
എന്തെങ്കിലും അസുഖത്തെ കുറിച്ചോ, വയ്യ എന്നോ മറ്റോ പറഞ്ഞാൽ നമ്മുടെ ചുറ്റുമുള്ള ആളുകൾ നമ്മളോട് നൂറായിരം കാര്യങ്ങൾ ചെയ്യാൻ പറയും. അങ്ങനെ ചെയ്താൽ ഭേദമാവും ഇങ്ങനെ ചെയ്താൽ ഭേദമാവും എന്നെല്ലാം. എന്നാൽ, അതുപോലെ ചെയ്ത ഒരു അമ്മയെയും മകനെയും ഇപ്പോൾ ആശുപത്രിയിൽ ഹാജരാക്കേണ്ടി വന്നിരിക്കയാണ്.
ഛത്തീസ്ഗഡിലുള്ള ഒരു അമ്മയും മകനും കടുത്ത ചൂടിനെ നേരിടാൻ വേണ്ടി ഉമ്മ(Datura)മാണ് കഴിച്ചത്. എന്നാൽ. പിന്നാലെ, ഇവരുടെ ആരോഗ്യനില വഷളാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ബൽമുകുന്ദ് വിശ്വകർമ എന്ന കൊത്തുപണിക്കാരനും അദ്ദേഹത്തിന്റെ അമ്മ നിർമല വിശ്വകർമ്മയുമാണ് കനത്ത ചൂടിനെ നേരിടാൻ വേണ്ടി ഉമ്മം കഴിച്ചത്. ചൂട് കുറയാൻ വേണ്ടി ഇത് സഹായിക്കും എന്ന് ആരോ പറഞ്ഞതിന് പിന്നാലെയാണ് ഇരുവരും ഇത് കഴിച്ചത്.
ഇത് കഴിച്ചതിന് പിന്നാലെ അവർക്ക് തലകറക്കം അനുഭവപ്പെടാൻ തുടങ്ങിയത്രെ. കൂടാതെ, ദേഹമാസകലം വേദനയുണ്ടായിരുന്നു. പിന്നാലെ, വിവരമറിഞ്ഞ് ബന്ധുക്കളെല്ലാം ഓടിയെത്തുകയും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം നിർമലയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ട്, അവർ സുഖം പ്രാപിച്ചു വരികയാണ്. എന്നാൽ ആശുപത്രിയിൽ തന്നെ തുടരേണ്ടി വരും. അതേസമയം, ബൽമുകുന്ദിന്റെ ആരോഗ്യനില വഷളായി, അത്യാസന്ന നിലയിലാണ്.
ഉമ്മം പലപ്പോഴും വളരെ അധികം അപകടകാരിയാണ്. എങ്കിലും പലതിനും ഒറ്റമൂലിയായി പലരും ഉമ്മം നിർദ്ദേശിക്കാറുണ്ട്. അതിനാൽ തന്നെ വിഷമേറിയ ഇത് വയറ്റിൽ ചെന്നാൽ ജീവൻ തന്നെ അപകടത്തിലാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആരെങ്കിലും എന്തിനെങ്കിലും ഒറ്റമൂലി പറഞ്ഞു തന്നാൽ കൃത്യമായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ അത് കഴിക്കാതിരിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക.