
സാൻഡ്‌വിച്ച് ഇഷ്ടമില്ലാത്തവർ ചുരുക്കം ആയിരിക്കും. വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന സ്വാദിഷ്ടമായ നിരവധിതരം സാൻഡ്‌വിച്ച് ഇന്ന് ലഭ്യമാണ്. വ്യത്യസ്ത വിലനിലവാരത്തിലുള്ള സാൻഡ്‌വിച്ചുകൾ ലഭ്യമാണെങ്കിലും സാധാരണക്കാരനും താങ്ങാൻ പറ്റുന്ന വിലയിലുള്ള സാൻഡ്‌വിച്ചുകളും റസ്റ്റോറന്റുകളിലും മറ്റും ലഭ്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സാൻഡ്‌വിച്ചിലും ഒരു വിഐപി ഉണ്ട്. ലോകത്തിലെ ഏറ്റവും ലക്ഷ്വറിയായ ഈ സാൻഡ്‌വിച്ച് കിട്ടുന്നത് അമേരിക്കയിലെ ന്യൂയോർക്കിലാണ്. ഇതിൻറെ വില കേട്ടാൽ വാങ്ങി കഴിക്കണമോ എന്ന് ചിലപ്പോൾ ഒരു നൂറുവട്ടം നാം ചിന്തിക്കും.
ലോകത്തിലെ ഏറ്റവും വിലകൂടിയ സാൻഡ്‌വിച്ച് എന്ന പദവി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ പോലും നേടിയ ഈ സാൻഡ്‌വിച്ച് വിൽക്കുന്നത് ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 റെസ്റ്റോറന്റിൽ ആണ്. ഈ റസ്റ്റോറന്റിനെ സംബന്ധിച്ച് മറ്റൊരു അതിശയകരമായ കാര്യം ലോകത്തിലെ ഏറ്റവും വിലയേറിയ ഡെസേർട്ട്, ഏറ്റവും ചെലവേറിയ ഹാംബർഗർ, ഏറ്റവും ചെലവേറിയ ഹോട്ട് ഡോഗ്, ഏറ്റവും വലിയ വിവാഹ കേക്ക് എന്നിവയെല്ലാം വിൽക്കുന്നത് ഈ റസ്റ്റോറന്റിലാണ്.
ഇനി സാൻഡ്‌വിച്ചിന്റെ കാര്യത്തിലേക്ക് തിരികെ വന്നാൽ ഈ വി ഐ പി സാൻഡ്‌വിച്ചിന്റെ പേര് ക്വിന്റസൻഷ്യൽ ഗ്രിൽഡ് ചീസ് സാൻഡ്‌വിച്ച് എന്നാണ്. ഒരു സാൻഡ്‌വിച്ചിന് 17000 രൂപയാണ് വില. ചെലവേറിയതും ലഭിക്കാൻ പ്രയാസമുള്ളതുമായ ചേരുവകൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഡോം പെരിഗ്നോൺ ഷാംപെയ്‌ൻ, ഭക്ഷ്യയോഗ്യമായ ഗോൾഡ് ഫ്ലേക്കുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഫ്രഞ്ച് പുൾമാൻ ഷാംപെയ്ൻ ബ്രെഡ് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. വിലയേറിയതും അതിവിശിഷ്ടവുമായ ചീസ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ലോബ്സ്റ്റർ ടൊമാറ്റോ ബിസ്ക് സോസും ഇതിനോടൊപ്പം ലഭിക്കും. കൂടാതെ ഇത് വിളമ്പുന്നത് തന്നെ വിലയേറിയ ക്രിസ്റ്റൽ പ്ലേറ്റുകളിലാണ്.
പിന്നെ, പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഓടിച്ചെന്ന് ഓർഡർ ചെയ്താൽ ഈ സാൻഡ്‌വിച്ച് കിട്ടില്ല. നിങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നതിന് കുറഞ്ഞത് 48 മണിക്കൂർ മുമ്പ് എങ്കിലും ഓർഡർ ചെയ്താൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. കാരണം അതീവ വിശിഷ്ടവും വിലപിടിപ്പുള്ളതുമായ ഇതിൻറെ ചേരുവകൾ ഓർഡർ ചെയ്തതിനു ശേഷം മാത്രമേ മറ്റു രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ റസ്റ്റോറന്റിലേക്ക് കൊണ്ടുവരികയുള്ളൂ.