Ecuador prison riot: രക്തക്കളമായി വീണ്ടും ഇക്വഡോർ ജയിൽ, കലാപത്തിൽ കൊല്ലപ്പെട്ടത് 23 തടവുകാർ

Published : May 10, 2022, 12:04 PM IST
Ecuador prison riot: രക്തക്കളമായി വീണ്ടും ഇക്വഡോർ ജയിൽ, കലാപത്തിൽ കൊല്ലപ്പെട്ടത് 23 തടവുകാർ

Synopsis

കഴിഞ്ഞ വർഷം മേയിൽ അധികാരമേറ്റ പ്രസിഡന്റ് ലാസ്സോ, ഇക്വഡോറിലെ കുറ്റകൃത്യങ്ങൾക്ക് കാരണം മയക്കുമരുന്ന് കടത്താണെന്ന് ആരോപിച്ചിരുന്നു. 

ഇക്വഡോറി(Ecuador)ലെ ജയിലിൽ വീണ്ടും കലാപം. കൊല്ലപ്പെട്ടത് 23 തടവുകാരെ(inmates)ന്ന് പബ്ലിക് പ്രോസിക്യൂട്ടർ. കലാപങ്ങൾക്കും രക്തരൂക്ഷിത സംഘർഷങ്ങൾക്കും പേരുകേട്ടതാണ് ഇക്വഡോർ ജയിലുകൾ. ഇപ്പോൾ, തലസ്ഥാനമായ ക്വിറ്റോയിൽ നിന്ന് 80 കിലോമീറ്റർ കിഴക്കുള്ള സാന്റോ ഡൊമിംഗോ(Santo Domingo)യിലെ ഒരു ജയിലിലാണ് സംഘർഷം നടന്നിരിക്കുന്നത്. തടവുകാരിലെ വമ്പൻ​ഗാങ്ങുകളായ ലോസ് ലോബോസും R7 -ഉം തമ്മിലാണ് സംഘർഷം നടന്നത്. ഇരു​ഗാങ്ങുകളും ശത്രുതയിലാണ്. 

തടവുകാരുടെ സംഘർഷങ്ങൾക്ക് പേരുകേട്ടതാണ് ഇക്വഡോറിലെ ജയിൽ. അടുത്ത കാലത്തായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയിൽ സംഘർഷങ്ങൾക്കും കൊലയ്ക്കും ഇക്വഡോർ ജയിൽ സാക്ഷ്യം വഹിച്ചു. രാജ്യത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളെ തുടർന്ന് ഇക്വഡോറിന്റെ ചില ഭാ​ഗങ്ങളിൽ അടിയന്തരാവസ്ഥയാണ്. 108 തടവുകാരാണ് കലാപസമയത്ത് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. അവരിൽ പലരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിരവധിപ്പേർക്ക് സംഘർഷത്തിനിടയിൽ പരിക്കേറ്റു. എന്നാൽ, എത്രപേർക്ക് പരിക്കേറ്റു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. 

ഇക്വഡോറിയൻ പത്രമായ എൽ യൂണിവേഴ്‌സോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ദേശീയ പൊലീസ് കമാൻഡർ ഫൗസ്റ്റോ സലീനാസ് പറയുന്നത്, അഞ്ചുണ്ടിയ എന്നറിയപ്പെടുന്ന ഒരു തടവുകാരനെ ജയിലിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വഴക്കാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ്. മുമ്പ് ജയിലിൽ കലാപത്തിന് കാരണമായ സംഘത്തലവന്മാരിൽ ഒരാളായിരുന്നു ഇയാളെന്നും പത്രം പറയുന്നു.

ജയിലിന് പുറത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ആംബുലൻസിൽ കയറ്റാനായി എത്തിച്ചിരിക്കുന്ന രക്തത്തിൽ കുളിച്ച തടവുകാരെ കാണാം. വളരെ വേ​ഗം തന്നെ കലാപത്തെ കുറിച്ചുള്ള വാർത്ത പുറത്തെത്തി. ഇതോടെ തടവുകാരുടെ നിരവധി ബന്ധുക്കളാണ് ജയിലിന് പുറത്ത് എത്തിച്ചേർന്നത്. കനത്ത നിരാശയോടെയും ആശങ്കയോടെയും അവർ ജയിലിൽ നിന്നും വരുന്ന വാർത്തകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. 

പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. 'ഇത് സംഘർഷത്തിന്റെ നിർഭാഗ്യകരമായ ഫലമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്വഡോറിലെ ആഭ്യന്തര മന്ത്രി, പട്രീസിയോ കാരില്ലോ ട്വിറ്ററിൽ കുറിച്ചത് ജയിൽ സംവിധാനത്തിനകത്തെ സംഘർഷങ്ങളില്ലാതെയാക്കാൻ സർക്കാർ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. എന്നാൽ, കലാപങ്ങളുടെ പശ്ചാത്തലത്തിൽ പെട്ടെന്നൊരു പരിഹാരം കണ്ടെത്താനാകുന്നില്ല എന്നും കാരില്ലോ കുറിച്ചു. 

2021 ഫെബ്രുവരി മുതൽ ഇങ്ങോട്ടുണ്ടായ വ്യത്യസ്തമായ ആറ് കലാപത്തിൽ 400 -നടുത്ത് തടവുകാർ കൊല്ലപ്പെട്ട് കഴിഞ്ഞു. അതിൽ ഏറ്റവും വലിയ കലാപമുണ്ടായത് സപ്തംബറിലാണ്. പടിഞ്ഞാറൻ ഇക്വഡോറിലെ ഗ്വായാക്വിലിലെ ഒരു ജയിലിൽ നടന്ന സംഘർഷത്തിൽ 119 തടവുകാരാണ് അന്ന് കൊല്ലപ്പെട്ടത്. രണ്ട് മാസത്തിനുള്ളിൽ അതേ ജയിലിൽ തന്നെ പുതുതായി ഉണ്ടായ ഒരു സംഘർഷത്തിൽ 68 തടവുകാരെങ്കിലും കൊല്ലപ്പെട്ടു. അതിൽ തന്നെ അതിക്രൂരമായാണ് കൊലപാതകങ്ങൾ നടന്നത്. ചില തടവുകാരെ വെട്ടിക്കൊന്നു. ചിലരുടെ തല വെട്ടുകത്തിയെടുത്ത് വെട്ടിമാറ്റി. 

കഴിഞ്ഞ വർഷം മേയിൽ അധികാരമേറ്റ പ്രസിഡന്റ് ലാസ്സോ, ഇക്വഡോറിലെ കുറ്റകൃത്യങ്ങൾക്ക് കാരണം മയക്കുമരുന്ന് കടത്താണെന്ന് ആരോപിച്ചിരുന്നു. അയൽരാജ്യമായ പെറുവിൽ നിന്നും കൊളംബിയയിൽ നിന്നുമുള്ള കൊക്കെയ്ൻ കടത്താനുള്ള മാർഗമായി ഉപയോ​ഗിക്കുന്നത് ആൻഡിയൻ കൺട്രിയാണ്. കൂടാതെ പ്രാദേശികസംഘങ്ങളെയും മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകൾ ഉപയോ​ഗപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. സംഘർഷങ്ങൾ ഇല്ലാതെയാക്കാനും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് തടയിടാനും ശ്രമിക്കുമെന്ന് ലാസ്സോ പറയുമ്പോഴും പ്രസിഡണ്ടിന്റെ നിയന്ത്രണത്തിൽ നിന്നും കാര്യങ്ങൾ വിട്ടുപോയി എന്നാണ് വിമർശകർ പറയുന്നത്. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ