അമ്മായിഅമ്മയോടൊപ്പം താമസിക്കുന്ന സ്ത്രീകള്‍ക്ക്, വേറെ താമസിക്കുന്ന സ്ത്രീകളേക്കാള്‍ സ്വാതന്ത്ര്യം കുറവാണോ?

By Web TeamFirst Published Jan 1, 2020, 6:08 PM IST
Highlights

ഗവേഷകർ രണ്ടുതരം സ്ത്രീകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. അമ്മായിഅമ്മയോടൊപ്പം താമസിക്കാത്തവരില്‍നിന്നും, താമസിക്കുന്നവരില്‍നിന്നും. ഒപ്പം അവരുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എണ്ണത്തെ കുറിച്ചും അവരുമായുള്ള ബന്ധത്തെ കുറിച്ചും ചോദിച്ച് മനസിലാക്കി. 

അമ്മായിഅമ്മ-മരുമകള്‍ ബന്ധം ഇന്ത്യക്കാര്‍ക്ക് എപ്പോഴും പലതരം സംസാരങ്ങള്‍ക്കും വിഷയമായിരുന്നു. 'അമ്മായിഅമ്മപ്പോര്' എന്ന് തന്നെ അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പേരും നല്‍കിയിട്ടുണ്ട്. കളിയാക്കലുകളുകള്‍ക്കും ടിവി പരിപാടികളിലും സീരിയലുകളിലുമെല്ലാം അവര്‍ പലതരത്തില്‍ നിറഞ്ഞാടുകയും ചെയ്‍തു. ഏതായാലും അമ്മായിഅമ്മയുടെ കൂടെ താമസിക്കുന്ന സ്ത്രീകളും വേറെ താമസിക്കുന്ന സ്ത്രീകളും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ? എന്താണ് ഇന്ത്യയിലെ അവസ്ഥ? 

2018 -ലാണ്, ബോസ്റ്റണിലെയും ദില്ലിയിലെയും ഗവേഷകര്‍ 671 വിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ ഒരു പഠനം നടത്തി. ഉത്തര്‍ പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ 28 ഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. പഠനത്തിന് വിധേയമാക്കിയ സ്ത്രീകളുടെ പ്രായം 26 -ഉം ഭർത്താവിന് 33 -ഉം ആയിരുന്നു. അവരിൽ ഭൂരിഭാഗവും ഹിന്ദുമതത്തിലും പിന്നാക്കവിഭാഗത്തില്‍ പെടുന്നവരുമായിരുന്നു.  60% കുടുംബങ്ങളും ഏറെയും കൃഷിസ്ഥലമുള്ളവരാണ്. 70% സ്ത്രീകളും അമ്മായിഅമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

വീടിന് പുറത്തുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി പുറംലോകവുമായുള്ള അവരുടെ ബന്ധമെങ്ങനെയാണെന്ന് ഗവേഷകർ സ്ത്രീകളോട് ചോദിച്ചു. അവരുടെ അത്തരം സാമൂഹ്യബന്ധങ്ങള്‍ രൂപീകരിക്കുന്നതിൽ അമ്മായിഅമ്മമാർ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നും ചോദിച്ചു. സ്വന്തം കാര്യം തീരുമാനിക്കാനുള്ള അധികാരം, ആരോഗ്യകാര്യങ്ങളിലുള്ള അറിവ്, കെയര്‍ ചെയ്യപ്പെടാനാഗ്രഹിക്കുന്ന സ്വഭാവം എന്നിവയെക്കുറിച്ചായിരുന്നു അന്വേഷണം.

പലതരത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഇത് ഗവേഷകരെയെത്തിച്ചത്. അമ്മായിഅമ്മയോടൊപ്പം താമസിക്കുന്ന സ്ത്രീകൾക്ക് വളരെ പരിമിതമായ സഞ്ചാര സ്വാതന്ത്ര്യവും വീടിന് പുറത്ത് സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുമാണുള്ളതെന്ന് പഠനത്തില്‍ വ്യക്തമായി. പുറത്തിറങ്ങാനുള്ള അവസരമുണ്ടായിരുന്നെങ്കില്‍ അതവരെ കൂടുതൽ വിവരങ്ങൾ നേടാനും സമപ്രായക്കാരുമായുള്ള കൂട്ടുകെട്ട് വളർത്താനും ആത്മവിശ്വാസം നേടാനും സ്വപ്‍നങ്ങള്‍ സൂക്ഷിക്കാനുമെല്ലാം സഹായിക്കുമായിരുന്നു. ആരോഗ്യം, ഫെര്‍ട്ടിലിറ്റി, ജനന നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെയും അവര്‍ക്ക് സ്വാധീനിക്കാനാകുമായിരുന്നു.

പക്ഷേ, പഠനം നടത്തിയ സ്ത്രീകളിൽ ഏകദേശം 36% പേർക്കും ജില്ലയിലുടനീളം അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. അവരിൽ 22% പേർക്കും ഒരിടത്തും അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. 14% സ്ത്രീകൾക്ക് മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് ഒറ്റയ്ക്ക് പോകാൻ അനുമതിയുള്ളത്. കൂടാതെ 12% പേർക്ക് മാത്രമേ ഗ്രാമത്തിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിക്കാൻ അനുവാദമുള്ളൂ. ഭർത്താവിനും അമ്മായിയമ്മയ്ക്കും പുറമെ, ഒരു ശരാശരി സ്ത്രീ തനിക്ക് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് തന്‍റെ ജില്ലയിലെ വെറും രണ്ടുപേരോടൊ മറ്റോ ആണ് സംവദിക്കുന്നത്.

ഗവേഷകർ രണ്ടുതരം സ്ത്രീകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. അമ്മായിഅമ്മയോടൊപ്പം താമസിക്കാത്തവരില്‍നിന്നും, താമസിക്കുന്നവരില്‍നിന്നും. ഒപ്പം അവരുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എണ്ണത്തെകുറിച്ചും അവരുമായുള്ള ബന്ധത്തെ കുറിച്ചും ചോദിച്ച് മനസിലാക്കി. അതില്‍ത്തന്നെ ആരോഗ്യകാര്യങ്ങള്‍, ഫെര്‍ട്ടിലിറ്റി, കുടുംബാസൂത്രണം എന്നിവയെക്കുറിച്ചൊക്കെയുള്ള സംവാദം എത്രമാത്രമുണ്ടെന്നാണ് പഠിച്ചത്. അമ്മായിഅമ്മയോടൊപ്പം താമസിക്കുന്ന സ്ത്രീകളില്‍ സ്വന്തം ഗ്രാമത്തില്‍ അടുത്ത സുഹൃത്തുക്കളുള്ളവര്‍ അമ്മായിഅമ്മമാരോടൊപ്പമല്ലാതെ താമസിക്കുന്നവരേക്കാള്‍ 18 ശതമാനം കുറവായിരുന്നു. അവരുടെ സൗഹൃദങ്ങളെയും ബന്ധങ്ങളെയും അമ്മായിഅമ്മമാര്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടെന്നും വ്യക്തമായി. അതുപോലെ തന്നെ മരുമകള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ അമ്മായിഅമ്മമാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനത്തില്‍നിന്നും വ്യക്തമായി. 48 ശതമാനം സ്ത്രീകള്‍ പറഞ്ഞത് തങ്ങളുടെ അമ്മായിഅമ്മമാര്‍ ജനനനിയന്ത്രണത്തിന് അനുമതി നല്‍കാറില്ല എന്നാണ്. മാത്രമല്ല ഭര്‍ത്താവ് പുറത്തോ മറ്റോ ജോലി ചെയ്യുന്നവരാണെങ്കില്‍ അമ്മായിഅമ്മ കൂടുതല്‍ നിയന്ത്രണം മരുമകളുടെ മേല്‍ ചെലുത്താറുണ്ട് എന്നും പഠനത്തില്‍ വ്യക്തമായി. അവര്‍ എവിടെയെല്ലാം പോകുന്നു, എങ്ങനെ പെരുമാറുന്നു, തീരുമാനമെടുക്കുന്നു ഇവയിലെല്ലാം അമ്മായിഅമ്മമാരുടെ നിയന്ത്രണമുണ്ട് എന്നാണ് പഠനത്തില്‍ വ്യക്തമായത്. 

അമ്മായിഅമ്മയുടെ ഈ പെരുമാറ്റം പലപ്പോഴും സ്ത്രീകളുടെ പുറത്തേക്കുള്ള യാത്രകളെയും അതുവഴി ലഭിച്ചേക്കാവുന്ന അറിവുകളെയും ഇല്ലാതാക്കുന്നു. അവര്‍ക്ക് കുടുംബാസൂത്രണത്തെ കുറിച്ചോ ആരോഗ്യത്തെ സംബന്ധിച്ച പുതിയ കാര്യങ്ങളെ കുറിച്ചുള്ള അറിവോ ഉണ്ടാകണമെന്നില്ല. ഇങ്ങനെയുള്ള സ്ത്രീകള്‍ ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുപയോഗിക്കാനുള്ള സാധ്യത കുറവാണ് എന്നും ബോസ്റ്റൺ സർവ്വകലാശാല, ദില്ലി സ്‍കൂൾ ഓഫ് ഇക്കണോമിക്സ്, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‍‍സിറ്റി, ബോസ്റ്റൺ കോളേജ് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിവാഹിതരായ മിക്ക യുവതികളും അവരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ സ്വകാര്യ ആശങ്കകളെക്കുറിച്ചോ ഭർത്താവും അമ്മായിയമ്മയും ഒഴികെ വളരെ കുറച്ച് ആളുകളുമായി മാത്രമാണ് സംസാരിക്കുന്നത്. പഠനത്തിന് വിധേയമാക്കിയ സ്ത്രീകളില്‍ പലര്‍ക്കും ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ മാത്രമാണ് ജൗന്‍പൂരിലുള്ളത്. 2004 -ലെ ഒരു വോട്ടെടുപ്പിൽ യുഎസ്സില്‍ ഒരു ശരാശരി സ്ത്രീക്ക് കുറഞ്ഞത് എട്ട് ഉറ്റസുഹൃത്തുക്കളെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്‍തിരുന്നു. അതുപോലെ ഇന്ത്യയിൽ 33% സ്ത്രീകൾ മാത്രമേ മൊബൈൽ ഫോണുകൾ ഉള്ളൂ എന്നതിനാൽ ദീർഘദൂര ആശയവിനിമയവും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്.

അമ്മായിഅമ്മയ്‌ക്കൊപ്പം താമസിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നല്ല പഠനം പറയുന്നത്. ഗർഭകാലത്തെ ആരോഗ്യസംരക്ഷണം പോലെയുള്ള അവസരങ്ങളില്‍ അമ്മായിഅമ്മയുടെ സാന്നിധ്യം സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്നും പഠനങ്ങളില്‍ പറയുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പലപ്പോഴും അമ്മായിഅമ്മയുടെ സാന്നിധ്യം ഇല്ലാതാക്കുന്നുണ്ട് എന്നാണ് പ്രധാനമായും പഠനത്തില്‍ പറയുന്നത്. 

പുരുഷന്മാരില്‍നിന്നും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നതായ കാര്യങ്ങളെ കുറിച്ചോ, സ്ത്രീകള്‍ക്കിടയിലെ പ്രശ്‍നങ്ങളില്‍ പുരുഷാധിപത്യ സമൂഹത്തിന് എത്രമാത്രം പങ്കുണ്ട് എന്നതിനെക്കുറിച്ചോ പരാമര്‍ശങ്ങളേതുമില്ലാ എന്നത് പഠനത്തിന്‍റെ ന്യൂനതയായിരിക്കാം. 

(വിവരങ്ങള്‍ക്ക് കടപ്പാട്:ബിബിസി) 

click me!