
അന്യഗ്രഹജീവികളുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ചൂടുപിടിച്ച ചർച്ചകൾ എപ്പോഴും നടക്കുന്നുണ്ട്. ചില രാജ്യങ്ങളെല്ലാം അതേക്കുറിച്ച് പഠിക്കാൻ വലിയ പണം ചെലവഴിക്കുന്നുണ്ട് എന്നും പറയുന്നു. ഏതായാലും അന്യഗ്രഹജീവികൾ സങ്കൽപമാണ് എന്ന് തന്നെയാണ് ഇപ്പോഴും പലരും വിശ്വസിക്കുന്നത്. പക്ഷേ, എന്നിട്ടും അന്യഗ്രഹജീവികളെ (alien) ആകർഷിക്കാൻ ചില വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് നാസ (NASA). മനുഷ്യരുടെ നഗ്നചിത്രങ്ങൾ (naked photos) ബഹിരാകാശത്തേക്ക് അയക്കാനുള്ള നീക്കമാണ് നാസയുടെ ശാസ്ത്രജ്ഞർ നടത്തുന്നത്.
തീർന്നില്ല, അയക്കുന്നതിൽ നഗ്നചിത്രങ്ങൾ മാത്രമായിരിക്കില്ല ഉണ്ടായിരിക്കുക. ഒപ്പം അതേക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ടുള്ള ഒരു സന്ദേശവും കാണുമത്രെ. എന്നാൽ, നാം കരുതുന്നത് പോലെ നഗ്നരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫോട്ടോ പകർത്തി അയക്കുകയല്ല ചെയ്യുക. മറിച്ച് ഡിജിറ്റലായി തയ്യാറാക്കിയ ചിത്രങ്ങളാണ് അയക്കുന്നത്. അതിനൊപ്പം ഡിഎൻഎ മാതൃകയും നൽകും. കൈ ഉയർത്തി നിൽക്കുന്ന ഒരു സ്ത്രീയേയും ഒരു പുരുഷനേയും നാസ അയക്കാൻ തയ്യാറാക്കിയ ചിത്രത്തിൽ കാണാം.
നാസയിലെ ശാസ്ത്രജ്ഞർ തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. ‘ബീക്കൺ ഇൻ ദി ഗാലക്സി‘ (Beacon in the Galaxy -BITG) എന്ന പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ബഹിരാകാശത്തേക്ക് നഗ്നചിത്രങ്ങളയക്കാനുള്ള നീക്കം ആരംഭിക്കുന്നത്. ബൈനറി കോഡ് സന്ദേശങ്ങളായിട്ടാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക എന്നും പറയുന്നു. ബൈനറി സന്ദേശങ്ങളാവുമ്പോൾ ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങൾക്കും അവ മനസിലാക്കാനാവും എന്നാണ് കരുതുന്നത്. അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്തുക, ഏതെങ്കിലും അന്യഗ്രഹജീവികൾ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അവയെ കണ്ടെത്തി ആകർഷിച്ച് ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയ വിപുലമായ പദ്ധതികളാണ് നാസയ്ക്ക്.