അമേരിക്കൻ കമാൻഡോകൾ ബിൻലാദനെ വധിച്ചിട്ട് ഇന്നേക്ക് ഒമ്പതാണ്ട്

By Web TeamFirst Published May 2, 2020, 10:17 AM IST
Highlights

ലാദന്റെ മൃതദേഹം എവിടെയെങ്കിലും അടക്കം ചെയ്താൽ പിന്നെ അതൊരു സ്മാരകമായി മാറിയേക്കാം എന്നുകരുതി ശാരീരികാവശിഷ്ടങ്ങൾ സമുദ്രത്തിൽ അടക്കം ചെയ്തു എന്നാണ് അമേരിക്കയിൽ നിന്ന് പിന്നീടുവന്ന റിപ്പോർട്ടുകൾ. 

ന്നേക്ക് കൃത്യം ഒമ്പതു വർഷങ്ങൾക്കു മുമ്പുള്ള ഒരു മെയ്മാസപ്പുലരിയിൽ, ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെ, പാക്കിസ്ഥാനിലെ അബോട്ടാബാദ് എന്ന പട്ടണത്തിലെ ഒരു മൂന്നുനില വീടിന്റെ പരിസരത്തേക്ക് ഒരു കൂട്ടം അമേരിക്കൻ നേവി സീലുകൾ ഹെലികോപ്ടറുകളിൽ വന്നിറങ്ങി. അവരുടെ ലക്‌ഷ്യം വളരെ വലുതായിരുന്നു. 2996 പേരുടെ മരണത്തിനു കാരണമായ 9/11 വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി എന്ന് അമേരിക്കൻ ചാരസംഘടനയായ സിഐഎ സംശയിക്കുന്ന ഒസാമ ബിൻ ലാദൻ എന്ന അൽ ക്വയ്ദ നേതാവിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുക. 

ഈ ഉദ്ദേശ്യം വച്ച് നടത്തുന്ന ആദ്യത്തെ റെയ്ഡ് അല്ലായിരുന്നു പ്രസ്തുത നേവി സീൽ സംഘത്തെ സംബന്ധിച്ചിടത്തോളം അത്. പത്തുവർഷമായി അവരിൽ പലരും ഈ കൊടുംഭീകരന്റെ പിന്നാലെ കൂടിയിട്ട്. 'അമേരിക്കൻ മണ്ണിൽ ഒരു ഭീകരാക്രമണവും നടത്താനാവില്ല', 'അത്രയ്ക്ക് പ്രൊഫെഷണൽ ആണ് അമേരിക്കയിലെ  രഹസ്യപ്പൊലീസ് സംവിധാനങ്ങൾ' എന്നൊക്കെയുള്ള അമേരിക്കയുടെ മിഥ്യാധാരണ തച്ചുടച്ചുകൊണ്ട് ഒരേസമയം നാലു യാത്രാവിമാനങ്ങൾ ഹൈജാക്ക് ചെയ്തു നടത്തപ്പെട്ട ആ ആക്രമണം അവരുടെ നടുമ്പുറത്തേറ്റ ഒരു ഊക്കനടിയായിരുന്നു. അതിനു പിന്നിലെ ഗൂഢാലോചന ഉത്ഭവിച്ച മസ്തിഷ്കത്തിലേക്ക് ആക്രമണം നടന്നു പത്തുവർഷം കഴിഞ്ഞും ചുടുചോര നിർബാധം ഒഴുകിയെത്തുന്നുണ്ട്, അതിൽ പുതിയ ഭീകരാക്രമണത്തെപ്പറ്റിയുള്ള ഭാവനകൾ വിടരുന്നുണ്ട് എന്നത് സിഐഎയുടെ ആത്മാഭിമാനത്തിന്റെ അനുനിമിഷം ക്ഷതമേല്പിക്കുന്ന ഒരു യാഥാർത്ഥ്യമായിരുന്നു. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും ബിൻ ലാദനെ പിടികൂടാൻ അവർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. 

ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയർ

ലാദനെ ഇല്ലാതാക്കാനുള്ള അമേരിക്കയുടെ ഭഗീരഥ യജ്ഞങ്ങളുടെ  കൊടിയേറ്റമായിരുന്നു ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയർ എന്നറിയപ്പെട്ട ആ റെയ്ഡ്. അതിൽ പങ്കെടുത്തതോ അമേരിക്കൻ നേവി സീനുകളുടെ എലീറ്റ് ഫോഴ്‌സ് ആയ ഡേവ്ഗ്രു (DEVGRU or SEAL Team Six)വും. അതിനിർണായകമായ ആ ആക്രമണം ഒരു ജോയിന്റ് ഓപ്പറേഷൻ ആയിരുന്നു. അമേരിക്കൻ വ്യോമസേനയുടെ 160th സ്‌പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റിലെ 'നൈറ്റ് സ്റ്റോക്കേഴ്സ്' എന്നറിയപ്പെട്ടിരുന്ന അസോൾട്ട് ചോപ്പർ പൈലറ്റുമാരും, സിഐഎയുടെ സ്‌പെഷ്യൽ ആക്ടിവിറ്റീസ് ഡിവിഷനിലെ ഏജന്റുമാരും ഒത്തുചേർന്നുള്ള ഒരു ജോയിന്റ് ഓപ്പറേഷൻ. അഫ്‌ഗാനിസ്ഥാനിൽ നിന്നായിരുന്നു, പാക് അധികാരികളുടെ പോലും പൂർണമായ അറിവില്ലാതെയുള്ള ഈ രഹസ്യഓപ്പറേഷൻ. 

എങ്ങനെയാണ് ഒസാമ ബിൻ ലാദന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചത് എന്ത് സംബന്ധിച്ച് സിഐഎ പറയുന്ന വിവരങ്ങൾ പൂർണമായും വിശ്വസനീയമല്ല എങ്കിലും അതിങ്ങനെയാണ്. 2010 ഓഗസ്റ്റിൽ ഇസ്ലാമാബാദിലെ അമേരിക്കൻ എംബസിയെ സമീപിച്ച ഒരു പാക് ഇന്റലിജൻസ് ഓഫീസർ, തന്റെ പക്കൽ ഒസാമാ ബിൻ ലാദന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ഉണ്ടെന്നും, രണ്ടരക്കോടി അമേരിക്കൻ ഡോളർ നൽകിയാൽ താൻ അത് വെളിപ്പെടുത്താൻ തയ്യാറാണ് എന്നും അറിയിക്കുന്നു. 2006 -ൽ തന്നെ ലാദൻ പാകിസ്ഥാനിൽ വെച്ച് ISI'യുടെ പിടിയിൽ അകപ്പെട്ടിരുന്നു എന്നും അവർ ആ വിവരം സിഐഎയെ അറിയിക്കാതെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു എന്നും അയാൾ വെളിപ്പെടുത്തുകയുണ്ടായി. പ്രസ്തുത ഓഫീസറെ CIA ഏജന്റുമാർ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. അയാൾ ടെസ്റ്റ് പാസായതോടെ അവർക്ക് ആ ടിപ്പിൽ വിശ്വാസമായി. 

 

 

പിന്നീടവർ ആ ടിപ്പ് ശരിയാണോ എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കാൻ വേണ്ടി CIA ഏജന്റുമാർ താമസിയാതെ അബോട്ടാബാദിലേക്ക് രഹസ്യമായി നുഴഞ്ഞുകയറി. അവിടെ അവർ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ച്, 'റെഡ് ടീമിങ്' എന്ന് ഇന്റലിജൻസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന ഒരു തന്ത്രം പ്രയോഗിച്ച് ചില പരിശോധനകളൊക്കെ ഒക്കെ നടത്തി. റെഡ് ടീമിങ്  എന്നത് തങ്ങൾക്ക് ലഭിച്ച വിവരങ്ങളുടെ സാധുത പരിശോധിക്കാൻ വേണ്ടി രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന സ്ഥിരീകരണ സമ്പ്രദായമാണ്. 'അബോട്ടാബാദിലെ ആ മൂന്നുനിലവീട്ടിനുള്ളിൽ ലാദനുണ്ട്' എന്നവിവരം ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിരുന്നു എങ്കിലും, അത് സംശയലേശമെന്യേ സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാരണം, അബോട്ടാബാദ് പാകിസ്താന്റെ മണ്ണിലാണ്. ഓപ്പറേഷൻ നടത്തേണ്ടത് അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ബേസിൽ നിന്ന്, പാക് സൈന്യത്തിന്റെയോ ഐഎസ്‌ഐയുടെയോ അറിവുകൂടാതെ രഹസ്യമായി പറന്നുചെന്നാണ്. എന്തെങ്കിലും പ്രശ്നമുണ്ടായായ ശേഷം, അവിടെ ലാദൻ ഇല്ല എന്നുവന്നാൽ അത് വല്ലാത്ത കോലാഹലങ്ങൾക്ക് കാരണമാകും. അബോട്ടാബാദിലേക്ക് ഒരു റെയിഡിന് ചെന്നിറങ്ങിയാൽ പിന്നെ ആ അസോൾട്ട് ഹെലികോപ്റ്ററുകൾ തിരിച്ചു പൊന്തുന്നത് ലാദന്റെ മൃതദേഹവും കൊണ്ടായിരിക്കണം. അല്ലെങ്കിൽ അത് CIA ക്കുണ്ടാക്കുന്ന മാനഹാനി ചെറുതൊന്നുമാവില്ല.

വാക്സിനേഷന്റെ പേരിൽ നടത്തിയ സ്ഥിരീകരണം  

പ്രസ്തുത ദൗത്യത്തിനായി സിഐഎ അന്നോളം പരീക്ഷിച്ചിട്ടില്ലാത്ത ഒരു തന്ത്രം മെനഞ്ഞു. ഒരു ഡോക്ടറും മൂന്നു നഴ്‌സുമാരും അടങ്ങുന്ന ഒരു പ്രാദേശിക മെഡിക്കൽ സംഘത്തെ ഇതിനായി അവർ വാടകയ്‌ക്കെടുത്തു. അവർക്ക് നൽകിയ ജോലി ഇതായിരുന്നു. അബോട്ടാബാദിലെ ആ മൂന്നു നില വീടടക്കം ആ പ്രദേശത്തുള്ള  പത്തുമുപ്പതു വീടുകളിൽ ഒരു ഹെപ്പറ്റിറ്റിസ് ബി വാക്സിനേഷൻ കാമ്പെയ്ൻ സംഘടിപ്പിക്കണം. അങ്ങനെ നടത്തുന്ന വാക്സിനേഷനിടെ സിറിഞ്ചുകളിൽ പതിയുന്ന ജൈവ സാമ്പിളുകൾ പരിശോധിച്ച് ആ വീട്ടിലുള്ള ആരെങ്കിലുമൊക്കെ ലാദനുമായി ബന്ധമുള്ളവരാണോ എന്ന് ഉറപ്പിക്കണം.

 

 

ഡോ. ഷക്കീൽ അഫ്രീദി എന്നായിരുന്നു ഡോക്ടറുടെ പേര്. പ്രാദേശിക ഭാഷയായ പഷ്‌തോ സംസാരിക്കുന്ന ഒരു പഷ്തൂനി ആയിരുന്നു ഡോക്ടർ. അമേരിക്കയുമായി അത്യാവശ്യം വിധേയത്വമുള്ള, അമേരിക്കയിലെ കാലിഫോർണിയയിൽ കുറേക്കാലം കഴിഞ്ഞിട്ടുള്ള, ഖൈബർ പാസ് പ്രവിശ്യയിൽ വാക്സിനേഷൻ കാമ്പെയ്ൻ സംഘടിപ്പിച്ചു മുൻപരിചയമുള്ള ഡോക്ടർ ഇക്കാര്യത്തിന് വളരെ കൃത്യമായ തെരഞ്ഞെടുപ്പായിരുന്നു. ഡോക്ടർക്ക് ലാദനെപ്പറ്റിയോ, റെയ്ഡിനെപ്പറ്റിയോ ഒന്നും അറിവില്ലായിരുന്നു എങ്കിലും, പ്രദേശത്ത് വാക്സിനേഷൻ എടുത്തു നൽകിയാൽ ഏഴുലക്ഷത്തോളം രൂപ നൽകാം എന്ന ഒരു അമേരിക്കൻ എൻജിഒയുടെ വാഗ്ദാനം പണത്തിന് അത്യാവശ്യമുണ്ടായിരുന്ന സമയത്ത് ഡോക്ടറെ തേടിയെത്തിയപ്പോൾ അയാൾക്കത് നിരസിക്കാൻ കഴിഞ്ഞില്ല. ഡോ. ഷക്കീലിനെ പിന്നീട് ഐഎസ്ഐ പിടികൂടി കൊടിയ പീഡനങ്ങൾക്ക് ഇരയാക്കുകയും, പാക് സുപ്രീം കോടതി 33 വർഷത്തെ കഠിനതടവിനു വിധിക്കുകയും ഒക്കെയുണ്ടായി. 

 

'ലാദൻ വധിക്കപ്പെട്ടതറിഞ്ഞ് തൊട്ടടുത്ത ദിവസം ആ വീടിനടുത്ത് തടിച്ചു കൂടിയ ജനം '

എന്നാൽ ലാദനെ താമസിപ്പിച്ചിരുന്ന വീടിന്റെ കൂറ്റൻ ഗേറ്റിൽ ചെന്ന് മുട്ടിയപ്പോൾ,"ഇപ്പോൾ വീട്ടിൽ ആരുമില്ല, വാക്സിനേഷൻ നടത്താൻ അനുമതി തരാനാവില്ല" എന്ന നിഷേധ മറുപടിയാണ് കിട്ടിയത്. എന്നാൽ, ഡോക്ടർ പിന്നീടൊരിക്കൽ വീട്ടിലെ ഗൃഹനാഥനുള്ളപ്പോൾ വിളിച്ചിട്ട് പിന്നീടുവരാമെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ നമ്പർ ചോദിച്ചപ്പോൾ അവർ കൊടുത്തു. ആ നമ്പറാണ് അവിടെ ലാദൻ ഉണ്ട് എന്നുറപ്പിക്കാൻ സിഐഎയെ സഹായിച്ചത്. ആ നമ്പർ ഇബ്രാഹിം സയീദ് അഹമ്മദ് എന്ന ഒരു സിഐഎ വാച്ച് ലിസ്റ്റിലുള്ള ഒരു ലാദൻ അനുഭാവിയുടേതായിരുന്നു. ഇബ്രാഹിം സയീദ് അഹമ്മദിന്റെ ഐഡന്റിറ്റി സിഐഎക്ക് കിട്ടിയിരുന്നു എങ്കിലും അയാളെ അന്നോളം അവർക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇരുപതടി ഉയരമുള്ള ചുവരുകളോടുകൂടിയ ആ കോട്ടപോലുള്ള മാളികയുടെ പുറത്തേക്ക് ലാദനെ ബന്ധിപ്പിക്കുന്ന ഒരേയൊരു ലിങ്ക് ഈ അനുഭാവി മാത്രമായിരുന്നു. 

നേവി സീലുകളും എയർഫോഴ്‌സും സിഐഎയും ചേർന്നുള്ള ജോയിന്റ് ഓപ്പറേഷൻ 

അത് ഒരു 'കിൽ ഓർ കാപ്ച്ചർ ' മിഷൻ ആയിരുന്നു. കൊല്ലാനുള്ള പൂർണമായ അനുവാദം സംഘത്തിനുണ്ടായിരുന്നു. ലാദൻ ആദ്യമേ തന്നെ കീഴടങ്ങി, അയാളിൽ നിന്ന് വിശേഷിച്ച് സുരക്ഷാ ഭീഷണി ഒന്നുമുണ്ടായില്ല എങ്കിൽ ജീവനോടെയും പിടികൂടാം, എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കൊല്ലുക എന്നതുതന്നെയായിരുന്നു സംഘത്തിന് കിട്ടിയ നിർദേശം എന്ന് പിന്നീട് റോയിട്ടേഴ്സിന് നൽകിയ ഒരു രഹസ്യ അഭിമുഖത്തിൽ പേരുവെളിപ്പെടുത്താത്ത ഒരു അമേരിക്കൻ രഹസ്യപൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുകയുണ്ടായി. "ഞങ്ങൾക്ക് ഒസാമയുടെ ലൊക്കേഷൻ കിട്ടിയിട്ടുണ്ട്, ഇനിയുള്ള ജോലി ചെയ്യേണ്ടത് നിങ്ങളാണ്, അയാളെ കൊല്ലുക" എന്നായിരുന്നു സംഘത്തിന് കിട്ടിയ ബ്രീഫിങ് എന്ന വെളിപ്പെടുത്തലാണ് ആ ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത്. 

ലാങ്‌ലിയിൽ നടന്ന പ്ലാനിങ് 

ജോയിന്റ് സ്‌പെഷ്യൽ ഓപ്സ് ടീം കമാണ്ടർ ആയിരുന്ന വൈസ് അഡ്മിറൽ വില്യം മക്റാവെൻ ആയിരുന്നു ടീം ലീഡ്. സിഐഎയിൽ നിന്ന് അസോൾട്ട് ലൊക്കേഷൻ കിട്ടിയപ്പോൾ അദ്ദേഹത്തിന് ആദ്യമുണ്ടായ സന്ദേഹം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രത്യാക്രമണത്തെപ്പറ്റിയുളളതായിരുന്നു.  നേവൽ സ്‌പെഷ്യൽ വാർഫെയർ ഗ്രൂപ്പിൽ (DEVGRU) നിന്നുള്ള ഒരു ക്യാപ്റ്റന് അദ്ദേഹം ഫീൽഡ് ടീം ചുമതല നൽകി. ബ്രയാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ കോഡ് നെയിം. ബ്രയാനും, സഹപ്രവർത്തകരായ ആറു ഓഫീസർമാരും ചേർന്നായിരുന്നു ലാങ്‌ലിയിലെ സിഐഎ ഹെഡ് ക്വാർട്ടേഴ്സിനുള്ളിൽ വെച്ച് ആക്രമണത്തിന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കിയത്. ഈ നിർണായകമായ ഓപ്പറേഷനിൽ പാകിസ്ഥാൻ സർക്കാരിനെ വിശ്വാസത്തിൽ എടുക്കേണ്ട എന്നതായിരുന്നു ഒബാമ സർക്കാരിന്റെ തീരുമാനം. അവർ ISI ലാദന് വിവരം ചോർത്തി നൽകും എന്ന സംശയം മൂലമായിരുന്നു. 

 

 

ലാദൻ താമസിക്കുന്നത് ഒരു ഭൂഗർഭ ബങ്കറിൽ ആണെങ്കിൽ അതും തകർക്കാൻ വേണ്ടത്ര സ്‌ഫോടകവസ്തുക്കളും കൊണ്ട് പോകാം എന്നായിരുന്നു പ്ലാൻ. അത്തരം ഒരു ആക്രമണമുണ്ടായാൽ അയൽക്കാർ ഉൾപ്പെടെ പരമാവധി പത്തുപന്ത്രണ്ടു പേരെങ്കിലും കൊല്ലപ്പെട്ടേക്കാം എന്നും അനുമാനമുണ്ടായി.  ശബ്ദം കുറച്ച് റഡാറുകളുടെ പിടിയിൽ പെടാതെ പ്രവർത്തിക്കാൻ വേണ്ടി മാറ്റങ്ങൾ വരുത്തിയ രണ്ടു സ്റ്റെൽത്ത് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളിലാണ് അവർ പോയത്. HK 416 അസോൾട്ട് റൈഫിൾ, മാർക്ക് 46 , MP7  തുടങ്ങിയ മെഷീൻഗണ്ണുകൾ എന്നിവയായിരുന്നു അവരുടെ പ്രധാന ആയുധങ്ങൾ. രണ്ടു ഡസനിലധികം കമാൻഡോകൾക്ക് പുറമെ കെയ്‌റോ എന്ന് പേരായ ഒരു ബെൽജിയൻ മാലിനോയിസ് വേട്ടപ്പട്ടിയും സംഘത്തിലുണ്ടായിരുന്നു. 

അബോട്ടാബാദിലെ ആ തണുപ്പുള്ള രാത്രി 

ഹെലികോപ്റ്ററിൽ നിന്ന് ഡ്രോപ്പ് ചെയ്തിറങ്ങിയ കമാൻഡോകൾ കെട്ടിടത്തിനകത്തേക്ക് ഇരച്ചുകയറി. പിന്നീട് ആ രാത്രിയുടെ ഇരുട്ടിനെയും നിശ്ശബ്ദതയെയും ഭഞ്ജിച്ചുകൊണ്ട്  ഇടയ്ക്കിടെ തീപ്പൊരികൾ പാറി. വെടിയുണ്ടകൾ തുരുതുരാ പാഞ്ഞു. നാൽപതു മിനിറ്റോളം നീണ്ടു നിന്നു ആ ഓപ്പറേഷൻ. മതിൽ ചാടിക്കടന്ന്, താഴത്തെ നിലയിൽ നിന്ന് മുകളിലത്തെ നിലകളിലേക്കാണ് അവർ നീങ്ങിയത്. ഒന്നാം നിലയിൽ രണ്ടു പുരുഷന്മാരും, രണ്ടാം നിലയിൽ കുടുംബത്തോടൊപ്പം ബിൻ ലാദനും ആയിരുന്നു താമസമുണ്ടായിരിക്കുന്നത്. ആക്രമണം തുടങ്ങി അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ ലാദൻ വെടിയേറ്റ് മരിച്ചു. കുർത്തയും പൈജാമയും ധരിച്ച് കിടന്നുറങ്ങുകയായിരുന്ന ലാദൻ തന്റെ കിടപ്പുമുറിയിൽ നിന്ന് പുറത്തെ ബഹളം കേട്ട് എത്തിനോക്കിയപ്പോൾ, അയാൾക്ക് കോണിപ്പടി കയറിവന്ന കമാൻഡോയുടെ വെടിയേൽക്കുകയാണുണ്ടായത്.

 

'ഹെക്ക്‌ലര്‍ ആൻഡ് കോച്ച് 416 (HK416 )'

റോബർട്ട് ജെ ഒനീൽ എന്ന അമേരിക്കൻ നേവി സീൽ പിന്നീട് ലാദനെ വെടിവെച്ചു കൊന്നത് താനാണ് എന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. താൻ അതിനുപയോഗിച്ചത് തന്റെ ഹെക്ക്‌ലര്‍ ആൻഡ് കോച്ച് 416 (HK416 ) യന്ത്രത്തോക്കായിരുന്നു എന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. 5.56mm NATO 77 ഗ്രെയ്ൻ OTM റൗണ്ട്സ് ആണ് വെടിവെക്കാൻ ഉപയോഗിക്കപ്പെട്ടത്. ലാദന്റെ മുറിയിലും രണ്ടു തോക്കുകളുണ്ടായിരുന്നു. ഒരു AKS 74U കാർബൈൻ, ഒരു മകറോവ്‌ പിസ്റ്റൾ എന്നിവയായിരുന്നു അവ. തന്റെ യന്ത്രത്തോക്ക് കൈകൊണ്ട് സ്പർശിക്കാനാവും മുമ്പുതന്നെ വെടിയുണ്ടകൾ ലാദന്റെ ശരീരം അരിപ്പപോലെ ആക്കികഴിഞ്ഞിരുന്നു എന്ന് പിന്നീട് ലാദന്റെ ഭാര്യ അമൽ മൊഴി നൽകിയിരുന്നു. ഇടത്തെ കണ്ണിനു മുകളിലൂടെ തുളച്ചു കയറിയ ഒരു വെടിയുണ്ടയായിരുന്നു മരണകാരണം. 

ലാദന് പുറമെ അവിടുണ്ടായിരുന്ന നാലുപേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലാദന്റെ മകനടക്കം മൂന്നു പുരുഷന്മാർ, പിന്നെ ഒരു സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. അവരിൽ, ലാദന്റെ മൃതദേഹം മാത്രം കമാൻഡോകൾ ചോപ്പറിൽ ഒപ്പം കൊണ്ടുപോയി. കൊല്ലപ്പെട്ടത് ലാദൻ തന്നെ എന്ന് ഭാര്യമാർ സ്ഥിരീകരിച്ചു. തിരിച്ചറിയാൻ വേണ്ടി  ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറിന്റെ സഹായവും നേവി സീലുകൾ തേടുകയുണ്ടായി. ഒന്നുകൂടി ഉറപ്പിക്കാൻ ഒരു ഡിഎൻഎ ടെസ്റ്റും സിഐഎ നടത്തി എന്നാണ് പറയപ്പെടുന്നത്. ലാദന്റെ മൃതദേഹത്തിൽ നിന്നും ശേഖരിച്ച ഡിഎൻഎ ഡാറ്റ വാഷിങ്‌ടണിലേക്ക് അയച്ച് കാൻസർ വന്നു മരിച്ച ലാദന്റെ സഹോദരിയുടെ ഡിഎൻഎയുമായി മാച്ച് ചെയ്തു നോക്കി എന്നാണ് വാഷിങ്‌ടണ്‍ ടൈംസ് അന്ന് റിപ്പോർട്ട് ചെയ്തത്. 

 

 

അറബിക്കടലിനു നടുവിലെ ഖബറടക്കം 

ലാദന്റെ മൃതദേഹം എവിടെയെങ്കിലും അടക്കം ചെയ്താൽ പിന്നെ അതൊരു സ്മാരകമായി മാറിയേക്കാം എന്നുകരുതി ശാരീരികാവശിഷ്ടങ്ങൾ സമുദ്രത്തിൽ അടക്കം ചെയ്തു എന്നാണ് അമേരിക്കയിൽ നിന്ന് പിന്നീടുവന്ന റിപ്പോർട്ടുകൾ. ലാദന്റെ മൃതദേഹം ഒരു രാജ്യവും സ്വീകരിക്കാൻ തയ്യാറാവില്ല എന്നതും സമുദ്രത്തിൽ മറവു ചെയ്യുന്നതിനുള്ള കാരണമായി പറയപ്പെട്ടിരുന്നു അന്ന്. അന്നേദിവസം തന്നെ മൃതദേഹം അറബിക്കടലിൽ നങ്കൂരമിട്ടുകിടന്ന കാൾ വിൻസൻ എന്ന അമേരിക്കൻ യുദ്ധക്കപ്പലിൽ കൊണ്ടുവന്നു എന്നും അതിന്റെ പരിസരത്ത് ഇസ്ലാമിക വിധിപ്രകാരം തന്നെ കടലിൽ മൃതദേഹം മറവുചെയ്യുകയാണുണ്ടായത് എന്നുമാണ് പുറത്തുവന്ന വിവരം. ലാദൻ മരിച്ചു കിടക്കുന്ന ചിത്രങ്ങളും അന്ന് പുറത്തുവരികയുണ്ടായി. 

 

ALSO READ

അടുപ്പിൽ കല്ലുപുഴുങ്ങി മക്കളെപ്പറ്റിക്കുന്ന അമ്മ, കാത്തുകാത്തുറങ്ങിപ്പോവുന്ന മക്കൾ, ലോക്‌ഡൗൺ ദുരിതത്തിൽ കെനിയ

click me!