യുഎസ് അറിയാതിരിക്കാന്‍ 2001-ല്‍ മണ്ണില്‍ കുഴിച്ചിട്ട മുല്ല ഉമറിന്റെ കാര്‍ താലിബാന്‍ പുറത്തെടുത്തു!

By Web TeamFirst Published Jul 7, 2022, 3:34 PM IST
Highlights

താലിബാന്‍ സ്ഥാപക നേതാവായ മുല്ല മുഹമ്മദ് ഒമറിന്റെ ഒരു പഴയ വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാറാണ് താലിബാന്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്. 

അതിനിടെയാണ് മുല്ല ഉമറിന്റെ കുടിലിന് തൊട്ടടുത്തായി അമേരിക്കന്‍ സൈന്യം ഒരു താവളം ആരംഭിച്ചത്. അതോടെ, അവിടെനിന്ന് രക്ഷപ്പെട്ട് ഷിന്‍കായി ജില്ലയിലെ വിദൂരമായ ഒരു നദിക്കരയില്‍ മറ്റൊരു മണ്‍കുടിലില്‍ ഉമര്‍ താമസമാരംഭിച്ചു. അധികം വൈകാതെ ഇതിനടുത്തും  അമേരിക്കന്‍ സൈന്യം താവളമാരംഭിച്ചു. എന്നാല്‍, പിന്നെ അയാള്‍ അവിടം വിട്ടുപോയില്ല. പകരം അതീവരഹസ്യമായി താമസം തുടര്‍ന്നു. പലപ്പോഴും നദിക്കരയിലെ കനാലിനകത്തായിരുന്നു മുല്ല ഉമര്‍ രാത്രി കഴിഞ്ഞിരുന്നത്.

 

രണ്ട് പതിറ്റാണ്ടോളം മണ്ണിനടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന തങ്ങളുടെ സ്ഥാപക നേതാവിന്റെ കാര്‍ താലിബാന്‍ വീണ്ടും പൊടിതട്ടിപുറത്തെടുത്തു. താലിബാന്‍ സ്ഥാപക നേതാവായ മുല്ല മുഹമ്മദ് ഒമറിന്റെ ഒരു പഴയ വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാറാണ് താലിബാന്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്. ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ സഹോദരനായ അനസ് ഹഖാനിയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. 

ഇതോടൊപ്പം ചില ചിത്രങ്ങളും അയാള്‍ പങ്കുവച്ചിട്ടുണ്ട്.  ചരിത്രസംഭവങ്ങളുടെ ഭാഗമായിരുന്ന ഒരാള്‍ ഈ കാറില്‍ സഞ്ചരിച്ചിരുന്നു എന്ന അടികുറിപ്പോടെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 2001 -ല്‍ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് കടന്ന് താലിബാനുമായി യുദ്ധം തുടങ്ങിയ കാലത്താണ് ഇത് മണ്ണില്‍ കുഴിച്ചിട്ടത്. യുഎസ് സൈന്യം വാഹനം നശിപ്പിക്കാതിരിക്കാന്‍ മുല്ല ഉമര്‍ തന്നെയാണ് വാഹനം മണ്ണിട്ട് മൂടിയത്.  ഇരുപത്തൊന്ന് വര്‍ഷക്കാലം അത് മണ്ണിനടയില്‍ ആരും കാണാതെ കിടക്കുകയായിരുന്നു. 

അമേരിക്കയിലെ വിഖ്യാതമായ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ അല്‍ഖാഇദ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു 2001-ല്‍ യു എസ് അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയത്. യു എസ് സൈന്യം എത്തിയതിനു പിന്നാലെ മുല്ല ഉമര്‍ തന്റെ ടൊയോട്ട കാറില്‍ കാണ്ഡഹാറില്‍ നിന്ന് സാബൂളിലേക്ക് പലായനം ചെയ്തു. ചുമതലകള്‍ സഹായികളെ ഏല്‍പ്പിച്ചാണ് മുല്ല ഉമര്‍ സ്ഥലംവിട്ടത്. എന്നാല്‍, അതിനുശേഷവും താലിബാന്‍ അവരുടെ ആത്മീയ നേതാവായി മുല്ല ഉമറിനെ തന്നെയാണ് കണക്കാക്കിയത്. 

 

Toyota Wagon belonging to the founder of the Islamic Emirate of Afghanistan, late Mullah Muhammad Umar Mujahid has been dug up and will be cleaned. This Toyota wagon was used by the late Amir to travel from Kandahar to Zabul province during the start of US led invasion. pic.twitter.com/rvEPuvrpxD

— Muhammad Jalal (@MJalal313)

 

സാബൂളില്‍ മുല്ല ഉമര്‍ രഹസ്യമായി താമസിച്ചത് പുഴക്കരയിലെ ഒരു മണ്‍കുടിലിലായിരുന്നു. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ അവിടെ ഒരിടത്ത് തന്റെ വാഹനം രഹസ്യമായി കുഴിച്ചിടുകയും ചെയ്തു. അമേരിക്ക അതിനിടെ മുല്ല ഉമറിന്റെ തലയ്ക്ക് 10 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. അമേരിക്കന്‍ സൈന്യം വമ്പിച്ച തെരച്ചില്‍ നടത്തുകയും ചെയ്തു. 

അതിനിടെയാണ് മുല്ല ഉമറിന്റെ കുടിലിന് തൊട്ടടുത്തായി അമേരിക്കന്‍ സൈന്യം ഒരു താവളം ആരംഭിച്ചത്. അതോടെ, അവിടെനിന്ന് രക്ഷപ്പെട്ട് ഷിന്‍കായി ജില്ലയിലെ വിദൂരമായ ഒരു നദിക്കരയില്‍ മറ്റൊരു മണ്‍കുടിലില്‍ ഉമര്‍ താമസമാരംഭിച്ചു. അധികം വൈകാതെ ഇതിനടുത്തും  അമേരിക്കന്‍ സൈന്യം താവളമാരംഭിച്ചു. എന്നാല്‍, പിന്നെ അയാള്‍ അവിടം വിട്ടുപോയില്ല. പകരം അതീവരഹസ്യമായി താമസം തുടര്‍ന്നു. പലപ്പോഴും നദിക്കരയിലെ കനാലിനകത്തായിരുന്നു മുല്ല ഉമര്‍ രാത്രി കഴിഞ്ഞിരുന്നത്. അതിനിടെയാണ്, 2013-ല്‍ മുല്ല ഉമര്‍ അസുഖബാധിതനായി മരിക്കുന്നത്. എന്നാല്‍, താലിബാന്‍ ഇക്കാര്യം രഹസ്യമായി വെച്ചു. മൃതദേഹം സംസ്‌കരിച്ച ശേഷവും അവര്‍ മുല്ല ഉമറിന്റെ പേരില്‍ പ്രസ്താവനകള്‍ ഇറക്കുന്നത് തുടര്‍ന്നു. രണ്ടു വര്‍ഷത്തിനു ശേഷമാണ് അമേരിക്കയും പുറംലോകവും മുല്ല ഉമറിന്റെ മരണവിവരം അറിഞ്ഞത്. എന്നാല്‍, മുല്ല ഉമറിന്റെ കാറിന്റെ കഥ താലിബാനു പുറത്തുപോയിരുന്നില്ല. 

കഴിഞ്ഞ വര്‍ഷം യു.എസ് സൈന്യം അഫ്ഗാനിസ്താനില്‍നിന്നും പിന്‍വാങ്ങി, താലിബാന്‍ വീണ്ടും അധികാരത്തില്‍ കയറി. ഇതോടെ അവര്‍ തങ്ങളുടെ സ്ഥാപക നേതാവിന്റെ ഖബറിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മുല്ല ഉമറിന്റെ ഖബറിടം രാജ്യത്തിന്റെ തെക്ക് പ്രവിശ്യയായ സാബൂളില്‍ ഈയടുത്താണ് കണ്ടെത്തിയത്. അതിനുശേഷമാണ് കഴിഞ്ഞ ചൊവ്വാഴ്ച മണ്ണില്‍ കുഴിച്ചിട്ടിരുന്ന വാഹനം കണ്ടെത്തിയത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു കാര്‍ ഉണ്ടായിരുന്നത്. മണ്ണും പൊടിയും പറ്റിയിട്ടുണ്ടെന്നല്ലാതെ, മറ്റ് കാര്യമായ കേടുപാടുകള്‍ ഒന്നും അതിന് സംഭവിച്ചിട്ടില്ല. വാഹനം ഉടന്‍ തന്നെ കാബൂളിലെ നാഷണല്‍ മ്യൂസിയത്തിലേയ്ക്ക് മാറ്റാനാണ് താലിബാന്റെ തീരുമാനം. അത് അവിടെ പൊതു പ്രദര്‍ശനത്തിന് വച്ചേക്കുമെന്നാണ് കരുതുന്നത്.  

1962-ല്‍ അഫ്ഗാന്‍ പ്രവിശ്യയായ കാണ്ഡഹാറിലാണ് മുല്ല ഉമര്‍ ജനിച്ചത്. 1980-കളില്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സേനയ്ക്കെതിരെ മുജാഹിദുകള്‍ നടത്തിയ പോരാട്ടത്തില്‍ മുല്ല ഉമര്‍ പങ്കാളിയായിരുന്നു. യുദ്ധത്തില്‍ അയാള്‍ക്ക് വലതുകണ്ണ് നഷ്ടപ്പെട്ടു. പിന്നീട് 1989-ല്‍ സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങിയ ശേഷം, ഉമര്‍ മതനേതാവായും അധ്യാപകനായും തന്റെ ജന്മദേശത്തേക്ക് മടങ്ങി. 1994-ലാണ് മുല്ല ഉമര്‍ താലിബാന്‍ സ്ഥാപിച്ചത്. 1996 സെപ്റ്റംബറില്‍ താലിബാന്‍ അഫ്ഗാനിസ്താനിന്റെ അധികാരം പിടിച്ചെടുത്തു. മുല്ല ഉമര്‍ അഫ്ഗാനിസ്ഥാന്റെ രാഷ്ട്രത്തലവനായി മാറി. പിന്നീട് 2001-ല്‍ യുഎസ് സൈന്യം രാജ്യത്ത് ആക്രമണം ആരംഭിച്ചതോടെ മുല്ല ഉമര്‍ ഒളിവില്‍ പോവുകയായിരുന്നു. 

ഉസാമ ബിന്‍ ലാദന്റെ അടുത്ത കൂട്ടാളി കൂടിയായിരുന്നു മുല്ല ഉമര്‍. ബിന്‍ ലാദന്റെ മൂത്ത മകളെ മുല്ല ഭാര്യയായി സ്വീകരിച്ചുവെന്നും, മുല്ലയുടെ മകളില്‍ ഒരാളെ ബിന്‍ ലാദന്‍ നാലാമത്തെ ഭാര്യയായി സ്വീകരിച്ചിരിച്ചുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.  
 

click me!