
പ്രതിമാസം 3 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും ഡ്രൈവറെ നിയമിക്കാൻ മടിച്ച് സോഷ്യൽ മീഡിയയിൽ ഉപദേശം തേടിയ യുവ ഡോക്ടറുടെ കുറിപ്പ് ഓൺലൈനിൽ വൻ ചർച്ചയാകുന്നു. ദിവസവും ഏതാണ്ട് 60 കിലോമീറ്റർ വാഹനം ഓടിക്കണമെന്നും എന്നാൽ ഒരു ഡ്രൈവറെ വയ്ക്കാൻ മടിയാണെന്നും പറഞ്ഞ് കൊണ്ട് 33 -കാരനായ ഒരു ഡോക്ടർ റെഡ്ഡിറ്റിലെഴുതിയ കുറിപ്പാണ് സമൂഹ മാധ്യമത്തിൽ വൈറലായത്.
25 കിലോമീറ്റർ അകലെയുള്ള രണ്ട് ആശുപത്രികളിലായി ജോലി ചെയ്യുന്ന തനിക്ക് ദിവസേന 60 കിലോമീറ്ററോളം കാർ ഓടിക്കേണ്ടി വരുന്നുണ്ടെന്ന് ഡോക്ടർ പറയുന്നു. കനത്ത ഗതാഗതക്കുരുക്കും പാർക്കിംഗ് ബുദ്ധിമുട്ടുകളും കാരണം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കടുത്ത ശാരീരിക - മാനസിക ക്ഷീണമാണ് അനുഭവപ്പെടുന്നത്. മാസം 3 ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും ഡ്രൈവർക്കായി 18,000 രൂപ ചെലവഴിക്കുന്നത് ലാഭകരമാണോ എന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ സംശയം. എന്നാൽ ചോദ്യം ഉയർന്നതിന് പിന്നാലെ ഡോക്ടറെ പിന്തുണച്ചും എത്രയും വേഗം ഡ്രൈവറെ വയ്ക്കാൻ ഉപദേശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
"കടുത്ത ക്ഷീണത്തോടെ വണ്ടി ഓടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഡ്രൈവിംഗിനിടയിൽ ഒരു നിമിഷത്തേക്ക് ശ്രദ്ധ മാറിയാൽ പോലും വലിയ അപകടം സംഭവിച്ചേക്കാം. അത് മറ്റ് മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാണ്. അതിനാൽ പണം നോക്കാതെ ഒരു ഡ്രൈവറെ നിയമിക്കൂ." എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. "12 വർഷം മുമ്പ് മാസം ഒരു ലക്ഷം രൂപ പോലും വരുമാനമില്ലാത്തപ്പോഴാണ് ഞാൻ ഡ്രൈവറെ നിയമിച്ചത്. അന്ന് പലരും എന്നെ കളിയാക്കിയെങ്കിലും ഞാൻ എടുത്തതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ തീരുമാനമായിരുന്നു അത്. ഡ്രൈവിംഗ് ക്ഷീണമില്ലാതെ വീട്ടിലെത്താനും ആ സമയം കുടുംബത്തിനും മറ്റ് കാര്യങ്ങൾക്കുമായി മാറ്റിവെക്കാനും എനിക്ക് സാധിച്ചു." എന്നാൽ എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. "സ്വസ്ഥതയ്ക്കും ജീവിത നിലവാരം ഉയർത്തുന്നതിനും ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമാണിത്. എന്നാൽ, നല്ലൊരു ഡ്രൈവറെ കണ്ടെത്താൻ ശ്രദ്ധിക്കുക, നിലവിൽ നിങ്ങൾ പറയുന്ന 18,000 രൂപ എന്നത് കുറഞ്ഞ തുകയാണ്." എന്നും ചിലർ കുറിച്ചു. ചുരുക്കത്തിൽ, പണത്തേക്കാൾ ഉപരി സ്വന്തം സുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകി ഉടൻ തന്നെ ഒരു ഡ്രൈവറെ നിയമിക്കാനാണ് ഭൂരിഭാഗം പേരും ഡോക്ടറോട് ആവശ്യപ്പെട്ടത്.