ജാർഖണ്ഡിൽ ജോലിയിൽ പ്രവേശിച്ച് പിറ്റേദിവസം തന്നെ പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലായി. ചെയിൻപൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ-ചാർജായി നിയമിതനായ ഷൈലേഷ് കുമാർ, 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായത്.  

ർക്കാർ ജോലിക്ക് കയറുക എന്നാൽ, കൈക്കൂലി വാങ്ങാനുള്ള ലൈസന്‍സ് എന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം. ആദ്യമായി ജോലിക്ക് കയറിയ അന്ന് തന്നെ കൈക്കൂലി ആവശ്യപ്പെടുക. പിറ്റേന്ന് അറസ്റ്റിലായി സസ്പെൻഷനിലാവുക തുടങ്ങിയ അതിവിചിത്രമായൊരു വാർത്തയാണ് ജാർഖണ്ഡിൽ നിന്നും പുറത്ത് വരുന്നത്. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ചെയിൻപൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ-ചാർജായി ഷൈലേഷ് കുമാർ നിയമിതനായത് ജനുവരി 13 -ാം തിയതിയായിരുന്നു. എന്നാൽ. അന്ന് തന്നെ അദ്ദേഹം 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പിറ്റേന്ന് റാഞ്ചിയിലെ അഴിമതി വിരുദ്ധ ബ്യൂറോ സംഘം ഷൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തു.

ജോലിയിൽ പ്രവേശിച്ച അന്ന് കൈക്കൂലി

ബുധനാഴ്ച (ജനുവരി 14 ന്) അഴിമതി വിരുദ്ധ ബ്യൂറോ സംഘം ചെയിൻപൂർ പോലീസ് സ്റ്റേഷനിലെത്തി ഷൈലേഷ് കുമാറിനെ 20,000 രൂപ കൈക്കൂലിയുമായ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് ഷൈലേഷ് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. വീട് പണിയുന്നതിനായി സ്വന്തം ഭൂമിയിൽ ഇഷ്ടികകൾ നിർമ്മിക്കാൻ അനുമതി തേടി ചെയിൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെൻഡോറ ഗ്രാമത്തിലെ താമസക്കാരനായ ജയ്പാൽ നായക് എന്നയാൾ സ്റ്റേഷനിലെത്തിയിരുന്നു.

View post on Instagram

പിറ്റേന്ന് അറസ്റ്റിൽ

നായക് സ്വന്തം പറമ്പിൽ വച്ച് ഇഷ്ടിക നിർമ്മിക്കുന്നുണ്ടെന്ന് അറി‌‌ഞ്ഞ് സ്റ്റേഷൻ എസ്എച്ച്ഒയായ ഷൈലേഷ് കുമാർ നായക്കിന്‍റെ വീട്ടിലെത്തി. ഇഷ്ടിക നിർമ്മാണത്തിന് അനുമതി നൽകിയത് താനാണെന്നും അതിനാൽ 20,000 മുതൽ 30,000 രൂപ വരെ കൈക്കൂലി വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ജയ്പാൽ നായക് അഴിമതി വിരുദ്ധ ബ്യൂറോയുമായി ബന്ധപ്പെട്ടു. പിന്നാലെ ഇവരുടെ നിർദ്ദേശം അനുസരിച്ച് പിറ്റേന്ന് തന്നെ ജയ്പാൽ സ്റ്റേഷനിലെത്തുകയും ഷൈലേഷ് കുമാറിന് പണം കൈമാറുകയുമായിരുന്നു. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന അഴിമതി വിരുദ്ധ ബ്യൂറോ സംഘം ഉടൻ തന്നെ ഷൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എസിബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.