വിമാനം നിന്നുകത്തുമ്പോഴും ഹാന്‍ഡ് ബാഗേജെടുക്കാന്‍ തിടുക്കം; വഴി മുടക്കിയവര്‍ ഇല്ലാതാക്കിയത് 41 ജീവനുകള്‍

By Web TeamFirst Published May 7, 2019, 6:26 PM IST
Highlights

മുൻനിരയിലെ പലർക്കും തങ്ങളുടെ വിലപിടിപ്പുള്ള ഹാൻഡ് ബാഗേജുകൾ തീനാളങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിച്ചു. തങ്ങളുടെ മിടുക്കിൽ അവർ അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും ഇപ്പോൾ.. 

മോസ്‌കോ : മോസ്‌കോ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗിന് ശ്രമിക്കവേ 78  യാത്രക്കാരുമായി പറന്നിറങ്ങിയ എയ്‌റോഫ്ലോട്ടിന്റെ SSJ100 വിമാനത്തിന് തീപിടിച്ചു.  വിമാനം നിലത്തിറക്കാൻ വേണ്ടി പൈലറ്റ് ശ്രമിക്കുന്നതിനിടെ റൺവേയിൽ തട്ടി രണ്ടുവട്ടം അത് ഉയർന്നു താഴുന്നതും തുടർന്ന് വളരെ പെട്ടെന്നുതന്നെ തീ ആളിപ്പടരുന്നതും ഒക്കെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തീ നിയന്ത്രണാധീനമാക്കാൻ പണിപ്പെട്ട മോസ്‌കോ ഫയർ റെസ്ക്യൂ സർവീസിലെ അഗ്നിശമന സേനാംഗങ്ങൾ വിമാനത്തിൽ നിന്നും പുറത്തെടുത്തത് 41  മൃതദേഹങ്ങളാണ്.

മോസ്കോയിലെ ഷെർമേത്യേവോ വിമാനത്താവളത്തിൽ നിന്നും മുർമാൻസ്‌കിലേക്കുള്ള യാത്ര തുടങ്ങി അധികം താമസിയാതെ തിരിഞ്ഞ്, ഒരു എമർജൻസി ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് ഈ അപകടം നടന്നത്. തീ വളരെപ്പെട്ടെന്ന് പടർന്നു പിടിച്ച വിമാനത്തിന്റെ പിൻഭാഗത്ത് കുടുങ്ങിപ്പോയവരാണ് മരിച്ചത്. മരിച്ചവരിൽ ഒരു കാബിൻ ക്രൂ അംഗവും ഉൾപ്പെടും. 

വിമാനത്തിലെ എല്ലാവരെയും തന്നെ രക്ഷപ്പെടുത്താൻ വേണ്ട സമയം ഉണ്ടായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ പറഞ്ഞത്. എന്നാൽ, വിമാനത്തിന്റെ മുൻഭാഗത്ത് ഇരുന്നിരുന്ന ചില യാത്രക്കാരുടെ സ്വാർത്ഥമായ പെരുമാറ്റമാണ് പിൻഭാഗത്ത് ഇരുന്ന പലരുടെയും ജീവൻ നഷ്ടപ്പെടാനിടയാക്കിയതെന്ന് പറയപ്പെടുന്നു. പത്താമത്തെ വരിയുടെ പിന്നിലേക്കുള്ള സീറ്റുകളിൽ ഇരുന്ന യാത്രക്കാരിൽ വെറും മൂന്നുപേർക്ക് മാത്രമാണ് ജീവനോടെ ആ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത്. 

വിമാനം എമർജൻസി ലാൻഡിംഗ് പൂർത്തിയാക്കി തീ പടർന്നു പിടിച്ചു തുടങ്ങി സെക്കന്റുകൾക്കകം കാബിൻ ക്രൂ വിമാനത്തിന്റെ മുൻവശത്തുള്ള വാതിൽ എമർജൻസി ഒഴിപ്പിക്കലിന് കണക്കാക്കി തുറന്നു. ഒപ്പം യാത്രക്കാർക്ക് ഊർന്നിറങ്ങാനുള്ള റബ്ബർ സ്ലൈഡും വീർത്തുവന്നു. സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഫ്‌ളൈറ്റ് സ്റ്റീവാർഡസ് താത്യാന പലയാത്രക്കാരുടെയും കോളറിൽ പിടിച്ചു വലിച്ചാണ് പുറത്തേക്ക് നയിച്ചത്.

എന്നാൽ, ആ വിമാനം അത്രയും ബഹളത്തോടെയും കുലുക്കത്തോടെയും ലാൻഡ് ചെയ്തിട്ടും, പുറത്ത് തീ പിടിച്ചു എന്ന് മനസ്സിലായിട്ടും, മറ്റു പല യാത്രക്കാർക്കും അപ്പോഴും തികഞ്ഞ സ്വാർത്ഥത മാത്രമേ കാണിക്കാൻ ഉണ്ടായിരുന്നുള്ളൂ. ഇവിടെ മുൻ വശത്ത് താത്യാന വാതിൽ തുറന്ന് യാത്രക്കാരെ ഒന്നൊന്നായി പുറത്തുവിടാൻ പ്രയത്നിക്കുമ്പോൾ, അവരുടെ സഹപ്രവർത്തകൻ മാക്സിം മോയിസ്‌സേവിനെ, വിമാനത്തിന്റെ പിൻഭാഗത്ത് എമർജൻസി എക്സിറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ തീനാളങ്ങൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു. 

വിമാനത്തിന്റെ മുൻഭാഗത്തിരുന്ന പലരുടെയും ആദ്യത്തെ ശ്രമം, ഓവർഹെഡ് കംപാർട്ട്‌മെന്റിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ ബാക്ക്പാക്കുകൾ എടുക്കാനായിരുന്നു. ഒരു വിമാനം അപകടത്തിൽ പെട്ട് എമർജൻസി ലാൻഡിങ്ങിനിടെ തറയിലുരഞ്ഞ് തീപിടിച്ചു കഴിഞ്ഞാൽ പിന്നെ അതൊരു തീഗോളമായി മാറും മുമ്പ് ആകെ കിട്ടുക സെക്കന്റുകളാണ്. അതിനിടയിലെ വിലപ്പെട്ട നിമിഷങ്ങളാണ് ഇങ്ങനെ തങ്ങളുടെ ലാപ്പ്ടോപ് ബാഗുകളും മറ്റും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുൻനിരകളിൽ ഇരുന്ന യാത്രക്കാർ നഷ്ടമാക്കിയത്. 

മുൻനിരയിലെ പലർക്കും തങ്ങളുടെ വിലപിടിപ്പുള്ള ഹാൻഡ് ബാഗേജുകൾ തീനാളങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിച്ചു. തങ്ങളുടെ മിടുക്കിൽ അവർ അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും ഇപ്പോൾ.. എന്നാൽ, മരണം കണ്മുന്നിൽ വന്നു നിൽക്കുമ്പോഴും, മറ്റുള്ളവരെപ്പറ്റി ഒരു നിമിഷം പോലും ഓർക്കാതെ, സ്വന്തം കാര്യം മാത്രം നോക്കുന്നത് എത്ര പരിതാപകരമായ ഒരു മാനസികാവസ്ഥയാണ്. അങ്ങനെ നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഇതുപോലെ എത്ര യാത്രക്കാരുടെ ജീവനായിരിക്കും ഇതിനു മുമ്പും കവർന്നിട്ടുണ്ടാവുക. 

വിമാനം പറന്നു പൊങ്ങും മുമ്പ്, സുന്ദരിയായ എയർ ഹോസ്റ്റസ് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന ഒരു രണ്ടു മിനിട്ടുനേരത്തെ സുരക്ഷാ നിർദേശമുണ്ട്. നമ്മളൊക്കെ എന്നും അവഗണിക്കുക മാത്രം ചെയ്തിട്ടുള്ള ഒന്ന്. അതിൽ പറയുന്ന നിർദേശങ്ങൾ എത്ര വിലപ്പെട്ടതാണ് എന്ന് നമ്മളെ മോസ്‌കോയിലെ ഈ അപകടത്തിൽ സുരക്ഷാ നിർദേശങ്ങൾ യഥാവിധി പിന്തുടരാതിരുന്നതിന്റെ പേരിൽ മാത്രം പൊലിഞ്ഞു പോയ ഈ ജീവനുകൾ ഓർമിപ്പിക്കുന്നു. ഇനിയെങ്കിലും, മരണം തൊട്ടടുത്തെത്തി നിൽക്കുമ്പോൾ, സ്വാർത്ഥം നോക്കാതെ അവനവന്റെയും മറ്റുള്ളവരുടെയും ജീവൻ രക്ഷപ്പെടുന്നതിന് മുൻഗണന നൽകാൻ വിമാനയാത്രയ്‌ക്കൊരുങ്ങുന്നവർക്ക് കഴിയും എന്ന് കരുതാം.. 

Moskova'da Aeroflot şirketine ait uçağın alev alarak inişinden sonra tahliye anı. pic.twitter.com/cwgoh4b8qZ

— Alper Tan (@alpertan66)
click me!