അടുപ്പിൽ കല്ലുപുഴുങ്ങി മക്കളെപ്പറ്റിക്കുന്ന അമ്മ, കാത്തുകാത്തുറങ്ങിപ്പോവുന്ന മക്കൾ, ലോക്‌ഡൗൺ ദുരിതത്തിൽ കെനിയ

By Web TeamFirst Published May 2, 2020, 12:04 PM IST
Highlights

"മറ്റുള്ള കുഞ്ഞുങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും. ഏറ്റവും ഇളയതിന് പറഞ്ഞാൽ മനസ്സിലാവാനുള്ള പ്രായമായിട്ടില്ല. അതുകൊണ്ട് അത് നിർത്താതെ കിടന്നു കരയുമായിരുന്നു. "

പെനിന ബെഹാത്തി കിത്സാവോ എന്ന കെനിയൻ അമ്മയ്ക്ക് മക്കൾ എട്ടെണ്ണമുണ്ട്. ഒന്നും ഒന്നരയും വർഷം ഇടവിട്ട് പെനിന പെറ്റിട്ട ആ മക്കളിങ്ങനെ  പുരനിറഞ്ഞു നിൽക്കുകയാണ്. വീട്ടിൽ അടുപ്പുണ്ട്. കിണറ്റിൽ വെള്ളമുണ്ട്. അത് പകർന്നെടുത്ത് അടുപ്പത്തുവെക്കാൻ ചെമ്പുണ്ട്. അടുപ്പുകത്തിക്കാൻ വേണ്ട ചുള്ളിയും പറമ്പിലുണ്ട്. എന്നാൽ, മക്കൾ വിശന്നു നിലവിളിക്കുമ്പോൾ അതിലിട്ടു പുഴുങ്ങിക്കൊടുക്കാൻ മാത്രം യാതൊന്നുമില്ല ആ പാവത്തിന്റെ പക്കൽ. മക്കളുടെ കരച്ചിൽ കേട്ട് ഗതികെട്ട് ഒരു ദിവസം ആ അമ്മ ചെയ്ത പ്രവൃത്തി ആരുടെയും കണ്ണുനനയിക്കുന്ന ഒന്നാണ്. മക്കളാരും കാണാതെ പറമ്പിൽ നിന്ന് കൊള്ളാവുന്ന ഉരുളൻ കല്ലുകൾ നോക്കി തിരഞ്ഞെടുത്ത്, കൊണ്ടുവന്നു ചെമ്പിലെ വെള്ളത്തിലിട്ട്, അടപ്പിട്ടു മൂടി അത് പുഴുങ്ങിക്കൊണ്ടിരുന്നു. 

അമ്മ ഇന്നെന്തോ എവിടെന്നോ കഴിക്കാൻ സംഘടിപ്പിച്ചിട്ടുണ്ട്, അത് അടുപ്പിൽ വേവുകയാണ് എന്ന പ്രത്യാശ മനസ്സിൽ വന്നതോടെ അവരിൽ പലരും വയറ്റിനുള്ളിലെ ഇരമ്പം മറന്നു. അവർ ചെന്ന് കിടന്നു. അടുപ്പത്ത് തിളക്കുന്നതെന്തായാലും, വേവുമ്പോൾ അമ്മ വന്നു തങ്ങളെ വിളിക്കുമായിരിക്കും എന്നായിരുന്നു ആ പാവം മക്കളുടെ ഉള്ളിൽ. തങ്ങളുടെ വിശപ്പകറ്റാനുള്ള എന്തോ ഒന്ന് അടുപ്പത്തുകിടന്നു വേവുന്നുണ്ട് എന്ന തോന്നലിൽ അവരുടെ മനസ്സിലെ ആന്തലടങ്ങി. അങ്ങനെ പ്രതീക്ഷിച്ച് കിടന്നുകിടന്ന് തന്റെ മക്കൾ ഉറങ്ങിപ്പോകും വരെ ആ ഹതഭാഗ്യയായ അമ്മ തന്റെ ചെമ്പിലെ ഉരുളൻ കല്ലുകൾ വേവിച്ചു കൊണ്ടിരുന്നു. 

 

 

ഉത്തരേന്ത്യയിൽ എവിടെയോ ഉള്ള ഒരമ്മ, തൊട്ടടുത്ത വീട്ടിൽ നിന്ന് പാലും പഞ്ചസാരയും കടം വാങ്ങിയശേഷം പറഞ്ഞ ഒരു കാര്യമുണ്ട്," ആദ്യമായിട്ടാണ് ചേച്ചീ ഞാൻ ഒരാളോട് എന്തെങ്കിലും ഇരന്നുവാങ്ങുന്നത്. വലിയ വിഷമമുണ്ട് ഉള്ളിൽ". കൊവിഡ് എന്ന മഹാമാരിയും, അതുകൊണ്ടുവന്ന ലോക്ക് ഡൗണും മനുഷ്യരെ മുമ്പ് ചെയ്തുശീലിച്ചിട്ടില്ലാത്ത പലതിനും നിർബന്ധിതരാക്കുന്നുണ്ട്. എന്നിരുന്നാലും, "എനിക്ക് വിശക്കുന്നൂ, അമ്മേ.." എന്ന് ചിണുങ്ങുന്ന മക്കളുടെ മുഖത്തുനോക്കി "ഇവിടൊന്നുമില്ല മക്കളേ..." എന്ന് പറയേണ്ടി വരുന്നത്ര ഹതഭാഗ്യർ ഉണ്ടാവില്ല നമ്മുടെ കേരളത്തിലെങ്കിലും. അത്രയ്ക്ക് മനുഷ്യപ്പറ്റില്ലാത്തതല്ല നമ്മുടെ അയല്പക്കങ്ങൾ. ഇങ്ങനെ കല്ലുപുഴുങ്ങി മക്കളേ പഠിക്കേണ്ട  അവസ്ഥ എന്തായാലും ഇവിടാർക്കും വന്നുകാണില്ല ഇതുവരെ.

അയൽപക്കങ്ങളിൽ ചെന്ന് തുണിയലക്കിക്കൊടുത്ത് കിട്ടുന്ന തുച്ഛമായ തുകകൊണ്ട് മക്കളേ പോറ്റിയിരുന്ന ഒരു പാവപ്പെട്ട സ്ത്രീയായിരുന്നു പെനിന. ലോക്ക് ഡൌൺ വന്നതോടെ അവർക്ക് ജോലിയില്ലാതായി. കൊവിഡ് ഭീതിയിൽ പുറത്തുനിന്ന് ആളെ അടുപ്പിക്കാൻ മടിച്ച് തുണികളെല്ലാം നാട്ടുകാർ സ്വയം അലക്കാൻ തുടങ്ങി. കരുതിവെച്ചിരുന്ന തുച്ഛമായ സമ്പാദ്യം തീർന്നതോടെ ആ വീട്ടിൽ കുഞ്ഞുങ്ങൾ അരപ്പട്ടിണിയായി. പിന്നെ അത് മുഴുപ്പട്ടിണിയായി മാറി. കഴിഞ്ഞ വർഷം, ജോലി കഴിഞ്ഞു മടങ്ങിവരുന്ന വഴി, കൊള്ളക്കാർ പണം തട്ടിപ്പറിയ്ക്കാൻ ശ്രമിച്ചപ്പോൾ അതിനെ ചെറുത്തതാണ് പെനിനയുടെ ഭർത്താവ്. അടുത്ത ദിവസം രാവിലെയാണ് ആ പിടിച്ചുപറിക്കാരുടെ വെട്ടേറ്റു ചോരവാർന്ന് മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ അച്ഛന്റെ ജഡം വഴിയരികിൽ കിടക്കുന്നത്  പെനിന കാണുന്നത്. 

അയല്പക്കത്തു നടന്ന ഈ സംഭവം യദൃച്ഛയാ നേരിൽ കാണാനിടയായ പ്രിസ്ക മോമാൻവി എന്ന യുവതിയാണ് ഈ വിവരം പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചപ്പോഴാണ് പെനിനയുടെ ദുരവസ്ഥ ലോകമറിഞ്ഞത്. പെനിനക്കു വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് തുറന്നു നൽകിയ പ്രിസ്ക അതിന്റെ വിവരങ്ങളും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ നൽകി. അതോടെ ആ അമ്മയുടെ  വേദന കെനിയയുടെ വേദനയായി പരിണമിച്ചു. ആ അക്കൗണ്ടിലേക്ക് സഹായങ്ങളുടെ പ്രവാഹമായി. 

ഒരല്പം വൈകിയെങ്കിലും തനിക്ക് കിട്ടാൻ ഭാഗ്യമുണ്ടായി സഹായങ്ങളെ 'അത്ഭുതമെന്നാണ്' പെനിന വിളിക്കുന്നത്. തന്റെ നാട്ടുകാർ ഇത്രക്ക് ഹൃദയാലുക്കളാണ് എന്ന് താനറിഞ്ഞിരുന്നില്ലെന്നും, ഇന്ന് നാടിന്റെ വിദൂരസ്ഥഗ്രാമങ്ങളിൽ നിന്നുപോലും തനിക്ക് ക്ഷേമം അന്വേഷിച്ചുകൊണ്ടുള്ള കോളുകൾ വരുന്നുണ്ട് എന്നും അവർ പറഞ്ഞു. 

"മറ്റുള്ള കുഞ്ഞുങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും. ഏറ്റവും ഇളയതിന് പറഞ്ഞാൽ മനസ്സിലാവാനുള്ള പ്രായമായിട്ടില്ല. അതുകൊണ്ട് അത് കിടന്നു നിർത്താതെ കരയുമായിരുന്നു. അടുപ്പത്ത് വല്ലതും കയറ്റി തിളപ്പിക്കാൻ തുടങ്ങുമ്പോൾ അവന്റെ കരച്ചിൽ നിൽക്കും സ്ഥിരമായി. അവന്റെ കരച്ചിൽ നിർത്താൻ വേണ്ടിയാണ് ഞാൻ ഗതികെട്ട് കല്ലെടുത്ത് പുഴുങ്ങിയത്. വേറെ നിവൃത്തിയില്ലാതിരുന്നത് കൊണ്ടാണങ്ങനെ ചെയ്‌തത്‌. എന്തായാലും, ഞങ്ങളുടെ വിളി ദൈവം കേട്ടു.." കണ്ണുതുടച്ചുകൊണ്ട് പെനിന പറഞ്ഞു. 

കെനിയൻ സർക്കാർ പട്ടിണി കിടക്കുന്ന പാവങ്ങൾക്കായി ഫീഡിങ് പ്രോഗ്രാം ഒക്കെ നടത്തുന്നുണ്ട് എങ്കിലും പെനിനയെപ്പോലെ നിരവധിപ്പേരിലേക്ക് അതിന്റെ ഗുണഫലങ്ങൾ എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 


ALSO READ

അമേരിക്കൻ കമാൻഡോകൾ ബിൻലാദനെ വധിച്ചിട്ട് ഇന്നേക്ക് ഒമ്പതാണ്ട്

click me!