പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് കോൾ, വിളിച്ചത് കുരങ്ങൻ

By Web TeamFirst Published Aug 17, 2022, 2:57 PM IST
Highlights

പതിയെ മൃ​ഗശാല ജീവനക്കാർ ആ സത്യം മനസിലാക്കി. അങ്ങോട്ട് ഫോൺ എടുത്ത് വിളിച്ചത് ഒരു കുരങ്ങനാണ്. റൂട്ട് എന്നാണ് ആ കുരങ്ങന്റെ പേര്. 

കുരങ്ങുകൾ വളരെ രസികന്മാരാണ്. അവ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കുക പോലും സാധ്യമല്ല. അത്തരമൊരു സംഭവം കാലിഫോർണിയയിലും ഉണ്ടായി. ഒരു മൃ​ഗശാലയിൽ നിന്നും കാലിഫോർണിയ പൊലീസിന്റെ എമർജൻസി നമ്പറായ 911 -ലേക്ക് ഒരു ഫോൺകോൾ വന്നതാണ് എല്ലാത്തിന്റെയും തുടക്കം. 

സാൻ ലൂയിസ് ഒബിസ്‌പോ കൗണ്ടി ഷെരീഫിന്റെ ഓഫീസ്, തങ്ങൾക്ക് 911 -ലേക്ക് ഒരു കോൾ വന്നു എന്ന് പറയുന്നു.  എന്നാൽ, പെട്ടെന്ന് തന്നെ അത് കട്ടാക്കപ്പെട്ടു. പക്ഷേ, തിരിച്ചു വിളിക്കുമ്പോൾ മറുവശത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. 

സഹായം ആവശ്യമാണോ എന്ന് ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥരെ ഫോൺ വന്ന സ്ഥലത്തേക്ക് അയച്ചു. ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ വടക്കുള്ള മൃഗശാലയുടെ വിലാസത്തിലാണ് അവർ എത്തിയത്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല. അവിടെ നിന്നും ആരും എമർജൻസി നമ്പറിലേക്ക് വിളിച്ചിരുന്നില്ല. 

പതിയെ മൃ​ഗശാല ജീവനക്കാർ ആ സത്യം മനസിലാക്കി. അങ്ങോട്ട് ഫോൺ എടുത്ത് വിളിച്ചത് ഒരു കുരങ്ങനാണ്. റൂട്ട് എന്നാണ് ആ കുരങ്ങന്റെ പേര്. മൃ​ഗശാല 40 ഏക്കറുണ്ട്. അതിനകത്ത് സഞ്ചരിക്കാനുപയോ​ഗിക്കുന്ന ​ഗോൾഫ് കാർട്ടിലാണ് ഫോൺ ഉണ്ടായിരുന്നത്. റൂട്ട് അതിൽ നിന്നും സെൽ ഫോൺ എടുക്കുകയായിരുന്നു. 

സാധാരണ ഈ കുരങ്ങന്മാർ കയ്യിൽ കിട്ടുന്നതെന്തും എടുക്കും. അങ്ങനെയാണ് ഫോണും എടുത്തത്. പിന്നീട് അതിലെ ബട്ടൺ ഞെക്കുകയായിരുന്നിരിക്കണം. ഏതായാലും സംഭവത്തെ കുറിച്ച് വിശദമായി തന്നെ പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു. 

Craze Of Social Media🤦‍♀️🤦‍♀️ pic.twitter.com/UiLboQLD32

— Queen of Himachal (@himachal_queen)

നേരത്തെ ഇതുപോലെ കുറച്ച് കുരങ്ങന്മാർ സോഷ്യൽ മീഡിയ നോക്കുന്ന വീഡിയോ വൈറലായിരുന്നു. അതിൽ ഒരാൾ ഒരു ഫോൺ പിടിച്ചിരിക്കുന്നതും കുരങ്ങന്മാർ അതിലേക്ക് നോക്കുന്നതും കാണാം. മാത്രവുമല്ല, അതിലൊരു കുരങ്ങൻ അത് താഴേക്ക് സ്ക്രോൾ ചെയ്യുന്നുമുണ്ട്. 

click me!