100 കുട്ടികളെ പീഡിപ്പിച്ച് കൊന്ന സീരിയൽ കില്ലർ, 100 പേരെ കൊല്ലുമെന്ന് പ്രതിജ്ഞ, പിന്നിലെ കാരണം

By Web TeamFirst Published Sep 16, 2021, 11:58 AM IST
Highlights

ജാവേദ് പിന്നീട് കുട്ടികളെ വശീകരിച്ച് ലാഹോറിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. അത് ആളൊഴിഞ്ഞ പ്രദേശമായിരുന്നു. തുടർന്ന് അവിടെയിട്ട് കുട്ടികളെ ബലാത്സംഗം ചെയ്യുകയും ഇരുമ്പ് ചെയിനിന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. 

സീരിയൽ കില്ലർമാരെക്കുറിച്ചുള്ള നിരവധി കഥകൾ നമ്മൾ കേട്ടിരിക്കും. എന്നാൽ, പാകിസ്ഥാനിൽ നിന്നുള്ള ഒരു സീരിയൽ കില്ലറുടെ കഥ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഈ സീരിയൽ കില്ലർ ഒന്നോ രണ്ടോ അല്ല 100 കുട്ടികളെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. ഏറ്റവും ആശ്ചര്യകരമായ കാര്യം, ഇയാള്‍ 100 കുട്ടികളെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തു എന്നതാണ്. പ്രതിജ്ഞ നിറവേറ്റിയ ശേഷം, ഈ കൊലയാളി സ്വയം കീഴടങ്ങുകയായിരുന്നു. എന്തിനായിരുന്നു ഈ ക്രൂരമായ പ്രതിജ്ഞ?  

1999 ഡിസംബറിലാണ് സംഭവം നടക്കുന്നത്. സീരിയൽ കില്ലറുടെ പേര് ജാവേദ് ഇഖ്ബാൽ എന്നാണ്. ലാഹോറിലെ ഒരു ഉർദു പത്രത്തിന്റെ എഡിറ്റർക്ക് ഒരു ദിവസം ഒരു കത്ത് ലഭിച്ചു. അതിൽ 'എന്റെ പേര് ജാവേദ് ഇക്ബാൽ, ഞാൻ 100 കുട്ടികളെ കഴുത്തു ഞെരിച്ചു കൊന്ന് ശരീരം മാസങ്ങളോളം ആസിഡിൽ മുക്കി വച്ചു' എന്നെഴുതിയിരുന്നു. കൂടാതെ, കുട്ടികളെ കൊന്ന സ്ഥലവും ജാവേദ് തന്റെ കത്തിൽ പരാമർശിച്ചിരുന്നു. തന്റെ കുറ്റം സമ്മതിച്ച് ലാഹോർ പൊലീസിനും ജാവേദ് കത്തയച്ചു. ജാവേദിന്റെ കത്ത് പൊലീസ് ഗൗരവമായി എടുത്തില്ല. എന്നാൽ, പത്രാധിപർ ഈ വിഷയം ഗൗരവമായി എടുക്കുകയും തന്റെ പത്രപ്രവർത്തകരിൽ ഒരാളെ കത്തിൽ സൂചിപ്പിച്ച ലാഹോറിലെ രവി റോഡിന് സമീപമുള്ള ചേരിയിൽ ഒരു വീട്ടിലേയ്ക്ക് അയക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പത്രപ്രവർത്തകൻ വീടിനുള്ളിൽ രക്തകറകൾ കണ്ടെത്തി. മാത്രമല്ല, കുട്ടികളുടെ ഷൂസും വസ്ത്രങ്ങളും നിറച്ച രണ്ട് വലിയ ബാഗുകളും കണ്ടെടുത്തു.  

കുട്ടികളുടെ പേരുകളും വിവരങ്ങളും എഴുതിയ ഒരു ഡയറിയും അവിടെ നിന്ന് അദ്ദേഹത്തിന് ലഭിച്ചു. വീടിന് പുറത്ത് ഹൈഡ്രോക്ലോറിക് ആസിഡ് നിറച്ച രണ്ട് കണ്ടെയ്നറുകളിൽ കുട്ടികളുടെ അസ്ഥികളും ഉണ്ടായിരുന്നു. പത്രപ്രവർത്തകൻ ഉടൻ തന്നെ തന്റെ ഓഫീസിലെത്തി എഡിറ്ററോട് വിവരങ്ങൾ എല്ലാം തുറന്ന് പറഞ്ഞു. ഇതിന് ശേഷം അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പൊലീസ് ജാവേദ് ഇക്ബാലിന്റെ ഒളിത്താവളത്തിലെത്തി കൊലപാതകത്തിന്റെ എല്ലാ തെളിവുകളും കണ്ടെടുത്തു. ഇതോടൊപ്പം, പൊലീസ് അവിടെ നിന്ന് ഒരു നോട്ട്ബുക്ക് കണ്ടെത്തി. അതിൽ കൊലപാതകത്തിന്റെ തെളിവായി, എനിക്ക് മറയ്ക്കാൻ കഴിയാത്ത ചില മൃതദേഹങ്ങൾ ഞാൻ ഉപേക്ഷിക്കുന്നുവെന്നും, താൻ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും എഴുതിയിരുന്നു. അടിയന്തര നടപടി സ്വീകരിച്ച് പൊലീസ് തിരച്ചിൽ ആരംഭിക്കുകയും നദിയുടെ പരിസരത്തെ എല്ലാ മുക്കിലും മൂലയിലും തിരയുകയും ചെയ്തു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലുകളിൽ ഒന്നായിരുന്നു ഇത്, എന്നാൽ ജാവേദിന്റെ മൃതദേഹം എവിടെയും കണ്ടെത്തിയില്ല.

ഇതേക്കുറിച്ച് അന്വേഷിച്ച പൊലീസ് ജാവേദിന്റെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ തുടങ്ങി. ചോദ്യം ചെയ്യലിനിടയിൽ, അവരിൽ ഒരാൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇതിനിടയിൽ, ജാവേദ് നേരത്തെ കത്ത് അയച്ച അതേ ഉറുദു പത്രം ഓഫീസിൽ എത്തി. എഡിറ്ററെ കണ്ട് ഒരു അഭിമുഖം നൽകുന്നതിനെക്കുറിച്ച് സംസാരിച്ചു, കീഴടങ്ങാൻ വന്നതാണെന്ന് പറഞ്ഞു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. കുട്ടികളെ കൊല്ലാനുള്ള കാരണത്തെക്കുറിച്ച് പൊലീസ് ജാവേദിനോട് ചോദിച്ചപ്പോൾ അയാളുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. തനിക്ക് 20 വയസ്സുള്ളപ്പോൾ, ഒരു കള്ളക്കേസിൽ കുടുക്കി ബലാത്സംഗക്കുറ്റം ചുമത്തി തന്നെ ജയിലിലടച്ചതായി ജാവേദ് പറഞ്ഞു. "ഞാൻ ആൺകുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കുറ്റം. എന്നാൽ, അത്  നിഷേധിക്കാൻ ശ്രമിച്ചപ്പോൾ എന്റെ തല അവർ അടിച്ച് തകർത്തു, നട്ടെല്ല് ഒടിച്ചു. ഞാൻ അവശനായിപ്പോയി. ഞാൻ ഈ ലോകത്തെ തന്നെ വെറുത്തു" അയാൾ പറഞ്ഞു.

ഒരിക്കലും ചെയ്യാത്ത കുറ്റത്തിന് അങ്ങനെ അയാൾ ജയിലിടക്കപ്പെട്ടു. ഈ സമയത്ത്, അയാളുടെ അമ്മ മിക്കപ്പോഴും ജയിലിൽ എത്തി അയാളെ കാണുമായിരുന്നു. മകന്റെ മോചനത്തിനായി കാത്തിരിക്കുന്നതിനിടെ ഒരു ദിവസം ആ അമ്മ ഹൃദയം പൊട്ടി മരിച്ചു. ഇതോടെ അയാളിൽ പ്രതികാരം ആളിക്കത്തി. തന്റെ അമ്മ തനിക്കുവേണ്ടി കരഞ്ഞപോലെ 100 അമ്മമാർ അവരുടെ കുട്ടികൾക്കായി കരയണമെന്ന് അയാൾ ആഗ്രഹിച്ചു. ശിക്ഷകഴിഞ്ഞ് ഇറങ്ങിയശേഷം അയാൾ കൊലപാതകത്തിന്റെ നീണ്ട പരമ്പര ആരംഭിച്ചു. ആൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് തന്നെ മർദ്ദിച്ച പൊലീസിനോടും അയാൾക്ക് പകയായിരുന്നു. 

ജാവേദ് പിന്നീട് കുട്ടികളെ വശീകരിച്ച് ലാഹോറിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. അത് ആളൊഴിഞ്ഞ പ്രദേശമായിരുന്നു. തുടർന്ന് അവിടെയിട്ട് കുട്ടികളെ ബലാത്സംഗം ചെയ്യുകയും ഇരുമ്പ് ചെയിനിന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട്, അയാൾ മൃതദേഹം ചെറിയ കഷണങ്ങളായി മുറിച്ച് ആസിഡിൽ മുക്കി വച്ചു. ബാക്കിയായ കഷണങ്ങൾ നദിയിൽ എറിയുകയും ചെയ്യുമായിരുന്നു. ഇങ്ങനെ അയാൾ ആറുമാസ കാലയളവിനിടെ നൂറു കുട്ടികളെ കൊന്നു. അയാൾ കൊന്നത് കൂടുതലും 6 നും 16 ഇടയിലുളള ലാഹോറിലെ തെരുവിൽ കഴിയുന്ന കുട്ടികളെയായിരുന്നു.    

നൂറു കൊലപാതകങ്ങൾ പൂർത്തിയായപ്പോൾ, ജാവേദ് കുറ്റം സമ്മതിക്കുകയും, പൊലീസ് അയാളെ 2000 മാർച്ച് 16 -ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല. എനിക്ക് നീതി നിഷേധിക്കപ്പെട്ടു. അത് കാരണം ഞാൻ 100 കുട്ടികളെ കൊന്നു. എനിക്ക് 500 പേരെ കൊല്ലാമായിരുന്നു. അതൊരു പ്രശ്നമല്ലായിരുന്നു. പക്ഷേ, ഞാൻ എടുത്ത പ്രതിജ്ഞ 100 കുട്ടികളെ കൊല്ലുമെന്നാണ്. ഇത് ലംഘിക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചില്ല." ഈ വിഷയത്തിൽ കോടതി വിധി പ്രസ്താവിച്ചപ്പോൾ, ഒരു ന്യായാധിപൻ ജാവേദിന് 100 വധശിക്ഷ വിധിക്കുകയും, ഇരകളെ കഴുത്തു ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച അതേ ചങ്ങല കൊണ്ട് അയാളെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. അയാൾ കൊന്ന കുട്ടികളുടെ മാതാപിതാക്കളുടെ മുന്നിൽ വെച്ച് അയാളെ കൊല്ലാനും, തുടർന്ന് ഓരോ ഇരയ്ക്കും ഒരു കഷണം എന്ന കണക്കിൽ അയാളുടെ ശരീരം 100 കഷണങ്ങളായി മുറിച്ച് ആസിഡിൽ ലയിപ്പിക്കാനും കോടതി വിധിച്ചു.

എന്നാൽ, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ കടുത്ത തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, എതിർത്തു. അതിനുശേഷം തീരുമാനം മാറ്റുകയും ജാവേദിനെ തൂക്കിക്കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, താൻ ചെയ്തതിനുള്ള ശിക്ഷ അനുഭവിക്കാനായി അയാൾ കാത്ത് നിന്നില്ല. ശിക്ഷ നടപ്പാക്കുന്നതിന് മുൻപ്, ഇക്ബാലിനെയും ഒരു യുവ കൂട്ടാളിയെയും അവരുടെ തടവറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, അവരുടെ മരണം ആത്മഹത്യയായി രേഖപ്പെടുത്തി.  

click me!