
ഒരു അമ്മയാവുക എന്നാൽ പലപ്പോഴും സ്ത്രീകൾക്ക് തങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരിക എന്നാണ് അർത്ഥം. ജോലിക്ക് പോവാൻ സാധിക്കാതിരിക്കുക, സുഹൃത്തുക്കളെ കാണാൻ പറ്റാതിരിക്കുക, ഒരു സിനിമയ്ക്ക് പോകാനോ ഒന്ന് പുറത്തു പോവാനോ സാധിക്കാതിരിക്കുക എന്നതെല്ലാം ഇതിൽ പെടുന്നു. എന്തിന് കുഞ്ഞ് ജനിച്ച് അനേകം കാലം അവരുടെ ഉറക്കം പോലും ശരിയായ രീതിയിൽ നടക്കണം എന്നില്ല. എന്നാൽ, അവരുടെ ഭർത്താക്കന്മാർ ഇതൊക്കെ മനസിലാക്കണം എന്നുണ്ടോ? ഇല്ല എന്നാണ് ഇപ്പോൾ വൈറലാവുന്ന ഒരു പോസ്റ്റ് പറയുന്നത്.
AskAubry എന്ന അക്കൗണ്ടിൽ നിന്നാണ് ഒരാൾ തന്റെ ഭാര്യയെ അപമാനിക്കുന്ന തരത്തിൽ റെഡ്ഡിറ്റിൽ എഴുതിയ കുറിപ്പിന്റെ സ്ക്രീൻഷോട്ടുകൾ പങ്ക് വച്ചിരിക്കുന്നത്. അതിൽ ഒരു ചെറിയ കുഞ്ഞടക്കം ഏഴ് കുട്ടികളെ പരിചരിക്കുന്ന ഭാര്യയെ ഭർത്താവ് സോഷ്യൽ ലൈഫ് ഇല്ലാത്തതിന്റെ പേരിൽ അപമാനിക്കുന്നത് എങ്ങനെയാണ് എന്നാണ് പറയുന്നത്. ആഴ്ചയിൽ രണ്ട് ദിവസം ഇയാൾ പുറത്ത് പോകുന്നുണ്ട്. ഇയാൾ തന്റെ അവധിക്കാലം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുന്നുണ്ട്. എന്നാൽ, ഭാര്യ വെറും കുടുംബം നോക്കി നടക്കുന്ന ഒരാളാണ് എന്നാണ് ഭർത്താവ് കുറ്റപ്പെടുത്തുന്നത്.
റെഡ്ഡിറ്റ് പോസ്റ്റിൽ യുവാവ് പറയുന്നത് തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. താൻ അവർക്കൊപ്പം പുറത്ത് പോവുകയും ഒഴിവു വേളകളെല്ലാം ആസ്വദിക്കുകയും ചെയ്യാറുണ്ട് എന്നാണ്. എന്നാൽ, തന്റെ ഭാര്യയ്ക്ക് അങ്ങനെ ഒരു ജീവിതമേ ഇല്ല. പകരം എപ്പോഴും അവൾ കുട്ടികളുടെ പിന്നാലെയാണ്. അവരുടെ വിവിധ ക്ലാസുകൾ, അവരുടെ കാര്യങ്ങൾ എല്ലാം നോക്കിയാണ് അവൾ സമയം കളയുന്നത്. സുഹൃത്തുക്കളെ ഉണ്ടാക്കാനോ അവർക്കൊപ്പം പുറത്ത് പോകാനോ സമയം ചെലവഴിക്കാനോ ഒന്നും ഭാര്യ ശ്രമിക്കുന്നേ ഇല്ല എന്നാണ് യുവാവിന്റെ പരാതി. ഭാര്യ എപ്പോഴും കുട്ടികളേയും കുടുംബവും നോക്കി നടക്കുകയാണ് എന്നും പോസ്റ്റിൽ പറയുന്നു.
എന്നാൽ, പോസ്റ്റിന് അനേകം കമന്റുകളാണ് വന്നത്. ഏഴ് കുട്ടികളെയും നോക്കി പിന്നെ എങ്ങനെയാണ് അവൾ സോഷ്യൽ ലൈഫ് ഉണ്ടാക്കിയെടുക്കേണ്ടത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇയാൾ കുട്ടികളെ നോക്കുന്നത് വളരെ എളുപ്പമുള്ള എന്തോ സംഗതിയാണ് എന്നാണ് ധരിച്ചു വച്ചിരിക്കുന്നത് എന്നും പലരും അഭിപ്രായപ്പെട്ടു.
(ചിത്രം പ്രതീകാത്മകം)