കൊടുംചൂടുകാലത്ത് പതിനായിരത്തോളം വീടുകളില്‍ കറന്റുപോയി, കാരണം ഒരു പാമ്പ്!

Published : Jul 07, 2022, 04:20 PM IST
കൊടുംചൂടുകാലത്ത് പതിനായിരത്തോളം വീടുകളില്‍  കറന്റുപോയി, കാരണം ഒരു പാമ്പ്!

Synopsis

ജൂണ്‍ 29 ന് ഉച്ചകഴിഞ്ഞ് 2:10 നാണ് കറന്റ് പോയത്. പുക ഉയര്‍ന്നു, അലാറം അടിച്ചു. അലാറം അടിയും, പുകയും ഒക്കെ ഉണ്ടായതോടെ എന്തോ അത്യാഹിതം സംഭവിച്ചെന്ന് കരുതി  തോഹോകു ഇലക്ട്രിക് പവര്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പാഞ്ഞെത്തി. Representational Image 

ഒരു പാമ്പ് കാരണം ഇരുട്ടിലായത് പതിനായിരത്തോളം വീടുകള്‍. ഇരപിടിക്കാനായി ഒരു ഇലക്ട്രിക് സബ് സ്റ്റേഷനില്‍ വലിഞ്ഞു കയറിയതായിരുന്നു പാമ്പ്. അത് ആരും കണ്ടതുമില്ല. എന്നാല്‍ ഇരയെ പിടിക്കുന്നതിന് മുന്‍പ് തന്നെ പാമ്പിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. വൈദ്യുതി കമ്പിയില്‍ തട്ടിയ പാമ്പ് ഭസ്മമായി. പക്ഷേ, പണി കിട്ടിയത് നാട്ടുകാര്‍ക്കാണ്. പതിനായിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. സംഭവം പക്ഷേ ഇന്ത്യയിലല്ല കേട്ടോ, അങ്ങ് ജപ്പാനിലാണ്.

ജപ്പാനിലെ ഫുകുഷിമ പ്രിഫെക്ചറിലെ കൊരിയാമ നഗരത്തിലാണ് സംഭവം. ജപ്പാനില്‍ ഇപ്പോള്‍ നല്ല ചൂടാണ്. ഫാനില്ലാതെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. 

ജൂണ്‍ 29 ന് ഉച്ചകഴിഞ്ഞ് 2:10 നാണ് കറന്റ് പോയത്. പുക ഉയര്‍ന്നു, അലാറം അടിച്ചു. അലാറം അടിയും, പുകയും ഒക്കെ ഉണ്ടായതോടെ എന്തോ അത്യാഹിതം സംഭവിച്ചെന്ന് കരുതി  തോഹോകു ഇലക്ട്രിക് പവര്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പാഞ്ഞെത്തി. ആറ് അഗ്‌നിശമന വാഹനങ്ങളാണ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത്. സംഭവത്തെ തുടര്‍ന്ന്, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യത ഉള്ളത്‌കൊണ്ട് ഉദ്യോഗസ്ഥര്‍  വൈദ്യുതി ബന്ധം വിഛേദിച്ചു. ഇതോടെ പതിനായിരക്കണക്കിന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതിയില്ലാതായി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്തു. 

അതിനിടയിലാണ്, കമ്പികള്‍ക്കിടയില്‍ പാമ്പിന്റെ കരിഞ്ഞ അവശിഷ്ടങ്ങള്‍ അവര്‍ കണ്ടത്. സബ് സ്റ്റേഷനില്‍ കയറിയ പാമ്പ് വൈദ്യുത കമ്പിയില്‍ തട്ടിയപ്പോള്‍ കരിഞ്ഞു പോയതായിരുന്നു. 

സംഭവം നടന്ന പരിസരത്ത് നിരവധി കടകളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് നല്ല ചൂടായിരുന്നതിനാല്‍ കറന്റ് കൂടി പോയതോടെ പലര്‍ക്കും ജോലി ചെയ്യാന്‍ സാധിക്കാതെയായി. ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായതോടെ തനിക്ക് കട അടക്കേണ്ടി വന്നുവെന്ന് സമീപത്തുള്ള ഒരു ബാര്‍ബര്‍ പറഞ്ഞു. 

തങ്ങളുടെ ഈ കഷ്ടപ്പാടിന്റെ കാരണം ഒരു പാമ്പായിരുന്നുവെന്ന് അറിഞ്ഞ നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ച് നിന്ന് പോയി. പലരും അതിനെ ചുറ്റി പ്പറ്റി രസകരമായ കഥകള്‍ മെനഞ്ഞു.  ഒരു നഗരത്തിലെ വൈദ്യുതി സംവിധാനത്തെ മുഴുവന്‍ ഒരു പാമ്പ് എത്ര അനായാസം പ്രവര്‍ത്തനരഹിതമാക്കി എന്നത് ആളുകളെ അത്ഭുതപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലും ഇത് ഏറെ ചര്‍ച്ചയായി. സംഭവത്തില്‍ ചിലര്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. മറ്റ് ചിലരാകട്ടെ പാമ്പ് ചത്തതില്‍ ഖേദം പ്രകടിപ്പിച്ചു.  

ജപ്പാന്‍ കഠിനമായ ഉഷ്ണ തരംഗത്തെയാണ് ഇപ്പോള്‍ നേടുന്നത്. 2015 -ന് ശേഷമുള്ള ഏറ്റവും വലിയ താപനിലയാണ് അവിടെ ഈ ദിവസങ്ങളില്‍ കണ്ടത്. കടുത്ത ചൂടിനെ നേരിടാന്‍ ആളുകള്‍ എസിയെ കൂടുതലായി ആശ്രയിക്കുന്നത്, ജപ്പാനിലെ പവര്‍ ഗ്രിഡിനെ കൂടുതല്‍ ക്ഷയിപ്പിച്ചു. അസാധാരണമായ ഉയര്‍ന്ന താപനില വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും ജാപ്പനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  


 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്
ഇല്ലാത്ത രോ​ഗത്തിന്റെ പേരില്‍ വനിതാ ഡോക്ടർമാർക്ക് മുന്നിൽ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, ഇന്ത്യൻ വംശജൻ കാനഡയിൽ കസ്റ്റഡിയിൽ