
ഡെൻമാർക്കിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വിചിത്രവും വൈകാരികവുമായ സംഭവം ലോകമെമ്പാടുമുള്ള ആളുകളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തി. ഒരു സ്ത്രീ തന്‍റെ കൗമാരക്കാരിയായ മകളുടെ പ്രിയപ്പെട്ട വളർത്ത് മൃഗത്തെ ആൽബോർഗ് മൃഗശാലയ്ക്ക് ദാനം ചെയ്തു, മൃഗശാല അധികൃതർ തങ്ങളുടെ പ്രകൃതിദത്ത ഭക്ഷണ പദ്ധതിയുടെ ഭാഗമായി അതിനെ ദയാവധം ചെയ്ത് സിംഹങ്ങൾക്ക് ഭക്ഷണമായി നല്‍കി. സംഭവം പുറത്തറിഞ്ഞതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധക്കുറിപ്പകൾ ഉയര്‍ന്നത്.
ഷിക്കാഗോ 57 എന്ന് പേരുള്ള 22 വയസ്സുള്ള ഒരു ജർമ്മൻ കുതിരയായിരുന്നു 13 -കാരിയായ മകൾ ആഞ്ജലീനയുടെ പ്രിയപ്പെട്ട ആ മൃഗം. ഷിക്കാഗോ 57 ഏറെക്കാലമായി എക്സിമ എന്ന ഗുരുതരമായ ചർമ്മരോഗത്താൽ കഷ്ടപ്പെട്ടുകയായിരുന്നു. വേനല്‍ക്കാലങ്ങളില്‍ ഷിക്കാഗോ 57 ന്‍റെ രോഗം വഷളായി. ഒരു കൊതുക് കടി പോലും അവന് വലിയ വേദനയാണ് സമ്മാനിച്ചത്. കൊതുക് കുത്തിയ മുറിവിലൂടെ പലപ്പോഴും അണുബാധയേല്‍ക്കുന്നതും പതിവായി.
കുതിരയുടെ രോഗം കലശലായപ്പോൾ മകൾ അതിനെ ജാക്കറ്റുകളും ലെഗ് കവറുകളും ഉപയോഗിച്ച് സംരക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ. അവന്‍റെ ആരോഗ്യം നാൾക്കുനാൾ മോശമായിക്കൊണ്ടിരുന്നു. വേദനയാൽ അവന്‍ പുളഞ്ഞു. 2020 -ല്‍ ഷിക്കാഗോയെ ഏത് വിധേനയും സംരക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെന്നും 44 കാരിയായ അമ്മ പെർണിൽ സോൾ പറയുന്നു. പക്ഷേ, നാൾക്ക് നാൾ ഷിക്കാഗോയുടെ രോഗം മൂര്‍ച്ചിച്ചതേയുള്ളൂ. ഒടുവില്‍ അവനെ എന്ത് ചെയ്യാണമെന്ന് തീരുമാനിക്കനുള്ള അവകാശം അമ്മ ആഞ്ജലീനയ്ക്ക് നല്‍കി. ഗവേഷണത്തിനായി കൊടുക്കാനുള്ള സാധ്യത തേടിയെങ്കിലും പിന്നീട് മൃഗശാലയ്ക്ക് ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അത് വഴി പ്രകൃതിദത്ത ഭക്ഷ്യ ശൃംഖലയുടെ ഭാഗമാഗാന്‍ അവന് കഴിയുമെന്നും അത് മറ്റ് മൃഗങ്ങൾക്ക് ഉപകാരപ്പെടുമെന്നും അവര്‍ കരുതി.
ചിക്കാഗോ 57 -ന്‍റെ അവസാന നിമിഷങ്ങളിൽ മൃഗശാലാ സൂക്ഷിപ്പുകാർ അനുകമ്പയോടെയാണ് പരിഗണിച്ചതെന്നും പെർണിൽ കൂട്ടിച്ചേര്‍ത്തു. സിംഹത്തിന് ഭക്ഷണമാക്കുന്നതിന് അവർ അവനെ സമാധാനപരമായി ദയാവധം ചെയ്തു. സംഭവം വിമർശിനം നേരിട്ടതോടെ മൃഗശാലാ അധികൃതർ വിശദീകരണവുമായെത്തി. വന്യമൃഗങ്ങൾക്ക് സ്വന്തമായൊരു ഭക്ഷ്യശൃംഖലയുണ്ടെന്നും അത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും വിശദീകരിച്ച മൃഗശാലാ അധികൃതർ തങ്ങളും അതിന് സമാനമായ പദ്ധതായാണ് നടപ്പാക്കിയതെന്നും വിശദീകരിച്ചു. ഇത് സ്വാഭാവിക ഭക്ഷ്യശൃംഖലയെ നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയതാണെന്നും ന്യായീകരിച്ചു. പദ്ധതി പ്രകാരം എന്തെങ്കിലും കാരണത്താൽ ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുമൃഗങ്ങളെ തങ്ങളെ ഏല്‍പ്പിക്കുകയാണെങ്കില്‍ അവയെ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭക്ഷ്യ ശൃംഖലാ പദ്ധതിയുടെ ഭാഗമാക്കുമെന്നും മൃഗശാലാ അധികൃതര്‍ അറിയിച്ചു.