ജനസംഖ്യാ ദിനം; ഭാരം കൂടുന്ന ഏഷ്യന്‍ മേഖല ഉയർത്തുന്ന ആശങ്കകൾ

Published : Jul 11, 2025, 01:51 PM IST
Bangladesh

Synopsis

നാൾക്ക് നാൾ ജനസംഖ്യാ വര്‍ദ്ധനവാണ്. അതും ഭൂമിയുടെ ഒരു പ്രത്യേക പ്രദേശത്ത് ജനസംഖ്യ ഏകീകരിക്കപ്പെടുന്നെന്ന് കണക്കുകൾ കാണിക്കുന്നു. ഇത് ഉയര്‍ത്തുന്ന ആശങ്ക ചില്ലറയല്ല. 

ലോകമൊരു മൂന്നാം ലോക മഹായുദ്ധത്തിന്‍റെ വക്കിലാണോയെന്ന ആശങ്കകൾക്കിടെ മറ്റൊരു ലോക ജനസംഖ്യാ ദിനം കൂടി കടന്ന് പോകുന്നു. ഇത്തവണത്തെ ലോക ജനസംഖ്യാ ദിനത്തിൽ യുവതയുടെ സംരക്ഷണവും ശാക്തീകരണവുമാണ് യുഎന്‍ ലക്ഷ്യം വയ്ക്കുന്നത്. 'നീതിയും പ്രത്യാശയും നിറഞ്ഞ ലോകത്ത് യുവാക്കൾ ആഗ്രഹിക്കുന്നത് പോലെ കുടുംബങ്ങളെ സൃഷ്ടിക്കുന്നതിനായി അവരെ ശാക്തീകരിക്കുക.' എന്നതാണ് ഇത്തവണത്തെ യുഎന്നിന്‍റെ ജനസംഖ്യാ ദിന പ്രമേയം. അതേസമയം പലസ്തീനിലും യുക്രൈനിലും സിറിയയിലും അഫ്ഗാനിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും യുവതയും കൗമാരവും കുട്ടികളും വലിയ ദുരന്തമാണ് മുന്നില്‍ കാണുന്നതെന്നത്.

യൂറോപ്പും യുഎസിലും ജപ്പാനിലും റഷ്യയിലും ചൈനയിലും ജനസംഖ്യാ വര്‍ദ്ധനവില്‍ വലിയ കുറവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയത്. എന്നാല്‍ ലോകം മൊത്തത്തില്‍ ജനപ്പെരുപ്പം വര്‍ദ്ധിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ ലോക ജനസംഖ്യയുടെ 16 ശതമാനം മാത്രമാണ് യുവജനത. യുവാക്കളുടെ എണ്ണത്തിലെ ഈ കുറവാണ് ഇത്തവണ യുവത്വത്തിന് പ്രധാന്യം നല്‍കാന്‍ ഐക്യരാഷ്ട്ര സഭയെ പ്രേരിപ്പിച്ചത്. 2025 ഓടെ ലോകജനസംഖ്യ 823 കോടികവിയുമെന്നാണ് കണക്കുകൂട്ടലുകള്‍.

1987 ജൂലൈ 11 -ന് ലോക ജനസംഖ്യ 500 കോടിയിലെത്തിയത് വലിയ ആശങ്കയായിരുന്നു അന്ന് സമ്മാനിച്ചത്. ഈ ആശങ്കയില്‍ നിന്നാണ് ജൂലൈ 11 എല്ലാ വര്‍ഷവും ലോകജനസംഖ്യാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തെരഞ്ഞെടുത്തത്. ലിംഗ സമത്വം, കുടുംബാസൂത്രണം സുസ്ഥിര വികസനം എന്നിവയും ഇത്തവണത്തെ ലോക ജനസംഖ്യാ പ്രമേയങ്ങളായി യുഎന്‍ അംഗീകരിക്കുന്നു. ഒപ്പം സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിന് വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കും യുഎന്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു.

ഭാരം കൂടുന്ന ഏഷ്യന്‍ മേഖല

2023 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 143.81 കോടി ജനങ്ങളാണ് ഉള്ളത്. ചൈനയിലാകട്ടെ 141.07 കോടിയും. ലോകജനസംഖ്യയിലെ ഒന്നും രണ്ടും സ്ഥാനങ്ങളുള്ളത് ഏഷ്യയില്‍. മൂന്നാം സ്ഥാനത്തുള്ള യുഎസിനെ മാറ്റിനിര്‍ത്തിയാൽ നാലാമതുള്ള ഇന്തോനേഷ്യയും (28.12 കോടി) അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാനും (24.75 കോടി) എട്ടാമതുള്ള ബംഗ്ലാദേശും (17.15 കോടി) (ആറും ഏഴും യഥാക്രമം നൈജീരിയ, ബ്രസീല്‍) ഏഷ്യന്‍ രാജ്യങ്ങളാണ്. ഈ ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്ത് റഷ്യയും പത്താം സ്ഥാനത്ത് മെക്സിക്കോയുമാണ്. അതായത്, കണക്ക് പ്രകാരം ലോകത്തുള്ള ഏറ്റവും ജനസംഖ്യ കൂടിയ ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ അഞ്ച് രാജ്യങ്ങൾ ഏഷ്യന്‍ രാജ്യങ്ങളാണെന്ന് കാണാം. ലോകത്ത് ആകെയുള്ള 823 കോടി ജനങ്ങളില്‍ 354.9 കോടി ജനങ്ങളെയും ഉൾക്കൊള്ളുന്നത് ഈ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളാണെന്ന് കാണാം.

ഭൂമിയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് പാകിസ്ഥാനില്‍ നിന്ന് തുടങ്ങി ചൈന വരെ നീളുന്ന കിഴക്കന്‍ ഏഷ്യ ഉൾപ്പെടുന്ന പ്രദേശത്തെ ഈ ജനസംഖ്യാ വര്‍ദ്ധന പലവിധ അസമത്വത്തിനും കാരണമാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയിലെ കുറവ് നികത്താനും യുവാക്കൾക്ക് വധുക്കളെ കണ്ടെത്താനുമായി ചൈന ഇപ്പോൾ തന്നെ കംബോഡിയ, കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് അന്വേഷിക്കുന്നതെന്ന രസകരമായ വിവരവും ഇതിനിടെ പുറത്ത് വരുന്നു.

സിങ്കപ്പൂര്‍ നഗരത്തില്‍ സ്ക്വയർ കിലോമീറ്റര്‍ പ്രദേശത്ത് 8,405 ആണ് ജനസാന്ദ്രത. ബംഗ്ലാദേശിലാകട്ടെ ഇത് 1,180 ആണ്. ഇത്തരം കണക്കുകൾ വിഭവ വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു കണക്ക് ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയും ചൈനയും ലോക ജനസംഖ്യയുടെ 35 ശതമാനത്തെയും ഉൾക്കൊള്ളുന്നെന്നാണ്. ഇത്തരം കണക്കുകൾ കാലാവസ്ഥയെയും സാമ്പത്തിക വിതരണത്തെയും സംസ്കാരത്തെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം, പാര്‍പ്പിടം പോലുള്ള മനുഷ്യന്‍റെ മൗലീകാവകാശങ്ങളെയും ജനസംഖ്യാ വര്‍ദ്ധന പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണത്തോടൊപ്പം ശുദ്ധജല ക്ഷാമം, ഗതാഗതം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയെയും ജനസംഖ്യാ ഏകീകരണം പ്രതികൂലമായി ബാധിക്കുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ