കൊവിഡ് ലോക്ക് ഡൗണിനിടയിൽ ആൾക്കൂട്ട നരഹത്യ, പാൽഘറിൽ മൂന്നുപേരെ ജനം അടിച്ചു കൊന്നതിനു പിന്നിലെ മനഃശാസ്ത്രം

By Web TeamFirst Published Apr 20, 2020, 9:30 AM IST
Highlights

രാത്രികാലത്ത് വാഹനങ്ങളിൽ കറങ്ങി നടന്ന് ആളുകളെ കൊള്ളയടിക്കുകയും, പട്ടാപ്പകൽ പോലും കുട്ടികളെ തട്ടിക്കൊണ്ടു പോയി അവരുടെ അവയവങ്ങൾ മോഷ്ടിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സംഘം ഇറങ്ങിയിട്ടുണ്ട് എന്നായിരുന്നു അഭ്യൂഹം.

ഇത് ആദ്യത്തെ ആൾക്കൂട്ട കൊലപാതകമല്ല. മിക്കവാറും ഇത് അവസാനത്തേതുമാവില്ല. എന്തായാലും ആരെയും പിടിച്ചുലക്കുന്ന ദൃശ്യങ്ങളാണ് മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്ന് പുറത്തുവന്നിട്ടുള്ളത്. ഒരു എഴുപതുവയസ്സുകാരനായ സാധു മനുഷ്യനടക്കം രണ്ടു സന്യാസിമാർ, അവരുടെ ഡ്രൈവർ എന്നിങ്ങനെ മൂന്നുപേരാണ് ഇത്തവണ മഹാരാഷ്ട്രയിലെ പാൽഗറിനടുത്തുള്ള ഗഡ്ചിഞ്ച്ലെ ഗ്രാമത്തിൽ വെച്ച് ഗ്രാമവാസികളായ 200 ലധികം പേരടങ്ങിയ ജനക്കൂട്ടത്തിന്റെ കല്ലും വടിയും മഴുവും കൊണ്ടുള്ള ആക്രമണത്തിൽ  കൊല്ലപ്പെട്ടത്. ജൂന അഖാഡ എന്ന പ്രത്യേക വിഭാഗത്തിൽ പെടുന്നവരാണ് ഈ സന്യാസിമാർ.

 

'പാൽഘറിൽ കൊല്ലപ്പെട്ട രണ്ട് സന്യാസിമാർ ' - ചികാനേ മഹാരാജ് കല്പവൃക്ഷഗിരി, സുശീൽ ഗിരി മഹാരാജ് എന്നിവർ.

ഗഡ്‌ചിഞ്ച്‌ലെ ഗ്രാമത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു വാട്ട്സ്ആപ്പ് അഭ്യൂഹം പരക്കുന്നുണ്ടായിരുന്നു. രാത്രി വാഹനങ്ങളിൽ കറങ്ങി നടന്ന് ആളുകളെ കൊള്ളയടിക്കുകയും, പട്ടാപ്പകൽ പോലും കുട്ടികളെ തട്ടിക്കൊണ്ടു പോയി അവരുടെ അവയവങ്ങൾ മോഷ്ടിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സംഘം ഇറങ്ങിയിട്ടുണ്ട് എന്നതായിരുന്നു അത്. ഈ നുണകൾ വിശ്വസിച്ച ഗ്രാമീണർ രാത്രിയിൽ റോന്തുചുറ്റി ഈ കള്ളന്മാരെ പിടികൂടാൻ തന്നെ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ്, ലോക്ക്ഡൗൺ വക വെക്കാതെ തങ്ങളുടെ ഗുരു ആയ മഹന്ത് രാമഗിരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കുകൊള്ളാൻ വേണ്ടി മുംബൈയിൽ നിന്ന് വാടകയ്‌ക്കെടുത്ത ഒരു ഈക്കോ കാറിൽ, ഹൈവേയിലൂടെ 120 കിലോമീറ്റർ പല ചെക്കിങ്ങിലൂടെയും കടന്നു വന്ന്‌ ഒടുവിൽ പാൽഘറിനടുത്തുള്ള ഈ ഗ്രാമത്തിൽ വെച്ച് ഒരു ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ തടഞ്ഞുനിർത്തപ്പെടുന്നത്. അവരുടെ ദുർഭാഗ്യത്തിന് ഗ്രാമീണരുടെ രാത്രികാല റോന്തുചുറ്റൽ സംഘവും ആ സമയത്തുതന്നെ അവിടെ എത്തി. 

സന്യാസിമാരുടെ ഭാവഹാവങ്ങളിൽ സംശയം തോന്നിയ ഗ്രാമീണരുടെ സംഘം അവർ തന്നെയാണ് വാട്ട്സാപ്പിൽ പ്രചരിപ്പിക്കപ്പെട്ടിരുന്ന കൊള്ളസംഘം എന്നുറപ്പിച്ചു. അവർ വാഹനത്തിൽ നിന്ന് വിളിച്ചിറക്കി അവരെ ക്രൂരമായി മർദിച്ചു. നാലുപേരടങ്ങുന്ന പൊലീസ് സംഘം വിവരമറിഞ്ഞെത്തി എങ്കിലും നാനൂറോളം പേരടങ്ങുന്ന ഗ്രാമീണരുടെ മുന്നിൽ അവർ നിസ്സഹായരായിരുന്നു. പിന്നെയും 12 പൊലീസുകാർ കൂടി സ്ഥലത്തുവന്നു എങ്കിലും ഗ്രാമവാസികളുടെ എണ്ണക്കൂടുതൽ കാരണം ആ അക്രമങ്ങൾ കയ്യും കെട്ടി നോക്കി നില്ക്കാൻ മാത്രമേ പൊലീസിന് സാധിച്ചുള്ളൂ. അവരുടെ കണ്മുന്നിൽ വെച്ച് കല്ലുകൊണ്ട് തലക്കടിച്ചും, വടികൊണ്ട് മർദ്ദിച്ചും, മഴുവിന് വെട്ടിയും ആ മൂന്നുപേരെയും ജനക്കൂട്ടം നിഷ്കരുണം കൊന്നുകളഞ്ഞു. പിന്നീട്, കൂടുതൽ ഫോഴ്‌സ് എത്തി ആൾക്കൂട്ടത്തെ ലാത്തിച്ചാർജ് ചെയ്ത് പിരിച്ചു വിട്ടപ്പോഴേക്കും ഈ പാവങ്ങളുടെ ജീവൻ നഷ്ടമായിക്കഴിഞ്ഞിരുന്നു.

ആൾക്കൂട്ടഹത്യക്ക് പിന്നിലെ അഭ്യൂഹങ്ങൾ

ഇക്കുറി മഹാരാഷ്ട്രയാണ്. ഇതിനു മുമ്പ് അസം, അതിനു മുമ്പ് ബംഗാൾ, അതിനും മുമ്പ് ഉത്തർപ്രദേശ്. 'മോബ് ലിഞ്ചിങ്' അഥവാ 'ആൾക്കൂട്ട കൊലപാതകം' നടന്നു എന്ന വാർത്ത പുറത്തുവരുന്നത് ഇന്ത്യയിൽ ഇത് നടാടെയൊന്നുമല്ല. എല്ലാ ആക്രമണങ്ങളുടെയും 'പാറ്റേൺ' മിക്കവാറും ഒന്നുതന്നെയായിരിക്കും. പശ്ചാത്തലത്തിൽ വാട്ട്സാപ്പിലൂടെയും മറ്റും പ്രചരിച്ച ഒരു 'അഭ്യൂഹം' ഉണ്ടായിരിക്കും. വളരെ പ്രകോപനപരമായ ഒരു ടെക്സ്റ്റ്, ഏതെങ്കിലും ഒരു അക്രമത്തിന്റെ വീഡിയോയ്‌ക്കൊപ്പം ഏതെങ്കിലും ഒരു ഗ്രാമത്തിൽ വൈറൽ ആയിട്ടുണ്ടാകും. അവർ ആകെ ഭീതിയിൽ ആയിട്ടുണ്ടാവും. പ്രതിരോധത്തിലായിട്ടുണ്ടാകും. ആയുധങ്ങളും കയ്യിലെടുത്ത് രാത്രി രാത്രി ഗ്രാമത്തിലെ ഓരോ വഴിയും ചുറ്റിനടന്ന്, വൈറലായ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകപ്പെട്ട ആ അക്രമിയെ അല്ലെങ്കിൽ അക്രമി സംഘത്തെ പിടികൂടി, ഒരു പാഠം പഠിപ്പിക്കാൻ ഒരുങ്ങി നിൽക്കയാകും. മുന്നറിയിപ്പ് കുട്ടിയെ തട്ടിക്കൊണ്ടു പോകൽ മുതൽ, ബലാൽസംഗം, അവയവചോരണം, ഗോമോഷണം, ഗോ ഹത്യ അങ്ങനെ എന്തുമാകാം. ഇന്നതെന്നില്ല അക്കാര്യത്തിൽ.

 

'അക്രമാസക്തമായ ജനം അടിച്ചു പൊളിച്ച പൊലീസ് വാഹനം' 

ഈ ഊഹാപോഹങ്ങൾ ഭൂരിഭാഗവും നിരക്ഷരരായ ഗ്രാമീണരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിനിടയിലാകും വഴിയേ വണ്ടിയിൽ പോയ ആരെങ്കിലും, വഴിയരികിൽ കണ്ട കുട്ടികൾക്ക് കാർ നിർത്തി  ചോക്കലേറ്റ് നല്കിയിട്ടുണ്ടാവുക. അവരുടെ തലമുടിയിൽ ഒന്ന് തഴുകിയിട്ടുണ്ടാവുക. ചിലപ്പോൾ ഏതെങ്കിലും കടയിൽ നിർത്തി വെള്ളം വാങ്ങുകയോ, അല്ലെങ്കിൽ വണ്ടിയോടിച്ച് ക്ഷീണിച്ചപ്പോൾ തണലത്ത് വാഹനം നിർത്തി അഞ്ചു മിനിറ്റ് കയ്യും കാലും നിവർത്തുകയോ മാത്രമാകും അവർ ചെയ്തിട്ടുണ്ടാവുക. എന്തായാലും, തങ്ങളുടെ ഭീതിയുടെ വിവരങ്ങൾക്ക് യോജിക്കുന്ന ഒരു സംഘത്തെ അല്ലെങ്കിൽ ഒരാളെ കണ്മുന്നിൽ കിട്ടിയാൽ പിന്നെ ജാഗരൂകമായ ആ സംഘം തങ്ങളുടെ ദൗത്യനിർവഹണം തുടങ്ങുകയായി.

ആൾക്കൂട്ട നരഹത്യയുടെ മനഃശാസ്ത്രം

എങ്ങനെയാണ് ഇത്തരത്തിൽ ആൾക്കൂട്ടഹത്യ(Mob Lynching)യ്ക്കുള്ള വൈകാരിക വിക്ഷുബ്‌ധത സമൂഹമനസ്സാക്ഷിയിലേക്ക് കുത്തിവെക്കപ്പെടുന്നത്..?  വെറുപ്പ് വളരെ വലിയ ഒരു ഉത്തേജകബലമാണ്. ജനക്കൂട്ടങ്ങളെ അക്രമത്തിലേക്ക് നയിക്കാൻ അതിനെളുപ്പം കഴിയും. അതിനെ ഭയവുമായി കൂട്ടിക്കലർത്തിയാലോ, വളരെ അപകടകരമായ ഒന്നായി അതുമാറും. സ്വന്തം അയൽക്കാരെപ്പോലും കൊന്നുതള്ളാൻ സാധാരണക്കാരെ പ്രേരിപ്പിച്ചേക്കുമത്. ഈ മിശ്രിതവികാരം ഉള്ളിലുണർന്നാൽ പിന്നെയവർ ഒരു ഉള്ളുലച്ചിലും കൂടാതെ, പലപ്പോഴും തികഞ്ഞ സന്തോഷത്തോടെ തന്നെ വംശഹത്യകൾ വരെ നടത്തും.

 


ഈ പ്രക്രിയ നമ്മൾ കരുതുന്നതിലും സ്വാഭാവികമാണ്. സർവ്വസാധാരണവും. ആൾക്കൂട്ടക്കൊലപാതകങ്ങൾ ചെയ്തുകൂട്ടുന്നവർ അവരവരെ കൊലപാതകികളായി കാണുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ലോകം മുഴുവനും ആ കൊലകളുടെ വീഡിയോകൾ നെഞ്ചിനുള്ളിൽ പെരുമ്പറയടിയോടെ  കാണുമ്പോഴും  കൊലയാളികൾക്ക്  തോന്നുക തങ്ങൾ 'തെറ്റിദ്ധരിക്കപ്പെട്ടവരാണ്' എന്നാണ്. അവർ കരുതുന്നത് തങ്ങൾ തങ്ങളുടെ കടമയാണ് ആ പ്രവൃത്തിയിലൂടെ നിറവേറ്റിയത് എന്നാണ്. ഒരു പൊതുസേവനമാണ് തങ്ങൾ ചെയ്തത് എന്നും.

ജാതിമത ഭേദമില്ലാത്ത അരുംകൊലകൾ

ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് ജാതിയോ മതമോ ഇല്ല. 1999 -ൽ ഒറീസ്സയിൽ വെച്ച്  ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്റ്റെയിൻസും കുടുംബവും ആയാലും,  2015  -ൽ ഉത്തർപ്രദേശിൽ വെച്ച് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖ് ആയാലും, ഇപ്പോഴിതാ ഈ സാധുക്കളായ ഹിന്ദു സന്യാസിമാർ ആയാലും അത് സംഭവിച്ച ചരിത്രമുണ്ട് ഇന്ത്യയിൽ. മുഹമ്മദ് അഖ്ലാഖിന്റെ അമ്മ അസ്‌ഗരിക്ക് , തങ്ങൾ തലമുറകളായി പാർത്തിരുന്ന ബിഷഹര ഗ്രാമത്തിലെ ഒരേയൊരു മുസ്‌ലിം കുടുംബമാണ് തങ്ങളെന്ന ബോധമുണ്ടായത് മകനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നുകളഞ്ഞിട്ടും അയൽക്കാരിൽ ഒരാൾ പോലും ഒന്ന് രക്ഷിക്കാൻ ഇറങ്ങി വരാതിരുന്നപ്പോൾ മാത്രമാണ്. പെഹ്‌ലു ഖാന്റെ മകൻ ഇർഷാദ് തന്റെ അച്ഛനെ മർദ്ദിച്ചു കൊന്ന ആ ദിവസത്തിന് ശേഷം പിന്നെ കാലിയെ മേയ്ക്കാൻ വീടുവിട്ടു പുറത്തുപോയിട്ടില്ല. അന്ന് കൊടിയമർദ്ദനമേറ്റതിന്റെ മുറിവുകൾ ഇന്നും അയാളെ വേട്ടയാടുന്നു. ഒപ്പം, പിതാവിനെ രക്ഷിക്കാനാകാഞ്ഞതിന്റെ മനസ്താപവും. തന്റെ ഭർത്താവ് ആലിമുദ്ദീൻ അൻസാരിയെ മർദ്ദിച്ചുകൊന്ന ബജ്‌റംഗ് ദൾ പ്രവർത്തകർക്ക് പരമാവധി ശിക്ഷകിട്ടാൻ വേണ്ടി കോടതി കേറിയിറങ്ങുകയാണ് വിധവ മറിയം ഖാതൂൺ.  ബൈക്ക് മോഷ്ടാവെന്നു ധരിച്ച് ഝാര്‍ഖണ്ഡിലെ ഗ്രാമീണർ കെട്ടിയിട്ടു മർദ്ദിച്ച് കൊന്ന ഇരുപത്തിനാലുകാരനായ അനാഥൻ തബ്റേസ് അൻസാരി കുടുംബത്തിനും നീതി ഇന്നും എത്രയോ അകലെയാണ്.

 

'തബ്റേസ് അൻസാരിയുടെ പത്നി ഷഹിസ്താ പർവീൺ' 

അസമിലെ ജോർഹാട്ടിൽ വെച്ച് തോട്ടംതൊഴിലാളികൾ സംഘടിച്ച് കൊന്നുകളഞ്ഞത് വയോധികനായ ഡോ. ദേബേൻ ദത്തയെ ആയിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ, തേയില വിളയുന്ന മലമുകളിലെ അസൗകര്യങ്ങളിൽ തുടർന്നും ജനങ്ങളെ സേവിക്കാൻ മനസ്സുകാട്ടിയ ഒരു നല്ല മനുഷ്യനായിരുന്നു ആ എഴുപത്തിമൂന്നുകാരൻ. അദ്ദേഹത്തിന് അവിടത്തെ ജനങ്ങൾ, അല്ല അക്രമാസക്തമായ ഒരു ജനക്കൂട്ടം തിരിച്ചു നൽകിയത് ജീവനെടുക്കാൻ പോന്നത്ര മാരകമായ മർദ്ദനമാണ്. ആശുപത്രിയുടെ ജനലിന്റെ ചില്ലുകൾ പൊട്ടിച്ച്, കുത്തി അദ്ദേഹത്തെ അവർ. ചെയ്ത കുറ്റമെന്തെന്നോ? ഭക്ഷണം കഴിക്കാൻ ഒരല്പനേരം ആശുപത്രിയിൽ നിന്ന് മാറി നിന്നു. അദ്ദേഹത്തിന്റെ ദൗർഭാഗ്യത്തിന് ആ നേരം കൊണ്ട് ഒരു രോഗി മരണപ്പെട്ടു പോയി. കുളിമുറിയിൽ വീണു പരിക്കുകൾ പറ്റി ആ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന സോംറ മാജി എന്ന ഒരു താത്കാലിക തോട്ടം തൊഴിലാളി, എസ്റ്റേറ്റാശുപത്രിയിലെ നഴ്‌സിന്റെ പരിചരണത്തിനിടെ അവിചാരിതമായി ജീവൻ വെടിഞ്ഞു. അതോടെ  അവിടെ തടിച്ചുകൂടിയ തോട്ടം തൊഴിലാളികൾ ആകെ അക്രമാസക്തമായി. ഭക്ഷണം കഴിഞ്ഞ് തിരിച്ചുവന്ന ആ വൃദ്ധനെ അവർ അതി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.

നിരക്ഷരതയൊന്നും അല്ല പ്രശ്നം

ഇതൊക്കെ അങ്ങ് ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഗ്രാമീണർ കാര്യങ്ങളല്ലേ എന്ന് നെടുവീർപ്പിടാൻ വരട്ടെ. കൊലപാതകത്തിന്റെ ഓർമ്മ നമുക്കുമുണ്ട്. മധുവിനെ അത്ര എളുപ്പം മറന്നുകൂടാ. ഇരുപത്തേഴുകാരനായ ആ ഗോത്രവർഗക്കാരൻ പട്ടാപ്പകൽ മർദ്ദനമേറ്റുമരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞതേയുള്ളൂ. 2018 ഫെബ്രുവരി 22 -ന് നടന്ന ആ സംഭവം കേരളത്തിന്റെ മനസ്സാക്ഷിയെത്തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. മാനസിക അസ്വാസ്ഥ്യങ്ങൾ അലട്ടിയിരുന്ന, കാട്ടിൽ ഗുഹയിലും മറ്റുമായി കഴിഞ്ഞു പോന്നിരുന്ന ആദിവാസി യുവാവ് മധുവിനെ അരിയും പലചരക്കുസാധനങ്ങളും മോഷ്ടിച്ച് എന്നാരോപിച്ചാണ് പരിഷ്കൃതരായ നാട്ടുകാർ തല്ലികൊന്നുകളഞ്ഞത്.  ഒരു ചെറിയ സഞ്ചിയിൽ അരിയും മുളകുപൊടിയും മറ്റും മധുവിന്റെ 'തൊണ്ടിമുതലായി' കണ്ടെടുത്തു അവന്റെ കൊലയാളികൾ. പിന്നെ ശിക്ഷ നടപ്പാക്കുകയായിരുന്നു. തുടർച്ചയായ മർദനത്തിന് വിധേയനായ മധു ഒടുവിൽ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
 

 

മധു കേരളത്തിലെ ഒറ്റപ്പെട്ട കേസ് ഒന്നുമല്ല. പിന്നെയുമുണ്ട് ആൾക്കൂട്ട നീതി നടപ്പിലാക്കലിന്റെ നിരവധി ഇരകൾ കേരളത്തിലും. 2019 ഡിസംബറിൽ പണം മോഷ്ടിച്ചു എന്നാരോപിച്ച് തിരുവനന്തപുരം തിരുവല്ലത്ത്, വിഴിഞ്ഞം സ്വദേശിയായ അജീഷ് എന്ന യുവാവിനെ ഒരു കൂട്ടമാളുകൾ ചേർന്നു മർദ്ദിച്ചു കൊന്ന ശേഷം വയലിൽ ഉപേക്ഷിച്ചത്, ഡിസംബറിൽ തന്നെ ഒരു വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതിന്റെ പേരിൽ വാളകം സ്വദേശി അനിൽകുമാറിനെ തദ്ദേശവാസികളടങ്ങിയ അക്രമിസംഘം ക്രൂരമായി മർദ്ദിച്ചു കൊന്നുകളഞ്ഞത്, 2019 ഒക്ടോബറിൽ ഇടുക്കിയിൽ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം ബാബു എന്ന യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയത്, 2018 -ൽ കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് ഒരു അതിഥി തൊഴിലാളിയെ മർദിച്ചു കൊന്നത്, ഫെബ്രുവരിയിൽ കുട്ടികളെ കടത്തി എന്നും പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് ഒരു ട്രാൻസ്ജെൻഡറിനെ ആക്രമിച്ചത് എന്നിങ്ങനെ നിരവധി കേസുകൾ കേരളത്തിലും ഉണ്ടായിട്ടുണ്ട്.

സാങ്കേതികവിദ്യ മാത്രമല്ല പ്രതി

വാട്ട്സാപ്പും ഫേസ്ബുക്കും ഒന്നുമില്ലാതിരുന്ന 1999 -ലാണ് ഇന്ത്യയിൽ സ്റ്റെയിൻസ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകുന്നത്. 2006 -ൽ ഫേസ്ബുക്കും, 2009 -ൽ വാട്ട്സാപ്പും ഒക്കെ വരുന്നതിനു മുമ്പും ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. അതിലൊക്കെ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ പ്രശ്നം സാങ്കേതിക വിദ്യയുടേത് മാത്രമല്ല. വിഷയം ജനങ്ങൾക്ക് നിയമം പരിപാലിക്കേണ്ട പൊലീസിന്റെ പ്രവർത്തന രീതികളോടുള്ള അവജ്ഞയും നീതി നടപ്പാക്കേണ്ട കോടതിയിലുള്ള വിശ്വാസക്കുറവും ഒക്കെയാണ്.

 

'ഗ്രഹാം സ്റ്റെയിൻസിന്റെ കാർ അഗ്നിക്കിരയാക്കപ്പെട്ട നിലയിൽ '

പ്രശ്നം നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടമാകുന്നത്

ഒരാൾ മറ്റൊരാളെ കൊന്നാൽ വിചാരണ എളുപ്പമാണ്. പെട്ടെന്ന് ശിക്ഷ കിട്ടും. എന്നാൽ കൊല നടത്തുന്നത് ഒരു ആൾക്കൂട്ടമാണെങ്കിലോ ? വിചാരണ ഏറെ ജടിലമാകും. ആൾക്കൂട്ട ഹത്യകളിൽ പലപ്പോഴും വിചാരണ വേണ്ടപോലെ നടക്കുന്നില്ല. വർഷങ്ങൾ നീണ്ടുപോകുന്ന വിചാരണകൾക്കൊടുവിൽ ദുർബലമായ പ്രോസിക്യൂഷൻ വാദങ്ങൾക്കൊടുവിൽ മിക്കവാറും പ്രതികളും കുറ്റവിമുക്തരുമാകും. പെഹ്‌ലു ഖാന്റെ കൊലപാതകവും തുടർന്ന് നടന്ന വിചാരണയും തന്നെ ഉദാഹരണം. ആൾക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കാനുള്ള കൃത്യമായ നിയമങ്ങൾ നാട്ടിൽ നിലവിലില്ല. അനുദിനം വർധിച്ചു വരുന്ന ഈ സാമൂഹ്യവിപത്തിനെതിരെ ഒരു തരത്തിലുള്ള ബോധവൽക്കരണങ്ങളും നടക്കുന്നുമില്ല. ഇതിന്റെ ഇരകളിൽ ഒരു പ്രധാന വിഭാഗം ഡോക്ടർമാരാണെങ്കിലും, ഇന്ത്യയിൽ ഇന്ന് ജീവിക്കുന്ന ആരും തന്നെ വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു 'കുട്ടികളെപിടുത്തക്കാരൻ' നുണയുടെ ബലത്തിൽ, അല്ലെങ്കിൽ ഒരു 'പശുക്കടത്തുകാരൻ' എന്ന ആരോപണത്തിൽ,  അല്ലെങ്കിൽ മോഷ്ടാവെന്ന ആരോപണത്തിന്റെ പുറത്ത്  നിമിഷനേരം കൊണ്ട് തടിച്ചുകൂടുന്ന ജനക്കൂട്ടത്താൽ കൊലചെയ്യപ്പെടാവുന്ന അവസ്ഥയിലാണ്.

'പെഹ്‌ലുഖാൻ, കുടുംബം' 

കൃത്യത്തിൽ പങ്കെടുത്ത പ്രതികളുടെയും അത് കണ്ടുനിന്ന സാക്ഷികളുടെയും എണ്ണം കൂടുന്തോറും കേസ് തെളിയിക്കപ്പെടാനോ, ശിക്ഷ വിധിക്കപ്പെടാനോ ഉള്ള സാധ്യത കുറയുന്നു. ഇനി എന്ത് വീഡിയോ ദൃശ്യങ്ങൾ തെളിവുണ്ട് എന്ന് പറഞ്ഞാലും, ചിലപ്പോൾ പ്രതികൾ ശിക്ഷിക്കപ്പെടില്ല. ആളെണ്ണം കൂടുന്തോരം കൂറുമാറ്റങ്ങളും കൂടും. കൊലയ്ക്ക് കാരണമായ അഭ്യൂഹങ്ങൾ പടച്ചു വിടുന്നവരെപ്പറ്റി, അല്ലെങ്കിൽ ആളുകളെ നേരിട്ട് പറഞ്ഞിളക്കി വിടുന്ന ഗൂഢാലോചനക്കരെപ്പറ്റി പലപ്പോഴും അന്വേഷണം പോലും നടക്കാറില്ല. പലതരത്തിലും സ്വാധീനങ്ങൾ ചെലുത്തപ്പെടും കേസിനുമേൽ.  കാലാന്തരത്തിൽ പലവിധ കാരണങ്ങളാൽ പ്രോസിക്യൂഷന് കേസിലുള്ള താത്പര്യം തന്നെ ഇല്ലാതാകും. അതിനിടെ പല പ്രോസിക്യൂട്ടർമാർ വരികയും പോവുകയും ചെയ്യും. ജഡ്ജിമാരും മാറും പലപ്പോഴും.  

ആൾക്കൂട്ട കൊലപാതകങ്ങൾക്ക് നേതൃത്വം നൽകി അതിന്റെ വിചാരണക്കാലയളവിൽ ജയിലിൽ പോവുന്നവർ പിന്നീട് അവിടെ കിടന്നുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിൽ പോലും മത്സരിക്കും. രാഷ്ട്രീയസാഹചര്യം അനുകൂലമാണെങ്കിൽ അവർക്കെതിരെയുളള സകല കേസുകളും വളരെ എളുപ്പത്തിൽ അട്ടിമറിക്കപ്പെടും. ജയിലിൽ നിന്നിറങ്ങിയാൽ അവർ പിന്നെ രാഷ്ട്രനിർമ്മാണത്തിന്റെ വരെ ഭാഗമായെന്നു വരും. അതുകൊണ്ടാണ് ഒരു ആൾക്കൂട്ടക്കൊലയും അവസാനത്തേതാകാത്തത്. പിന്നെയും പിന്നെയും നിരപരാധികൾ ആക്രമിക്കപ്പെടുന്നത്. ആൾക്കൂട്ടങ്ങൾ വിചാരണ നടത്തി വധശിക്ഷകൾ നടപ്പിലാക്കുന്നത്. എന്നിട്ടും ആർക്കും ഒന്നും ചെയ്യാൻ കഴിയാതെ പോകുന്നത്.
 

click me!