
വിമാനത്തിൽ നിന്നും ആദ്യം മകളെ ഇറക്കാന്‍ വേണ്ടി മറ്റ് യാത്രക്കാരുടെ വഴി തടഞ്ഞ അമ്മയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. നിരവധി സീറ്റുകൾക്ക് പിന്നിലായി ഇരുന്നിരുന്ന മകളെ ആദ്യം ഇറക്കാന്‍ വേണ്ടി സ്ത്രീ വിമാനത്തിൽ ആളുകൾ നടക്കുന്ന ഇടനാഴി മുഴുവനായും തടസപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത് വിമാനത്തിനുള്ളിൽ ചെറുതല്ലാത്ത സംഘർഷം സൃഷ്ടിച്ചു. ലാന്‍ഡ് ചെയ്ത ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ നിന്നും ആളുകൾ പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ക്ലിന്‍റ് കിസൺ എന്ന ഉപയോക്താവ് സംഭവത്തിന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ടാർമാക്കിൽ നിന്നും ബാൾട്ടിമോറിലേക്ക് വെറും മൂന്ന് മണിക്കൂര്‍ യാത്രയാണ് ഉള്ളത്. എന്നാല്‍ വിമാനം മൂന്ന് മണിക്കൂറോളം വൈകിയാണ് എത്തിയതെന്നും ഇതിനിടെയാണ് അമ്മ തന്‍റെ മകൾക്ക് വേണ്ടി മറ്റ് യാത്രക്കാരുടെ വഴി തടഞ്ഞ് ബഹളം വച്ചതെന്നും ക്ലിന്‍റ് കിസണ്‍ എഴുതുന്നു. മുന്നിലെ സീറ്റില്‍ നിന്നും ആളുകളെല്ലാവരും പുറത്തിറങ്ങിയെങ്കിലും ഏറ്റവും പിന്നില്‍ ഇരിക്കുകയായിരുന്ന മകളെത്തുന്നത് വരെ അമ്മ മറ്റ് യാത്രക്കാരുടെ വഴി തടയുകയും ഇത് ചോദ്യം ചെയ്ത മറ്റ് യാത്രക്കാരോട് തർക്കിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ആദ്യം പിന്നില്‍ നിന്ന ഒരു യുവതി ആളുകളെ തള്ളി മാറ്റി തന്‍റെ അമ്മയെ കാണണമെന്ന് വാശി പിടിച്ചു. ഈസമയം എല്ലാവരും ഇറങ്ങാനുള്ള തിരക്കിലായിരുന്നു. ഇതിനിടെയാണ് മുന്നിലിരുന്ന അമ്മ, തന്‍റെ മകൾ വരാനുണ്ടെന്ന് പറഞ്ഞ് മറ്റ് യാത്രക്കാരുടെ വഴി മുടക്കി വിമാനത്തിന്‍റെ ഇടനാഴിയില്‍ കയറി നിന്നത്. മറ്റ് യാത്രക്കാര്‍ ഇത് ചോദ്യം ചെയ്തപ്പോൾ ഇവര്‍ തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ എയര്‍ഹോസ്റ്റസ് വന്ന് അമ്മയോട് വഴിയില്‍ നിന്നും മാറിയാല്‍ മാത്രമേ പിന്നിലുള്ള മകൾക്ക് മുന്നോട്ട് വരാന്‍ കഴിയുകയുള്ളൂവെന്ന് പറയുന്നു. പിന്നാലെ ഇവര്‍ ഇടനാഴിയില്‍ നിന്നും മാറുകയും പിന്നിലുള്ള യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അമ്മയ്ക്കെതിരെ വിമർശനവുമായി എത്തിയത്. ഇതൊരു സ്ഥിരം കാഴ്ചയാണെന്നും അത്രയും നേരം വിമാനത്തിലിരുന്ന മനുഷ്യർക്ക് അല്പനേരം കൂടി കാത്തിരുന്നാല്‍ എന്താണ് കുഴപ്പമെന്നും നിരവധി പേര്‍ ചോദിച്ചു. ആളുകൾ വിമാനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും എന്തിനാണ് ഇത്രയും അസ്വസ്ഥരാകുന്നതെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. ആളുകൾക്ക് സാമാന്യബുദ്ധി നഷ്ടപ്പെട്ടെന്നും ഇത്തരം കാര്യങ്ങൾ യുക്തിക്ക് നിരക്കുന്നതല്ലെന്നും ചിലരെഴുതി.