാൻ പൈജാമകളും നൽകുന്ന ഒരു ജാപ്പനീസ് ഹോട്ടലാണ് ഇപ്പോൾ വാർത്തയാവുന്നത്. അതെ, ഈ ഹോട്ടലിൽ നിങ്ങളുടെ കളിപ്പാട്ടങ്ങൾക്ക് വേറെത്തന്നെ കിടക്കാൻ കുഞ്ഞുകിടക്കകളും ധരിക്കാൻ പൈജാമയും കിട്ടും.
ജൂൺ 25 -നാണ്, ജാപ്പനീസ് ഹോട്ടൽ ശൃംഖലയായ ടൊയോക്കോ ഇൻ തങ്ങളുടെ ഈ പുതിയ സേവനം കസ്റ്റമേഴ്സിനായി അവതരിപ്പിക്കുന്നത്. അധികമായി 300 യെൻ അതായത് ഏകദേശം 300 രൂപ നൽകിയാൽ അതിഥികൾക്ക് അവരുടെ താമസ സമയത്ത് അവരുടെ കളിപ്പാട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനായി ഒരു മിനിയേച്ചർ കിടക്കയും കളിപ്പാട്ടങ്ങളുടെ വലുപ്പത്തിലുള്ള പൈജാമയും ലഭിക്കും.
ടൊയോക്കോ ഇന്നിന്റെ ഒരു പ്രതിനിധി പറഞ്ഞത്, താൻ പലപ്പോഴും ഇത്തരം പാവകളുമായിട്ടാണ് യാത്ര ചെയ്യുന്നത് അതുകൊണ്ട് ഈ ഓഫർ ജെൻ സി യാത്രക്കാരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ്. അവരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ്. അതിനാൽ തന്നെ മറ്റ് പ്രദേശങ്ങളിൽ ഉള്ള തങ്ങളുടെ ഹോട്ടലുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ പല യുവാക്കളും ഇത്തരം കളിപ്പാട്ടങ്ങളുമായി യാത്ര ചെയ്യുക, അവയെ അണിയിച്ചൊരുക്കുക, യാത്രയിലെ എല്ലാ കാര്യങ്ങളിലും അവയെ ഉൾപ്പെടുത്തുക എന്നതൊക്കെ ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരാണ്. മിക്കവാറും ആളുകളുടെ സുതാര്യമായ ബാക്ക്പാക്കുകളിൽ ഈ പാവകളെ കാണാം. ചിലരാകട്ടെ ഈ പാവകളെ കയ്യിൽ തന്നെ പിടിച്ചാണ് നടക്കുന്നത്.
റെസ്റ്റോറന്റുകളിലും ബുള്ളറ്റ് ട്രെയിനുകളിലും ഹോട്ടൽ ബെഡ്ഡുകളിലും ഒക്കെ ഈ പാവയുമായി ആളുകളിരിക്കുന്നതിന്റെ ചിത്രങ്ങൾ മിക്കവാറും പ്രത്യക്ഷപ്പെടാറുണ്ട്. മിക്കവാറും സുഹൃത്തുക്കളെയോ കുട്ടികളെയോ ഒക്കെ പോലെ തന്നെയാണ് ഈ പാവകളെ മിക്കവരും കാണുന്നത്.
എന്തായാലും, യാത്രകളിൽ തങ്ങളുടെ പ്രിയപ്പെട്ട സ്റ്റഫ്‍ഡ് ടോയ്സുമായി പോകുന്ന ആളുകൾക്ക് ഹോട്ടലിന്റെ ഈ പുതിയ ഫീച്ചർ അങ്ങ് ഇഷ്ടപ്പെട്ടു എന്നാണ് മനസിലാകുന്നത്.