
വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 15 ദിവസം മാത്രം പ്രായമുള്ള ഒരു ആനക്കുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 29 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ, ആനക്കുട്ടിയെ ഒരു പിക്കപ്പ് ട്രക്കിൽ നിന്ന് ശ്രദ്ധാപൂർവ്വം ഇറക്കുന്നതാണ് കാണുന്നത്.
മറ്റൊരു ജില്ലയിലെ നദിയിൽ നിന്നാണ് ആനക്കുട്ടിയെ രക്ഷിച്ചത് എന്ന് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ ശേഷം, വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം ആനക്കുട്ടിയെ അമ്മയുമായി ഒന്നിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നും കസ്വാൻ പറയുന്നു. എന്നാൽ, അമ്മ ആനക്കുട്ടിയെ തിരികെ സ്വീകരിച്ചില്ല, അതിനാൽ കുഞ്ഞിനെ വിദഗ്ദ്ധ പരിചരണം നൽകുന്ന പരിചരണകേന്ദ്രങ്ങളിൽ താമസിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും പോസ്റ്റിൽ കസ്വാൻ വ്യക്തമാക്കുന്നു.
"മറ്റൊരു ജില്ലയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ നദിയിൽ നിന്നും 15 ദിവസം പ്രായമുള്ള ഒരു ആനക്കുട്ടിയെ രക്ഷപ്പെടുത്തി. അവളുടെ അമ്മയുമായി അവളെ വീണ്ടും ഒന്നിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അവ പരാജയപ്പെട്ടതിനെത്തുടർന്ന്, അവസാനത്തെ ആശ്രയം എന്ന നിലയിൽ, അവൾ ഞങ്ങളുടെ പിൽഖാനകളിലൊന്നിൽ (ആനകൾക്കുള്ള അഭയകേന്ദ്രം) വിദഗ്ദ്ധ പരിചരണത്തിലാക്കിയിരിക്കയാണ്" എന്നാണ് കസ്വാൻ എക്‌സിൽ (ട്വിറ്റർ) എഴുതിയിരിക്കുന്നത്.
ആനക്കുട്ടി ആരോഗ്യത്തോടെയും ചുറുചുറുക്കോടെയുമാണിരിക്കുന്നത് എന്നും കസ്വാൻ കുറിച്ചിട്ടുണ്ട്. വീഡിയോയിൽ വളരെ ശ്രദ്ധാപൂർവം ആനക്കുട്ടിയെ ഉദ്യോഗസ്ഥർ ചേർന്ന് വാഹനത്തിൽ നിന്നും താഴെ ഇറക്കുന്നതാണ് കാണുന്നത്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ നിരവധിപ്പേർ കാണുകയും കമന്റ് നൽകുകയും ചെയ്യുന്നുണ്ട്. കാട്ടിൽ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളും കാടിനെ സംബന്ധിച്ച കാര്യങ്ങളുമെല്ലാം നിരന്തരം ഷെയർ ചെയ്യുന്നയാളാണ് കസ്വാൻ.