
മക്കൾ ജീവിതത്തിൽ വിജയിച്ച് കാണുന്നത് അങ്ങേയറ്റത്തെ സന്തോഷമായി കാണുന്ന മാതാപിതാക്കളുണ്ട്. അത് തന്നെയാണ് കേന്ദ്ര ബസ്ബി എന്ന സ്ത്രീക്കും തന്റെ മകൾ ഡോക്ടറേറ്റ് നേടിയപ്പോൾ തോന്നിയത്. യുഎസ്സിലെ ന്യൂജേഴ്സിയിൽ നിന്നുമുള്ള ബസ്ബി മകൾ ക്രിസ്റ്റീൻ സ്മാൾസിന് ഡോക്ടറേറ്റ് കിട്ടിയപ്പോൾ ചെയ്തത് മകളെ അഭിനന്ദിച്ച് കൊണ്ട് വലിയൊരു ഡിജിറ്റൽ ബിൽബോർഡ് സ്ഥാപിക്കുക എന്നതാണ്.
ജൂലൈ 29 -ന് ഫിലാഡൽഫിയ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിനിൽ നിന്നാണ് സ്മോൾസിന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിക്കുന്നത്. അവളുടെ അമ്മ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു നിമിഷമായിരുന്നു അത്. അത് എങ്ങനെ ആഘോഷിക്കണമെന്നും അവർ കൃത്യമായി ആലോചിച്ച് വച്ചിട്ടുണ്ടായിരുന്നു.
മകളുടെ വിജയത്തിൽ ഏറെ അഭിമാനം തോന്നിയ ബസ്ബി 98,958 രൂപ നൽകിയാണ് മകളുടെ മുഖം പതിച്ച ബിൽബോർഡ് പ്രദർശിപ്പിച്ചത്. കാംഡന് സമീപം എയർപോർട്ട് സർക്കിളിന് തൊട്ടടുത്തായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. "ഞാൻ എന്നെത്തന്നെ വീണ്ടും പരിചയപ്പെടുത്തട്ടെ. ഡോ. ക്രിസ്റ്റീൻ എസ് സ്മാൾസ്. കാംഡനിൽ നിന്ന് എന്താണ് നല്ലത് സംഭവിച്ചിരിക്കുന്നത് എന്ന് നോക്കൂ!" എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്.
ഇതേ ബോർഡിന് മുന്നിൽ നിൽക്കുന്ന ചിത്രവും ബസ്ബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ താൻ മകളെ കുറിച്ച് ഒരുപാട് അഭിമാനിക്കുന്നു എന്ന് ബസ്ബി വ്യക്തമാക്കുന്നു.
ബസ്ബിയുടെ മകൾ ക്രിസ്റ്റീനും ബോർഡ് ഒരു സർപ്രൈസ് ആയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തന്റെയും സഹോദരന്റെയും കാര്യത്തിൽ അമ്മ എപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു എന്ന് ക്രിസ്റ്റീൻ പറയുന്നു. തങ്ങളുടെ വിജയത്തിൽ അമ്മ എപ്പോഴും സന്തോഷിച്ചിരുന്നു. അത് തങ്ങളെ അറിയിക്കാൻ അമ്മയ്ക്ക് കഴിയുന്നതെല്ലാം അമ്മ ചെയ്യുമായിരുന്നു എന്നും ക്രിസ്റ്റീൻ പറഞ്ഞു.
മകളെ അഭിനന്ദിക്കുക എന്നത് മാത്രമല്ല ബോർഡിന്റെ ലക്ഷ്യം. മറിച്ച് മറ്റ് ചെറുപ്പക്കാരെ കൂടി വിദ്യാഭ്യാസത്തിലേക്കും നേട്ടത്തിലേക്കും ആകർഷിക്കുക എന്നത് കൂടിയാണ് എന്നും ബസ്ബി പറയുന്നു.