മക്കൾ മരിച്ചാൽ മനുഷ്യർ സങ്കടപ്പെടും, കുരങ്ങുകളോ..? ആരുടെയും കണ്ണ് നനയുന്ന ചില ദൃശ്യങ്ങള്‍...

By Web TeamFirst Published Sep 26, 2019, 11:09 AM IST
Highlights

പക്ഷേ, സ്നേഹിക്കുന്നതിനിടെ ആ അമ്മക്കുരങ്ങ് ഈ കൊച്ചിനെയും കൊണ്ട് മരക്കൊമ്പിൽ കയറിപ്പറ്റിയിരുന്നു. പക്ഷേ, അതിനൊരു കൈപ്പിഴ പറ്റി. കൊമ്പിൽ ഇരുന്നുകൊണ്ട് കൊച്ചിനെ കളിപ്പിക്കുന്നതിനിടെ പിടിവിട്ട് ഈ അനിമട്രോണിക്സ് കുട്ടിക്കുരങ്ങ് താഴെ പാറപ്പുറത്തേക്ക് വീണുപോയി. 

മനുഷ്യായുസ്സിൽ അനുഭവിക്കാവുന്ന ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്ന് പുത്രദുഃഖമാണ് എന്ന് പറയാറുണ്ട്. കുഞ്ഞുങ്ങളുടെ മൃത്യു ഏതൊരു കഠിനഹൃദയന്റെയും മനസ്സിനെ പിടിച്ചുലയ്ക്കാൻ പോന്നതാണ്. മാമ്പഴമെന്ന വൈലോപ്പിള്ളിക്കവിതയിലെ അമ്മ മുതൽ, അടിയന്തരാവസ്ഥക്കാലത്ത് മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരെന്ന കോളേജ് പ്രൊഫസർ വരെ അവരുടെ സങ്കടത്തിന്റെ ഉമിത്തീയിൽ ഒപ്പം നമ്മളെയും നീറ്റിയിട്ടുണ്ട്. 

മാസങ്ങൾ വയറ്റിൽ പേറി നൊന്തു പ്രസവിക്കുന്ന കുഞ്ഞുങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നത് ഏതൊരമ്മയ്ക്കും ചങ്കുപറിച്ചുകൊടുക്കുന്ന വേദനയാവും സമ്മാനിക്കുക. സ്വന്തം കുഞ്ഞുങ്ങളല്ലെങ്കിൽ പോലും മരിച്ചാൽ അടുപ്പമുള്ളവർക്ക് അത് വിഷമമാകും. ഈ വിഷമം മനുഷ്യന് മാത്രമുള്ള ഒന്നാണോ..? അല്ല എന്നാണുത്തരം. ഇനി പറയാൻ പോവുന്നത് അത്തരത്തിൽ നടന്ന ഒട്ടു യാദൃച്ഛികമായ ഒരു പഠനത്തിന്റെ കഥയാണ്. 

സംഭവം നടക്കുന്നത് രാജസ്ഥാനിലാണ്. ബിബിസി -യുടെ, 'സ്പൈ ഇൻ ദ വൈൽഡ്' എന്ന പേരിലുള്ള ഡോക്യുമെന്‍ററിക്ക് വേണ്ടി രാജസ്ഥാൻ ലംഗൂറുകൾ എന്നൊരിനം കുരങ്ങുകൾക്കിടയിൽ അവയുടെ ജീവിതരീതികൾ ക്യാമറയിൽ പകർത്താൻ വേണ്ടി ഒരു അനിമട്രോണിക്സ് ലംഗൂറിനെ (റോബോട്ട്) പ്രതിഷ്ഠിച്ചു. കണ്ടാൽ മറ്റുള്ള ലംഗൂറുകളെപ്പോലെ തന്നെയിരിക്കും ഈ മോഡലും. കൈകാലുകളും ഇടയ്ക്കിടെ അനങ്ങും. ലംഗൂറുകളുടെ ശബ്ദം അതിനുള്ളിൽ റെക്കോർഡ് ചെയ്തു വെച്ചിരുന്നു. അതും ഇടയ്ക്കിടെ പുറപ്പെടുവിക്കാൻ ആ മോഡലിന് കഴിഞ്ഞിരുന്നു. എന്തിനധികം പറയുന്നു, ലംഗൂറുകളുടെ ആ കൂട്ടം ഈ കുട്ടിലംഗൂറിന് ജീവനുണ്ടെന്ന്, അത് തങ്ങളെപ്പോലെ ഒരു ലംഗൂർ തന്നെ എന്നു ധരിച്ചുവശായി. കുഞ്ഞുങ്ങളില്ലാതിരുന്ന ഒരു പെൺ ലംഗൂർ അതിനെ സ്വന്തം മകനെപ്പോലെ കണ്ടുകൊണ്ട് പരിചരിക്കാനും തുടങ്ങി. അവനെ മടിയിലിരുത്തി മുടിയിലെ പേൻ നോക്കാൻ തുടങ്ങി. നക്കിത്തോർത്തി സ്നേഹിക്കാനും തുടങ്ങി. 

സ്നേഹിക്കുന്നതിനിടെ ആ അമ്മക്കുരങ്ങ് ഈ കൊച്ചിനെയും കൊണ്ട് മരക്കൊമ്പിൽ കയറിപ്പറ്റിയിരുന്നു. പക്ഷേ, അതിനൊരു കൈപ്പിഴ പറ്റി. കൊമ്പിൽ ഇരുന്നുകൊണ്ട് കൊച്ചിനെ കളിപ്പിക്കുന്നതിനിടെ പിടിവിട്ട് ഈ അനിമട്രോണിക്സ് കുട്ടിക്കുരങ്ങ് താഴെ പാറപ്പുറത്തേക്ക് വീണുപോയി. താഴെ വീണ കുരങ്ങിന് എഴുന്നേൽക്കാനായില്ല. അതിന്റെ ഉടലിൽ യന്ത്രസഹായത്തോടെ ആവേശിപ്പിച്ചിരുന്ന കൃത്രിമജീവൻ അതിനെ വിട്ടുപോയി. പിന്നെ അത് കൈകാലുകൾ ചലിപ്പിച്ചില്ല. ഉള്ളിൽ നിന്നുപുറപ്പെട്ടിരുന്ന ശബ്ദവും നിലച്ചു. പിന്നാലെ പാഞ്ഞുവന്ന കുരങ്ങൻപറ്റം ആ കുഞ്ഞിന് ചുറ്റും കൂടി, നെഞ്ചത്ത് ചെവി വെച്ച് നോക്കിയും, മണം പിടിച്ചും, കുലുക്കിനോക്കിയും ഒക്കെ ആകെ പരിഭ്രാന്തരായി. കൂട്ടത്തിൽ ഏറ്റവും വിഭ്രാന്തി കാണിച്ചത് ആ അമ്മക്കുരങ്ങായിരുന്നു. അതിന് ആകെ ഒരു പശ്ചാത്താപ ഭാവമായിരുന്നു. തന്റെ ശ്രദ്ധക്കുറവുകൊണ്ട് ഒരു കുട്ടിക്കുരങ്ങ്, അതും തന്റേതല്ലാത്ത ഒന്ന്, അപകടം പിണഞ്ഞു മരിച്ചുപോയതിൽ അതിന് അടക്കാനാകാത്ത സങ്കടമുണ്ടായിരുന്നു. 

അതിനു ശേഷം അവിടെ നടന്നത് ആരുടേയും കണ്ണുനനയിക്കുന്ന കുറെ സംഭവങ്ങളായിരുന്നു. അവിടെ പിന്നെ നടന്ന ശോകപ്രകടനങ്ങൾ മനുഷ്യരുടേതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. കുരങ്ങുകളുടെ ശോകം, മനുഷ്യരുടേതിനോട് ഏറെ സാമ്യമുള്ള ഒന്നാണ്. ഈ ശോകം നീണ്ടുനിൽക്കുന്ന കാലയളവ് വിവിധയിനം കുരങ്ങുകളിൽ വെവ്വേറെയാണ്. കൂടെയുള്ള കുരങ്ങുകളിലൊന്ന് മരണപ്പെട്ടാൽ ആ കുരങ്ങിൻപറ്റം ഒന്നാകെ വിഷാദഗ്രസ്തമാകും. അതോടെ, അതുവരെ പ്രതികരിച്ചിരുന്നു പല പ്രകോപനങ്ങളോടും അവ പ്രതികരിക്കാതെയാകും. 

1972-ൽ ജെയിൻ ഗുഡാൽ എന്ന ശാസ്ത്രജ്ഞ ചിമ്പാൻസികളിലെ ഇത്തരത്തിലുള്ള വിഷാദപ്രകടനങ്ങൾ റെക്കോർഡ് ചെയ്യുകയുണ്ടായി. ഫ്ലോ എന്ന് പേരായ പെൺകുരങ്ങിന്റെ മരണം സംഭവിച്ചപ്പോൾ ഫ്ലിന്റ് എന്ന അതിന്റെ കുഞ്ഞ് ഡിപ്രഷന്  അടിമയായിരുന്നു. അവൻ കൂട്ടത്തോട് ഇടപഴകുന്നതും, ഭക്ഷണം കഴിക്കുന്നതും ഒക്കെ നിർത്തിക്കളഞ്ഞിരുന്നു അന്ന്. അമ്മക്കുരങ്ങിന്റെ മരണം സംഭവിച്ച് ഒരു മാസത്തിനുള്ളിൽ അവനും മരിച്ചുപോയിരുന്നു. 

2018  സ്‌കോട്ട്ലൻഡിലെ ഒരു നാഷണൽ പാർക്ക് ഒരാഴ്ചത്തേക്ക് അടച്ചിടുകയുണ്ടായി. ഇതുപോലെ ഒരു കുരങ്ങിന് കൂട്ടത്തിന് തങ്ങളിൽ ഒരാളുടെ മരണത്തിൽ ശോകം ആചരിക്കാനുള്ള സമയം കൊടുക്കാൻ വേണ്ടിയായിരുന്നു അത്. പലപ്പോഴും, ചത്തുകഴിഞ്ഞാലും, ആ കുഞ്ഞിന്റെ മൃതദേഹത്തെ കളിപ്പിക്കുന്നതും, കൂടെ കൊണ്ട് നടക്കുന്നതും അമ്മക്കുരങ്ങുകളുടെ ഒരു രീതിയാണ്. കണ്ടാൽ ആർക്കും സങ്കടം തോന്നിപ്പോകും. 

പത്തുദിവസം വരെ ഈ ശോകം നീണ്ടുനിൽക്കാറുണ്ട് പലപ്പോഴും. എന്നാൽ, തങ്ങളുടെ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു, മരിച്ചു എന്നൊക്കെയുള്ള കാര്യങ്ങൾ ഈ അമ്മക്കുരങ്ങുകൾക്ക് അറിയാൻ സാധിക്കാറുണ്ടോ എന്നത് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളാണ്. മൃതദേഹങ്ങളെ അവർ കൂടെ കൊണ്ടുനടക്കുന്ന അമ്മക്കുരങ്ങിന്റെ പെരുമാറ്റരീതി തന്നെയാണ് ഇക്കാര്യത്തിൽ ഒരു സംശയത്തിന് ഇട നൽകുന്നത്. പലപ്പോഴും തറയിലൂടെ വലിച്ചും മറ്റും ആ ദേഹം കൊണ്ട് പോകും. ജപ്പാനിലെ ഒരിനം കുരങ്ങുകൾ കൂട്ടത്തിലൊന്നിന്റെ മരണശേഷം ഒരു പ്രത്യേക ആവൃത്തിയിലുള ശബ്ദം പുറപ്പെടുവിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അത് മരണത്തെക്കുറിച്ചുള്ള എന്തോ ഒരു വിവരം ആ ഇനം കുരങ്ങന്മാർക്ക് കിട്ടുന്നതിന്റെ സൂചനയാകാം.

മനുഷ്യരോട് ബുദ്ധിയിലും, പെരുമാറ്റ രീതികളിലും ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു ജീവിവർഗ്ഗമാണ് കുരങ്ങുകൾ. അവർക്കും നമ്മളെപ്പോലെ ആത്മസങ്കടങ്ങളുണ്ടാകാം. വിഷമങ്ങളുണ്ടാകാം. ഉണ്ട് എന്നുതന്നെയാണ് ഈ പുതിയ പഠനഫലങ്ങൾ തെളിയിക്കുന്നത്. 

വീഡിയോ കാണാം:

 

click me!