അമ്മയുടെ ഉപദേശങ്ങള്‍ പങ്കുവെച്ച് മകന്‍; അമ്മ കിടുവാണെന്ന് സോഷ്യല്‍ മീഡിയ

By Web TeamFirst Published Jul 7, 2019, 4:56 PM IST
Highlights

ടാറ്റൂ ചെയ്യാതിരിക്കാന്‍ കഴിവതും ശ്രമിക്കണം. ഇനിയഥവാ ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍ പിന്‍ഭാഗത്ത് ചെയ്യാം. എപ്പോഴെങ്കിലും ടാറ്റൂ ചെയ്യണ്ടായിരുന്നുവെന്ന് തോന്നിയാല്‍ ദിവസവും അത് കാണുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ.

ഒരു അമ്മയുടെ ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തനിക്ക് അമ്മ നല്‍കിയ ഉപദേശം മകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സ്കോട്ട്ലന്‍റ് സ്വദേശിയായ ലിസ മകന്‍ പതിനെട്ടുകാരനായ ഫിന്‍ലെ ബ്രോക്കിക്ക് സ്നേഹത്തോടെ നല്‍കിയിരിക്കുന്ന ഉപദേശങ്ങളാണിത്. 

അമ്മയും അച്ഛനും മക്കളോട് ചില കാര്യങ്ങളൊക്കെ തുറന്നുപറയാന്‍ മടിക്കും. എന്നാല്‍, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി, എന്നാല്‍ ഹാസ്യത്തിലൊക്കെ പൊതിഞ്ഞ് പറഞ്ഞുകൊടുക്കുകയാണ് അമ്മ. സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ പോകവേയാണ് അമ്മയുടെ ഈ ഓര്‍മ്മപ്പെടുത്തലുകള്‍. ടെക്സ്റ്റ് മെസ്സേജായാണ് അമ്മ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഇവയാണ് ഉപദേശങ്ങള്‍:
1. മദ്യപിച്ച് എയര്‍പോര്‍ട്ടിലേക്ക് പോകരുത്. കാരണം, അധികൃതര്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

2. രാത്രികാലങ്ങളില്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കരുത്. കഴിഞ്ഞ മാസം നീ കാണാതാക്കിയത് രണ്ട് പ്രൊവിഷണല്‍, മൂന്ന് താക്കോലുകള്‍, ബാങ്ക് കാര്‍ഡ്, പണം, പേഴ്സ് തുടങ്ങി ഒരുപാട് കാര്യങ്ങളാണ്.

3. ഭക്ഷണത്തിനുള്ള പണവും മദ്യത്തിനുള്ള പണവും താരതമ്യം ചെയ്ത് ഭക്ഷണം കഴിക്കാതിരിക്കരുത്. 

4. ബോട്ട് പാര്‍ട്ടി, പൂള്‍ പാര്‍ട്ടി എന്നിവ ഒഴിവാക്കണം. വെറുതെ തടാകത്തിനരികിലൂടെ നടന്ന നീ വീട്ടിലേക്ക് വന്നത് നഗ്നനായിട്ടായിരുന്നു. കൂടാതെ, നിന്‍റെ ഫോണും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. 

Ma maws rules fir maga👍🏻👍🏻👍🏻 pic.twitter.com/ZcLJTP9uHp

— Finlay Brockie (@FinlayBrockie1)

5. ടാറ്റൂ ചെയ്യാതിരിക്കാന്‍ കഴിവതും ശ്രമിക്കണം. ഇനിയഥവാ ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍ പിന്‍ഭാഗത്ത് ചെയ്യാം. എപ്പോഴെങ്കിലും ടാറ്റൂ ചെയ്യണ്ടായിരുന്നുവെന്ന് തോന്നിയാല്‍ ദിവസവും അത് കാണുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ.

6. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശ്രമിക്കാതിരിക്കാം. കാരണം, ഒരു രാത്രിയിലെ അനുഭവം എന്നേക്കുമായി ലൈംഗികരോഗത്തിന് കാരണമായേക്കാം. 

7. മദ്യപിച്ച് എന്നെ വിളിക്കരുത്. നിന്നെയോര്‍ത്ത് എനിക്ക് വേദനയുണ്ടാകും.

8. നിങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ശ്രദ്ധിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നെ വിളിക്കണം. നിങ്ങളുടെ ഇടയില്‍ കുറച്ചെങ്കിലും ബോധമുള്ളൊരാളെ കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, അതിനാകാതെ ബുദ്ധിമുട്ടുകയാണിപ്പോള്‍.

ഏതായാലും അമ്മയുടെ മെസ്സേജുകള്‍ വലിയ ചര്‍ച്ചയാണുണ്ടാക്കിയിരിക്കുന്നത്. 18 വയസ്സുള്ളൊരാള്‍ക്ക് ഇത്തരം ഉപദേശങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, ഭൂരിഭാഗം പേരും പറയുന്നത് ലിസ്സയെപോലെ ഒരമ്മ ഭാഗ്യമാണെന്നും എത്ര മനോഹരമായാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് എന്നുമാണ്. 

click me!