Ralph Gibbs : 84 -കാരി കാമുകിയെ നഴ്സിം​ഗ് ഹോമിൽ നിന്നിറക്കി, 4800 കിമി ദൂരത്തേക്ക് കടത്താൻ ശ്രമിച്ച് 80-കാരന്‍

Published : Feb 20, 2022, 03:41 PM IST
Ralph Gibbs : 84 -കാരി കാമുകിയെ നഴ്സിം​ഗ് ഹോമിൽ നിന്നിറക്കി, 4800 കിമി ദൂരത്തേക്ക് കടത്താൻ ശ്രമിച്ച് 80-കാരന്‍

Synopsis

സംഭവത്തെത്തുടർന്ന്, സ്വാതന്ത്ര്യം ഇല്ലാതാക്കിയതിനും ലിസ്‍ലെയുടെ ജീവൻ അപകടത്തിലാക്കിയതിനും ഗിബ്‌സിനെതിരെ ആദ്യം കുറ്റം ചുമത്തി. 

പലതരത്തിലുള്ള പ്രണയകഥകളും നാം കേൾക്കാറുണ്ട്. എന്നാൽ, സ്നേഹത്തിന്റെ പേരിൽ മനുഷ്യർ പല വിചിത്രമായ കാര്യങ്ങളും ചെയ്യാറുണ്ട്. പക്ഷേ, അതിൽ ചിലതെല്ലാം പങ്കാളിക്ക് ദോഷമായി മാറാറുണ്ട്. ഓസ്‌ട്രേലിയ(Australia)യിലെ ഒരു വൃദ്ധൻ തന്റെ 84 വയസ്സുള്ള കാമുകിയെ ഒരു നഴ്‌സിംഗ് ഹോമിൽ നിന്ന് പുറത്ത് കൊണ്ടുവന്ന് 4,800 കിലോമീറ്റർ അകലേക്ക് കടത്താൻ ശ്രമിച്ചു. 

ഡിമെൻഷ്യയും പാർക്കിൻസൺസ് രോഗവും(dementia and Parkinson's disease) ഉള്ള കരോൾ ലിസ്‌ലെ(Carol Lisle) എന്ന സ്ത്രീ പെർത്തിന് സമീപമുള്ള ഒരു നഴ്‌സിംഗ് ഹോമിൽ ആയിരുന്നു. അവളുടെ 80 വയസ്സുള്ള പങ്കാളി റാൽഫ് ഗിബ്‌സ്(Ralph Gibbs) ജനുവരി നാലിനാണ് അവിടേക്ക് കടന്നുവന്ന് ആ സ്ഥാപനത്തിൽ നിന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് 4,800 കിലോമീറ്റർ അകലെയുള്ള ക്വീൻസ്‌ലാന്റിലെ അവരുടെ വീട്ടിലേക്ക് അയാൾ അവരേയും കൊണ്ട് ഡ്രൈവ് ചെയ്‍തു. 

രണ്ട് ദിവസത്തിന് ശേഷം, ദമ്പതികളെ മരുഭൂമിയിൽ വെച്ച് പൊലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. 43 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ദമ്പതികൾ വാഹനമോടിച്ചിരുന്നതെന്നും അത് ലിസ്‍ലെയെ അസ്വസ്ഥമാക്കിയിരുന്നു എന്നും, അവരുടെ ആരോ​ഗ്യത്തെ ബാധിച്ചു എന്നും പൊലീസ് പറഞ്ഞു. തുടർന്ന്, ചികിത്സയ്ക്കായി അവരെ വിമാനത്തിൽ പെർത്തിലേക്ക് കൊണ്ടുപോയി. 

സംഭവത്തെത്തുടർന്ന്, സ്വാതന്ത്ര്യം ഇല്ലാതാക്കിയതിനും ലിസ്‍ലെയുടെ ജീവൻ അപകടത്തിലാക്കിയതിനും ഗിബ്‌സിനെതിരെ ആദ്യം കുറ്റം ചുമത്തി. പിന്നീട്, കുറ്റം കുറച്ചു. ഏതായാലും ​ഗിബ്സ് കുറ്റം തുറന്നു സമ്മതിക്കുകയും ചെയ്‍തിരുന്നു. കോടതിയിൽ ഹാജരായ 80 -കാരൻ, ലെസ്‍ലിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും 'സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്‍തത്' എന്നും പറഞ്ഞു. 15 വർഷത്തോളം പങ്കാളിക്കൊപ്പം കഴിയുക എന്നതല്ലാതെ മറ്റൊന്നും 80 -കാരൻ ആഗ്രഹിക്കുന്നില്ലെന്ന് മജിസ്‌ട്രേറ്റ് റെയ്‌ലിൻ ജോൺസ്റ്റൺ പറഞ്ഞു. 

"നിങ്ങൾ സ്നേഹത്തോടെയാണ് പെരുമാറുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെന്നത് മനസിലാക്കുന്നു. നിങ്ങളുടെ പങ്കാളിയോട് കരുതലോടെയാണ് നിങ്ങൾ പെരുമാറിയതെന്നും അവളോടൊപ്പം ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവൾ നിങ്ങളോടൊപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ കരുതിയെന്നതും ഞാൻ അംഗീകരിക്കുന്നു. എന്നാൽ ​നിങ്ങളുടെ പെരുമാറ്റം അപകടകരമാണ്" എന്നും മജിസ്‌ട്രേറ്റ് ജോൺസ്റ്റൺ പറഞ്ഞു. "എന്നാൽ വസ്തുനിഷ്ഠമായി നോക്കിയാൽ നിങ്ങളുടെ പെരുമാറ്റം അങ്ങേയറ്റം അപകടകരമായിരുന്നു" എന്നാണ് മജിസ്ട്രേറ്റ് പറഞ്ഞത്.

ഒടുവിൽ, 80 -കാരന് രണ്ട് വർഷത്തെ വിലക്കിനൊപ്പം ഏഴ് മാസത്തെ ജയിൽ ശിക്ഷയും വിധിച്ചു. നിലവിൽ, ഓർഡർ മാറുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അത് നിലനിൽക്കുകയാണെങ്കിൽ, ഗിബ്സിന് ലെസ്‍ലിയെ വീണ്ടും കാണാൻ കഴിഞ്ഞേക്കില്ല.

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!