Money Wives: പണക്കല്യാണം; കടം വീട്ടാന്‍ പെണ്‍കുട്ടികളെ പടുവൃദ്ധര്‍ക്ക് ഭാര്യയായി നല്‍കുന്ന ക്രൂരത!

By Web TeamFirst Published May 23, 2022, 12:21 PM IST
Highlights

ബാലികകളെ വാങ്ങുന്നത് പലപ്പോഴും പടുകിഴവന്മാരായിരിക്കും. ഇങ്ങനെ വാങ്ങുന്ന പെണ്‍കുട്ടികളെ പുതിയ ഭര്‍ത്താക്കന്മാര്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, കൗമാരപ്രായമാകുന്നതിന് മുമ്പ് തന്നെ ഗര്‍ഭിണികളാക്കുകയും ചെയ്യുന്നതായാണ് പരാതികള്‍. 

നൈജീരിയയിലെ ക്രോസ് റിവര്‍ സ്‌റ്റേറ്റിനും കാമറൂണ്‍ റിപ്പബ്ലിക്കിനും ഇടയിലുള്ള അതിര്‍ത്തിയില്‍ 17 കമ്മ്യൂണിറ്റികളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഗോത്രമാണ് ബെച്ചെവ്. അവിടെ കടം വാങ്ങിയ പണത്തിന് പകരമായി പെണ്‍കുട്ടികളെ വില്‍ക്കുന്ന ഒരു സമ്പ്രദായമുണ്ട്. 1820 മുതല്‍ നിലനില്‍ക്കുന്ന ഈ ദുരാചാരത്തിന്റെ പേര് 'പണക്കല്യാണം' അഥവാ 'മണി മാര്യേജ്'. 

ഈ പാരമ്പര്യമനുസരിച്ച്, പെണ്‍കുട്ടികളെ തീരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിച്ച് വിടുന്നു. വില്‍ക്കുന്നു എന്ന് പറയുന്നതായും കൂടുതല്‍ ശരി. അതും മൂത്ത് നരച്ച വൃദ്ധന്മാര്‍ക്കാണ് വീട്ടുകാര്‍ സ്വന്തം പെണ്മക്കളെ വിവാഹം കഴിപ്പിച്ച് കൊടുക്കുന്നത്. കുടുംബങ്ങള്‍ എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വരുമ്പോഴാണ് പെണ്‍കുട്ടികളെ കടം നല്‍കിയ ആള്‍ക്ക് തന്നെ വിവാഹം ചെയ്തു കൊടുക്കുന്നത്. ഇങ്ങനെ വിവാഹിതരാകുന്ന പെണ്‍കുട്ടികളെ 'മണി വൈവ്‌സ്' എന്നാണ് വിളിക്കുന്നത്.

മിക്ക കേസുകളിലും, പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് ഈ കൈമാറ്റം നടക്കുന്നത്. ബാലികകളെ വാങ്ങുന്നത് പലപ്പോഴും പടുകിഴവന്മാരായിരിക്കും. ഇങ്ങനെ വാങ്ങുന്ന പെണ്‍കുട്ടികളെ പുതിയ ഭര്‍ത്താക്കന്മാര്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, കൗമാരപ്രായമാകുന്നതിന് മുമ്പ് തന്നെ ഗര്‍ഭിണികളാക്കുകയും ചെയ്യുന്നതായാണ് പരാതികള്‍. 

വൈകാരികമായ ദുരുപയോഗം, ബലാത്സംഗം, ശാരീരികമായ ഉപദ്രവം എന്നിവയാണ് ഈ പെണ്‍കുട്ടികളില്‍ പലരും നേരിടുന്നത്. എങ്ങാന്‍ എതിര്‍ത്താല്‍ തീര്‍ത്തുകളയുമെന്ന ഭീഷണിയാവും ഉണ്ടാവുകയെന്ന് ഇത്തരം വിവാഹങ്ങള്‍ക്്ക വിധേയമായ സ്ത്രീകള്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ആചാരത്തിനെ വെല്ലുവിളിക്കാനോ, എതിര്‍ക്കാനോ അവകാശമില്ല. മിണ്ടാതെ വായമൂടി അനുസരിക്കാന്‍ മാത്രം ബാധ്യസ്ഥരാണ് അവര്‍. 4 വയസ്സുള്ള പെണ്‍കുട്ടികളെ ചിലപ്പോള്‍ അവരുടെ മുത്തച്ഛന്റെ പ്രായമുള്ള പുരുഷനായിരിക്കും വിവാഹം ചെയ്യുക. സ്ത്രീകളെ വെറും ഒരു ചരക്കായി കാണുന്ന ഒരു സമൂഹത്തില്‍ അവരുടെ കണ്ണുനീരിനും, യാതനകള്‍ക്കും തരിമ്പും വിലയില്ലാതെ പോകുന്നു.    

അത് മാത്രവുമല്ല, ഭര്‍ത്താവിന് പെണ്‍കുട്ടിയെ കുറിച്ച് നാള്‍ ഭാര്യയാക്കി വച്ചതിന് ശേഷം വേണമെങ്കില്‍ മറ്റൊരു പുരുഷന് വില്‍ക്കാം. അവരില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും വിവാഹജീവിതം നരകതുല്യമാണ്. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ക്ക് പുറമേ ഭര്‍ത്താക്കന്മാരുടെ കൃഷിയിടങ്ങളില്‍ അവര്‍ക്ക് എല്ലുമുറിയെ പണിയെടുക്കുകയും വേണം. പെണ്‍കുട്ടികള്‍ വര്‍ഷങ്ങളോളം അടിമത്തത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു. വിദ്യാഭ്യാസത്തിന് പോലും അവര്‍ക്ക് അവസരം ലഭിക്കുന്നില്ല. നിരന്തരം ഗാര്‍ഹിക പീഡനത്തിന് വിധേയരാകുന്ന അവരുടെ ആരോഗ്യവും പതുക്കെ ക്ഷയിക്കുന്നു.  

ഇനി ഈ പീഡനങ്ങളില്‍ മനം മടുത്ത് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാം എന്ന് വിചാരിച്ചാല്‍, അതും നടക്കില്ല. ബെച്ചെവില്‍, ഒരു സ്ത്രീയെ പണത്തിന് പകരമായി വിവാഹം കഴിപ്പിച്ച് അയച്ചാല്‍, പിന്നെ അവളുടെ കുടുംബം അവളെ മരിച്ചതായി കണക്കാക്കുന്നു. ഒരു സാഹചര്യത്തിലും അവള്‍ക്ക് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിക്കില്ല. ഭര്‍ത്താവ് അവളെ പീഡിപ്പിച്ചാലും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും അവള്‍ക്ക് അഭയത്തിനായി സ്വന്തം മാതാപിതാക്കളുടെ അടുത്തേയ്ക്ക് മടങ്ങാന്‍ സാധിക്കില്ല. ഇനി ഭര്‍ത്താവ് മരിച്ചാല്‍, അവളെ പരേതനായ ഭര്‍ത്താവിന്റെ അടുത്ത ബന്ധുവിന് ഭാര്യയായി നല്‍കും. എന്നാല്‍, മുന്‍ വിവാഹത്തില്‍ കുട്ടികളില്ലെങ്കില്‍, അവളുടെ മാതാപിതാക്കള്‍ക്ക് പുതിയ ഭര്‍ത്താവിനെ കണ്ടെത്താം. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി മരണം മാത്രമാണ്. ഗത്യന്തരമില്ലാതെ അതിനും ശ്രമിക്കുന്ന സ്ത്രീകളുണ്ട് അവിടെ.  

കാലം കടന്നിട്ടും, ആചാരം നിരോധിച്ചിട്ടും, ഇന്നും അത് മാറ്റമില്ലാതെ തുടരുന്നു എന്നതാണ് സത്യം. കാരണം, ഈ ഗോത്രസമൂഹത്തില്‍ ഈ മണി മാര്യേജ് അധികാരത്തിന്റെ ഒരടയാളമാണ്. ഭാര്യമാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സമൂഹം പുരുഷന്മാരെ ബഹുമാനിക്കുന്നത്. കൂടുതല്‍ ഭാര്യമാരുടെങ്കില്‍, കൂടുതല്‍ സ്ഥാനം. ഇന്ന് ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ നിരവധി സംഘടനകള്‍ രംഗത്തുണ്ട്. ബോധവല്‍ക്കരണ പരിപാടികളിലൂടെയും, വിദ്യാഭ്യാസത്തിലൂടെയും, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും ഈ പ്രാകൃത ആചാരത്തെ സമൂഹത്തില്‍ നിന്ന് പിഴുതു കളയാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.  

click me!