
തിളങ്ങുന്ന അംബരചുംബികളായ കെട്ടിടങ്ങളും ആഡംബര അപ്പാർട്ടുമെന്റുകളും ഒക്കെയായി ലോകത്തിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട രാജ്യങ്ങളിലൊന്നായി സിംഗപ്പൂർ(Singapore) അറിയപ്പെടുന്നു. അതേ സിംഗപ്പൂരിലാണ് ഒരാളും അറിയാതെ ഒരു മനുഷ്യൻ 30 കൊല്ലക്കാലം ഒരു കാടിനുള്ളിലെ കൂടാരത്തിലൊറ്റയ്ക്ക് കഴിഞ്ഞത്. അദ്ദേഹത്തിന്റെ പേര്, ഓ ഗോ സെംഗ്(Oh Go Seng). ഓ -യെ കണ്ടുമുട്ടുമ്പോൾ ആദ്യം ആകർഷിക്കുക അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കമാണ്. തന്റെ 79 -ാം വയസിലും അദ്ദേഹം സുന്ദരനും ആരോഗ്യവാനുമാണ് എന്നും ബിബിസി എഴുതുന്നു. ഈ മാസം ആദ്യമാണ്, ഒരു വനത്തിൽ താമസിക്കുന്ന ഓയുടെ കഥ സിംഗപ്പൂരിൽ വൈറലായത്. രാജ്യത്തുടനീളമുള്ള പലരും ഞെട്ടലോടെയാണ് ഇതിനോട് പ്രതികരിച്ചത്.
എന്തുകൊണ്ടാണ് അദ്ദേഹത്തിന് കൂടുതൽ സഹായം നൽകാത്തതെന്ന് ചിലർ ചോദ്യം ചെയ്തു. എന്നാൽ, മറ്റ് പലരേയും അത്ഭുതപ്പെടുത്തിയത് ആരുടെ ശ്രദ്ധയിലും പെടാതെ 30 കൊല്ലക്കാലം അദ്ദേഹം എങ്ങനെ ആ കാട്ടിൽ കഴിഞ്ഞു എന്നതാണ്.
ക്രിസ്മസ് ദിനത്തിൽ ഓയെ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് എല്ലാത്തിന്റെയും തുടക്കം. ലൈസൻസില്ലാതെ കച്ചവടം നടത്തുകയായിരുന്നു ഓ അപ്പോൾ. അദ്ദേഹം താൻ തന്നെ നട്ടുവളർത്തിയ ഇലക്കറികളും മുളകും വിൽക്കുകയായിരുന്നു. ഓ തന്റെ പച്ചക്കറികൾ പിടിച്ചെടുത്ത ഉദ്യോഗസ്ഥരോട് സംസാരിക്കവെ ഒരു ചാരിറ്റി പ്രവർത്തക അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. വിവിയൻ പാൻ എന്നായിരുന്നു അവരുടെ പേര്. അവൾക്ക് ഓയുടെ അവസ്ഥയെ ചൊല്ലി കോപം തോന്നി, അന്ന് അദ്ദേഹം വെറുംകൈയോടെ വീട്ടിലേക്ക് പോകേണ്ടി വരുമല്ലോ എന്നോർത്ത് അവർക്ക് ദുഖവും തോന്നി. എന്നാൽ, നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ അദ്ദേഹത്തിന് തെരുവിൽ കച്ചവടം നടത്താനുള്ള അനുമതി ഇല്ല എന്നും അവൾക്ക് അറിയാമായിരുന്നു.
ഏതായാലും അവൾ സംഭവം ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അത് പെട്ടെന്ന് തന്നെ വൈറലായി. ഒടുവിൽ ഓയുടെ ദുരവസ്ഥ ഒരു പ്രാദേശിക പാർലമെന്റ് അംഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. എംപിയായ ലിയാങ് എങ് ഹ്വായുടെ അന്വേഷണത്തിലാണ്, ഓയുടെ കഥ വെളിപ്പെട്ടു വന്നത്. 30 വർഷമായി ഒരു കാട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുകയായിരുന്നു ഓ.
ഓ തന്റെ കുടുംബത്തോടൊപ്പം സുൻഗെയ് തെംഗ എന്ന ഗ്രാമത്തിലാണ് വളർന്നത്. എന്നിരുന്നാലും, 1980 -കളിൽ, പുതിയ ബഹുനില കെട്ടിടങ്ങൾക്ക് വഴിയൊരുക്കുന്നതിനായി ഇവിടെയുള്ള വീടുകൾ ഇടിച്ചുകളഞ്ഞു. മിക്ക നിവാസികൾക്കും സർക്കാർ പുതിയ വീടുകൾ വാഗ്ദാനം ചെയ്തു. എന്നാൽ, ഓയ്ക്ക് സ്വന്തമായി ഒരു സ്ഥലം കണ്ടെത്താനായില്ല. ഓയുടെ സഹോദരന് ഒരു സർക്കാർ ഫ്ലാറ്റ് ലഭിച്ചു. ഓയെ അവിടെ താമസിക്കാൻ ക്ഷണിച്ചു. എന്നാൽ, കുടുംബത്തിന് ഭാരമാവാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒടുവിൽ താമസം മാറി. അങ്ങനെ, ഓ ഒരിക്കൽ തന്റെ പഴയ വീട് നിലനിന്നിരുന്ന സ്ഥലത്തിനടുത്തുള്ള ഒരു വനത്തിലേക്ക് തിരിച്ചുപോയി. തടി, മുള, ടാർപോളിൻ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരു താൽക്കാലിക ഷെൽട്ടറിൽ കഴിയാൻ തുടങ്ങി.
ചെറിയ കൂടാരത്തിൽ പാകം ചെയ്യാനുള്ള സൗകര്യവും ഉറങ്ങാനുള്ള സൗകര്യവുമുണ്ട്. കൂടാരത്തിനടുത്തുള്ള പൂന്തോട്ടത്തിലാണ് സ്വന്തമായി ഭക്ഷണത്തിനുള്ള പച്ചക്കറികളും മറ്റും വളർത്തുന്നത്. മരങ്ങൾക്കിടയിലുള്ള തുണിത്തരങ്ങളും വേലിയും പച്ചക്കറിച്ചെടികളെ സംരക്ഷിക്കുന്നു. ചൂടുകാലത്തും കൂടാരത്തിന് മുകളിലുള്ള ഉയർന്നുനിൽക്കുന്ന പ്ലാവ് ഓയ്ക്ക് മതിയായ തണൽ നൽകി. അവിടെ ഒരിക്കലും അസ്വസ്ഥത തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഏകാന്തത ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തന്റെ തോട്ടം പരിപാലിക്കുന്നതിന്റെ തിരക്കിലായിരുന്നു. കാട്ടിൽ ജീവിക്കുന്നതിന്റെ ഏറ്റവും മോശമായ വശം എലികളാണെന്ന് അദ്ദേഹം പറയുന്നു. അവ അദ്ദേഹത്തിന്റെ കൂടാരത്തിലെത്തി വസ്ത്രങ്ങളൊക്കെ നശിപ്പിച്ചു.
കിട്ടുമ്പോഴെല്ലാം മറ്റ് പല തൊഴിലുകളും അദ്ദേഹം ചെയ്‍തു. ഓ ചിലപ്പോൾ താൻ സമ്പാദിച്ച പണം ഇന്തോനേഷ്യയിലെ ഒരു ചെറിയ ദ്വീപായ ബറ്റാമിലേക്ക് കടത്തുവള്ളത്തിൽ പോകാനുപയോഗിച്ചു. അവിടെ വച്ചാണ് അദ്ദേഹം മാഡം ടാച്ചിയെ കണ്ടുമുട്ടുന്നത്. ടാചിയിൽ ഓയ്ക്ക് ഒരു മകളുണ്ട്. എന്നിരുന്നാലും, ബറ്റാമിലേക്കുള്ള പതിവ് വാരാന്ത്യ സന്ദർശനങ്ങൾക്ക് ശേഷം, ഓ സിംഗപ്പൂരിലെ തന്റെ കാടിനുള്ളിലെ വീട്ടിലേക്ക് മടങ്ങും. എന്നാൽ, സിംഗപ്പൂരിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിനോ ടാചിയ്ക്കോ മകൾക്കോ ഒന്നും തന്നെ കാടിനുള്ളിൽ ആരും അറിയാതെ ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത് എന്ന് അറിയില്ലായിരുന്നു. എവിടെയാണ് താമസം എന്ന് ആളുകൾ ചോദിക്കുമ്പോഴൊക്കെ ഓ പറഞ്ഞിരുന്നത് ഒരു തോട്ടത്തിലാണ് എന്നാണ്.
പകർച്ചവ്യാധി വ്യാപിച്ചപ്പോൾ ഓയുടെ ബറ്റാമിലേക്കുള്ള യാത്രകൾ നിർത്തേണ്ടി വന്നു. സിംഗപ്പൂർ വലിയ തോതിൽ അതിർത്തികൾ അടയ്ക്കുകയും, കാശുള്ളവർക്ക് മാത്രം ടെസ്റ്റുകളൊക്കെ നടത്തി പോകാമെന്ന അവസ്ഥയും വന്നിരുന്നു. എന്നിരുന്നാലും, തന്റെ കുടുംബത്തിന് പ്രതിമാസം S$500 - S$600 വരെ അയച്ചുകൊണ്ട് സാമ്പത്തികമായി സഹായിക്കുന്നത് അദ്ദേഹം തുടർന്നു.
ഓയുടെ കഥ വൈറലായതോടെ പ്രാദേശിക എംപിയുടെ ടീമിന്റെ സഹായത്തോടെ, ഓയ്ക്ക് താമസിക്കാൻ ഒരു പുതിയ വീട് നൽകി. "ഇന്തോനേഷ്യയിലെ ഭാര്യയോടും മകളോടും ഒന്നിക്കുന്നതും, ദീർഘകാല സോഷ്യൽ അസിസ്റ്റൻസ് തേടുന്നതും ഉൾപ്പെടെ കാര്യങ്ങളിൽ ഓയെ സഹായിക്കുന്നത് ടീം തുടരും" എന്ന് ലിയാങ് പറഞ്ഞു. ഫ്ലാറ്റിൽ വേറെ ഒരാൾ കൂടിയുണ്ട്. അത്യാവശ്യം ഫർണിച്ചറുകളുണ്ട്. അഭ്യുദയാകാംക്ഷികൾ ഫ്രിഡ്ജ്, ടിവി തുടങ്ങിയ ചില സാധനങ്ങളെല്ലാം എത്തിച്ചു നൽകിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുന്നു, ചിലപ്പോൾ പൂന്തോട്ടപരിപാലന ജോലികൾ ചെയ്യുന്നു.
മൂന്ന് പതിറ്റാണ്ടിന് ശേഷം അദ്ദേഹം സിംഗപ്പൂരിൽ കുടുംബത്തോടൊപ്പം ചാന്ദ്ര പുതുവർഷം ആഘോഷിച്ചു. "ഞാൻ വളരെയധികം കഴിച്ചു! വർഷങ്ങളായി ഞാൻ രുചിച്ചിട്ടില്ലാത്ത പലതരം ഭക്ഷണങ്ങളും ഉണ്ടായിരുന്നു!" അദ്ദേഹം ചിരിക്കുന്നു. 30 വർഷത്തിനുശേഷം ആദ്യമായി ടെലിവിഷൻ കാണാൻ കഴിഞ്ഞു. താൻ അത് വളരെ ആസ്വദിച്ചു എന്നും അദ്ദേഹം പറയുന്നു.
എന്നിരുന്നാലും, കാട്ടിലെ ജീവിത സ്വാതന്ത്ര്യം അദ്ദേഹത്തിന് ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. പക്ഷേ, അപ്പോഴും ഒരു ഫ്ലാറ്റിൽ താമസിക്കുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. "ഇപ്പോഴും ഞാൻ എല്ലാ ദിവസവും കാട്ടിലേക്ക് പോകും. പുലർച്ചെ മൂന്ന് മണിക്ക് ഉണരും, എന്റെ ജോലി ആരംഭിക്കുന്നതിന് മുമ്പ്, പച്ചക്കറികൾ പരിശോധിക്കാൻ പോകും" എന്നും അദ്ദേഹം പറയുന്നു.