
യുഎസിലെ ബ്രൈറ്റണിൽ നടന്ന ഒരു മൃഗ വേട്ട ദുരന്തത്തിൽ കലാശിച്ചു. അണ്ണാനാണെന്ന് കരുതി വെച്ച വെടിയേറ്റ് കാർസൺ റയാൻ എന്ന 17-കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടു. വേട്ടയാടലിൽ മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയും കായിക താരവുമായിരുന്നു മരിച്ച് പോയ കാർസൺ റയാനെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് സംസ്ഥാന വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളും അറിയിച്ചു.
റയാൻ ഒരു സംഘം വേട്ടക്കാർക്കൊപ്പം മരങ്ങൾ നിറഞ്ഞ വനമേഖലയിലേക്ക് വേട്ടയ്ക്ക് പോവുകയായിരുന്നു. ഇവർ അണ്ണാനെപ്പോലുള്ള ചെറുജീവികളെയാണ് വേട്ടയാടാൻ ലക്ഷ്യമിട്ടിരുന്നത്. വേട്ടക്കിടെ, സംഘത്തിലെ ഒരംഗം മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, വെടിയുണ്ട റയാന്‍റെ തലയുടെ പിന്നിലായാണ് കൊണ്ടത്. ഉടൻതന്നെ അടിയന്തര ചികിത്സ നൽകി റയാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ഡോക്ടർമാരുടെ എല്ലാ ശ്രമങ്ങളും വിഫലമായി. പരിക്ക് ഗുരുതരമായിരുന്ന റയാൻ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
അബദ്ധത്തിൽ സംഭവിച്ച വെടിവെപ്പായി കണക്കാക്കി അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രാദേശിക ഷെരീഫ് ഓഫീസും സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, സംഭവത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം അപകടങ്ങൾ അപൂർവമാണെങ്കിലും, സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാതെ വേട്ടയാടുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങളിലേക്ക് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
റയാൻ കാർസണെക്കുറിച്ച് സുഹൃത്തുക്കളും സഹപാഠികളും അദ്ധ്യാപകരും പങ്കുവെച്ചത്, ശോഭനമായ ഭാവിയുണ്ടായിരുന്ന സന്തോഷവാനും കഠിനാധ്വാനിയുമായിരുന്നു വിദ്യാർത്ഥിയാണെന്നാണ്. സുഹൃത്തുക്കൾ ചേര്‍ന്ന് റയാന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി ഒരു ഓൺലൈൻ ഫണ്ട് ശേഖരണ കാമ്പയിൻ ആരംഭിച്ചു. വേട്ടക്കാർക്കുള്ള ഓർമ്മപ്പെടുത്തലായി വന്യജീവി ഉദ്യോഗസ്ഥർ ഈ സംഭവത്തെ ചൂണ്ടികാട്ടി. എപ്പോഴും ലക്ഷ്യം കൃത്യമായി തിരിച്ചറിയുക, വെടിവയ്ക്കുന്നതിന് മുമ്പ് ചുറ്റുമുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. ഈ രണ്ടുകാര്യങ്ങളാണ് വേട്ടയാടൽ സുരക്ഷയുടെ അടിസ്ഥാന ശിലയെന്നും, ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.