'അസാധാരണം', ഇന്ത്യൻ ഓഫീസ് ശീലങ്ങളെ കുറിച്ച് റഷ്യൻ വനിതയുടെ വിശേഷണം!

Published : Oct 03, 2025, 07:22 PM IST
Russian woman described Indian office habits

Synopsis

യൂലിയ എന്ന റഷ്യൻ വനിത ഇന്ത്യൻ ഓഫീസുകളിലെ ചില സവിശേഷമായ പെരുമാറ്റ രീതികളെക്കുറിച്ച് പങ്കുവെച്ച വീഡിയോ വൈറലായി. ബോസ് പോകുന്നതുവരെ കാത്തിരിക്കുന്നത്, രാത്രി വൈകിയുള്ള കോളുകൾ തുടങ്ങി വിദേശത്ത് അസാധാരണമായ ചില കാര്യങ്ങൾ അവർ ചൂണ്ടിക്കാട്ടി. 

ഇന്ത്യയിൽ താമസിക്കുന്ന ഒരു റഷ്യൻ വനിത, രാജ്യത്തെ ഓഫീസുകളിൽ താൻ ശ്രദ്ധിച്ച ചില പെരുമാറ്റ രീതികൾ മറ്റ് ലോകരാജ്യങ്ങളിൽ 'അസ്വാഭാവികമായി' കണക്കാക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യൂലിയ എന്ന ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്റർ ഒരു ദശാബ്ദത്തിലേറെയായി ബെംഗളൂരുവിലാണ് താമസിക്കുകയാണ്. 2012-ൽ അഞ്ച് മാസത്തെ ഇന്‍റേൺഷിപ്പിനായി ഇന്ത്യയിൽ വന്ന അവർ പിന്നീട് ഇന്ത്യയിൽ തന്നെ തുടർന്നു. തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇവർ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്കാരിക താരതമ്യങ്ങൾ പതിവായി പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു താരതമ്യമായിരുന്നു ഇത്തവണ വൈറലായത്.

അടുത്തിടെ, യൂലിയ 'ഇന്ത്യൻ ഓഫീസുകളിൽ സാധാരണമായി കണക്കാക്കുന്നതും എന്നാൽ വിദേശത്ത് അസാധാരണമായതുമായ കാര്യങ്ങൾ' എന്ന തലക്കെട്ടോടെ ഒരു വീഡിയോ പങ്കുവച്ചു. ഈ ക്ലിപ്പ് അതിവേഗം ശ്രദ്ധ നേടുകയും ആയിരക്കണക്കിന് കാഴ്ച്ചക്കാരെ ആകർഷിക്കുകയും ഇന്ത്യൻ തൊഴിലിടങ്ങളിലെ സംസ്കാരത്തെക്കുറിച്ച് വലിയ ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. താൻ ഇന്ത്യയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ശ്രദ്ധയിൽപ്പെട്ട നിരവധി കാര്യങ്ങളാണ് യൂലിയ വീഡിയോയിലൂടെ എടുത്ത് പറഞ്ഞത്.

1. സഹപ്രവർത്തകരിൽ നിന്നുള്ള ശ്രദ്ധ

ഇന്ത്യൻ ഓഫീസുകളിൽ സഹപ്രവർത്തകർ പരസ്പരം ഭക്ഷണം കഴിച്ചോയെന്ന് ചോദിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അവർ പറഞ്ഞു. ഇതിനെ 'വളരെ മധുരവും സ്വാഗതാർഹവും' എന്നാണ് യൂലിയ വിശേഷിപ്പിച്ചതെങ്കിലും, ഇത്തരം വ്യക്തിപരമായ പരസ്പര കരുതൽ വിദേശത്തെ തൊഴിലിടങ്ങളിൽ അസാധാരണമാണെന്നും, അവിടെ ഇടപെടലുകൾ പൊതുവെ കൂടുതൽ ഔപചാരികവും പ്രൊഫഷണലുമാണെന്നും അവർ നിരീക്ഷിച്ചു.

2. ബോസ് പോകുന്നതുവരെ കാത്തിരിപ്പ്

തങ്ങളുടെ മാനേജറോ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനോ പോകുന്നതുവരെ പല ജീവനക്കാരും ഓഫീസ് വിട്ടുപോകാൻ മടിക്കുന്നതാണ് മറ്റൊരു നിരീക്ഷണം. ഇന്ത്യയിൽ ഇത് വ്യാപകമാണെങ്കിലും, കൃത്യസമയത്ത് ജോലി സ്ഥലം വിടുന്നത് സാധാരണമായി കണക്കാക്കുന്ന മിക്ക വിദേശ തൊഴിലിടങ്ങളിലും ഇതൊരു അസാധാരണമായ രീതിയാണന്നും അവർ വിശദമാക്കുന്നു.

3. രാത്രി വൈകിയുള്ള കോളുകൾ

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ബോസുമാരോ സഹപ്രവർത്തകരെയോ രാത്രി വൈകി വിളിക്കുന്നതും ഇന്ത്യയിൽ പലപ്പോഴും സ്വീകാര്യമാണെന്നും യൂലിയ ചൂണ്ടിക്കാട്ടി. ഇത് ജോലിയോടുള്ള അർപ്പണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, മറ്റു പല രാജ്യങ്ങളിലും വർക്ക് - ലൈഫ് ബാലൻസ് നിലനിർത്തുന്നതിനായി ഇത്തരം ഇടപെടലുകൾ നിരുത്സാഹപ്പെടുത്താറുണ്ടെന്നും അവർ വിശദീകരിക്കുന്നു.

 

 

4. തീവ്രമായ മത്സരം

കമ്പനികൾ തമ്മിൽ മാത്രമല്ല, ഒരു സ്ഥാപനത്തിലെ വിവിധ ഡിപ്പാർട്ട്‌മെന്‍റുകൾ തമ്മിൽ പോലും നിലനിൽക്കുന്ന സമ്മർദ്ദത്തെക്കുറിച്ചും മത്സരത്തെക്കുറിച്ചും അവർ സംസാരിച്ചു. ഈ സംസ്കാരം ചിലപ്പോൾ അനാവശ്യമായ മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

5. യാത്രാദൂരം

ജോലി സ്ഥലത്തേക്ക് എത്താൻ ഇന്ത്യൻ ജീവനക്കാർക്ക് രണ്ട് മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരുന്നത് എത്രത്തോളം സാധാരണമാണെന്നതും യൂലിയക്ക് ആശ്ചര്യമായി. മിക്ക രാജ്യങ്ങളിലും ആളുകൾ വീടിനടുത്തുള്ള ജോലികൾ തെരഞ്ഞെടുക്കുമ്പോൾ, ഇന്ത്യൻ നഗരങ്ങളിൽ ഇത്രയും ദൈർഘ്യമേറിയ ദിവസേനയുള്ള യാത്രകൾ സാധാരണമായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ അത്ഭുതം പ്രകടിപ്പിച്ചു.

6. പരോക്ഷമായ ആശയവിനിമയം

ഇന്ത്യൻ ഓഫീസുകളിൽ നേരിട്ട് 'പാടില്ല' എന്ന് പറയുന്നത് പലപ്പോഴും ഒഴിവാക്കാറുണ്ടെന്ന് യൂലിയ ചൂണ്ടിക്കാണിക്കുന്നു. പകരം, ജീവനക്കാർ പരോക്ഷമായി മറുപടി നൽകാൻ ശ്രമിക്കുന്നു. ഇത് ചിലപ്പോൾ തെറ്റിദ്ധാരണകൾക്ക് വഴിയൊരുക്കിയേക്കാം.

7. കുടുംബപരമായ ഉത്തരവാദിത്വം

അവസാനമായി, ഇന്ത്യയിലെ പല യുവ പ്രൊഫഷണലുകളും കനത്ത കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നുണ്ടെന്ന് അവർ എടുത്തു കാണിച്ചു. ഇത് അവരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ജോലിയോടുള്ള അവരുടെ സമീപനത്തെ സ്വാധീനിക്കുകയും ചെയ്യാം.

യൂലിയയുടെ നിരീക്ഷണങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്ന് വലിയ പ്രതികരണങ്ങൾക്ക് കാരണമായി, പലരും അവരുടെ വിലയിരുത്തലിനോട് യോജിച്ചു. ഒരു ഉപയോക്താവ് കുറിച്ചത്, 'ഒരു ഇന്ത്യക്കാരനെന്ന നിലയിൽ എനിക്ക് ഈ വർക്ക് കൾച്ചർ ഇഷ്ടമല്ല. മാനേജർമാർ വ്യക്തിപരമായ കാര്യങ്ങളിൽ വളരെയധികം ഇടപെടുന്നു. സ്വകാര്യതയില്ല.' വൈറൽ പോസ്റ്റിനപ്പുറം, യൂലിയ തന്‍റെ തുറന്ന് പറച്ചിലുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ ഒരു സ്ഥിരമായ ആകാധക വൃദ്ധത്തെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ബെംഗളൂരുവിലെ തന്‍റെ ജീവിതം, ഇന്ത്യൻ രീതികളോട് ഒരു വിദേശിയെന്ന നിലയിൽ താൻ എങ്ങനെ പൊരുത്തപ്പെട്ടു, ഇവിടുത്തെ കുടുംബ ജീവിതത്തെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചുമുള്ള തന്‍റെ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം അവർ പതിവായി പങ്കുവയ്ക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?