14 വർഷം മുമ്പ് അച്ഛൻ കടത്തിക്കൊണ്ടുപോയ മകൾ അമ്മയ്ക്കരികില്‍, ബന്ധപ്പെട്ടത് ഫേസ്ബുക്കിൽ, നാടകീയം ഈ ഒത്തുചേരല്‍

By Web TeamFirst Published Sep 16, 2021, 1:04 PM IST
Highlights

സപ്തംബര്‍ രണ്ടിനാണ് തന്‍റെ മകളാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചത് എന്ന് അമ്മയായ വെന്‍സസ് സള്‍ഗാഡോ, ക്ലെര്‍മോണ്ട് പൊലീസിനെ വിവരമറിയിച്ചത്. 

14 വര്‍ഷം മുമ്പ് അച്ഛന്‍ തട്ടിക്കൊണ്ടുപോയി എന്ന് കരുതപ്പെടുന്ന ഒരു പെണ്‍കുട്ടി ഒടുവില്‍ അമ്മയുമായി ഒന്നിച്ചു. യുഎസ്സ്-മെക്സിക്കോ അതിര്‍ത്തിയില്‍ വച്ചായിരുന്നു വികാരനിര്‍ഭരമായ ആ കൂടിച്ചേരലെന്ന് പൊലീസ് പറയുന്നു. 

2007 -ലാണ് ആറ് വയസുകാരിയായ ജാക്വലിന്‍ ഹെര്‍ണാണ്ടസിനെ അച്ഛൻ കടത്തിക്കൊണ്ടു പോകുന്നത്. എന്നാല്‍, ഈ മാസം വരെ കേസില്‍ യാതൊരു തുമ്പും ഉണ്ടായിരുന്നില്ല. അച്ഛന്‍ അമ്മയില്‍ നിന്നും എവിടേക്കാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്, അവര്‍ എവിടെയാണ് എന്നതൊന്നും സംബന്ധിച്ച യാതൊരു വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ആ മകള്‍ അമ്മയുടെ അടുത്ത് തിരികെ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ട ശേഷമാണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. 

തിങ്കളാഴ്ച ടെക്സാസില്‍ വച്ചാണ് അമ്മയും മകളും കണ്ടുമുട്ടിയിരിക്കുന്നത്. താന്‍ മെക്സിക്കോയില്‍ ആയിരുന്നു എന്നാണ് 19 -കാരിയായ മകള്‍ അമ്മയെ അറിയിച്ചത്. അന്വേഷണസംഘം, എത്തിയിരിക്കുന്നത് ഹെര്‍ണാണ്ടസ് തന്നെയാണ് എന്ന് അന്വേഷണത്തിലൂടെ ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളെയെല്ലാം ഈ ഒത്തുചേരല്‍ ആകര്‍ഷിച്ചിട്ടുണ്ട്. 

ഫ്ലോറിഡയിലെ ക്ലെര്‍മോണ്ട് സ്വദേശിയായ ഹെര്‍ണാണ്ടസിനെ 2007 ഡിസംബര്‍ 22 -നാണ് അച്ഛന്‍ തട്ടിക്കൊണ്ടുപോയത് എന്ന് പറയപ്പെടുന്നു. പിന്നാലെ അന്വേഷണം ആരംഭിച്ചു. അച്ഛന്‍ മകളെയും കൊണ്ട് മെക്സിക്കോയിലേക്ക് കടന്നതായാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഹെര്‍ണാണ്ടസ് ഇതുവരെ എവിടെയായിരുന്നു എന്നതിനെ കുറിച്ചൊന്നും വെളിപ്പെടുത്തിയിട്ടില്ല. 

സപ്തംബര്‍ രണ്ടിനാണ് തന്‍റെ മകളാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചത് എന്ന് അമ്മയായ വെന്‍സസ് സള്‍ഗാഡോ, ക്ലെര്‍മോണ്ട് പൊലീസിനെ വിവരമറിയിച്ചത്. വിവിധ അന്വേഷണസംഘങ്ങള്‍ ഇരുവരും കൂടിച്ചേരുന്ന സമയത്ത് പെണ്‍കുട്ടി ശരിക്കും ഹെര്‍ണാണ്ടസ് തന്നെയാണോ എന്ന് ഉറപ്പിക്കാമെന്ന് തീരുമാനിച്ചു. 

ഇരുവരും ടെക്സാസില്‍ വച്ച് കണ്ടുമുട്ടാമെന്ന് ഫേസ്ബുക്കിലൂടെ പരസ്പരം അറിയിച്ചു. പിന്നാലെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഏതായാലും പിന്നാലെ കാണാതായ കുട്ടി തന്നെയാണ് തിരികെ എത്തിയിരിക്കുന്നത് എന്ന് പൊലീസ് ഉറപ്പിച്ചു. എന്നാല്‍, അവള്‍ ഇതുവരെ എവിടെയായിരുന്നു എന്നോ, എന്തുകൊണ്ടാണ് അമ്മയെ അന്വേഷിച്ച് തിരികെ എത്തിയത് എന്നോ വിവരം പുറത്ത് വന്നിട്ടില്ല. ഒപ്പം തന്നെ എന്തിനാണ് അവളുടെ അച്ഛന്‍ അമ്മയില്‍ നിന്നും അവളെ കടത്തിക്കൊണ്ടുപോയത്, അയാളിപ്പോള്‍ എവിടെയാണ് എന്നതിലുമുള്ള അന്വേഷണം നടക്കുകയാണ്. 

click me!