'മനുഷ്യത്വമാണ് വലുത്, ഇത് തെറ്റാണെങ്കില്‍ ഈ തെറ്റ് ഞാന്‍ ഇനിയും ആവര്‍ത്തിക്കും'

By Web TeamFirst Published Jul 7, 2019, 3:32 PM IST
Highlights

'എനിക്ക് വീടില്ല, കാറില്ല, ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നതില്‍ ഞാനൊട്ട് ശ്രദ്ധിക്കാറുമില്ല. എനിക്കൊരു കുടുംബവുമില്ല. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല' -എന്നും റാക്കെറ്റെ പറഞ്ഞു. 
 

അഭയാര്‍ത്ഥിപ്രശ്നം ലോകത്തിലെ തന്നെ ഏറ്റവും ഗുരുതരമായ വിഷയമായി മാറുകയാണ്. അതിനിടെ തന്നെയാണ് അഭയാര്‍ത്ഥിയോട് കരുണ കാണിച്ചതിന്‍റെ പേരില്‍ ഒരു ക്യാപ്റ്റന്‍ വിചാരണ നേരിടുന്നതും. 

ജര്‍മന്‍ എന്‍ജിഒയുടെ രക്ഷാകപ്പലായ സീ-വാച്ച് 3 -യുടെ ക്യാപ്റ്റനായ കരോള റാക്കെറ്റെയാണ് അഭയാര്‍ത്ഥികളെ തീരത്തിറക്കിയ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണ നേരിടുന്നത്. ഇറ്റാലിയന്‍ നിയമം ലംഘിച്ച് 42 അഭയാര്‍ത്ഥികളെ തുറമുഖത്തേക്ക് കൊണ്ടുവന്നുവെന്നതാണ് കരോള റാക്കെറ്റയ്ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. എന്നാല്‍, 'അതൊരു കുറ്റമാണെങ്കില്‍ ഞാനാ കുറ്റം ഇനിയുമാവര്‍ത്തിക്കു'മെന്നാണ് അറസ്റ്റിലായപ്പോഴും കരോള റാക്കെറ്റെ ധൈര്യപൂര്‍വം പ്രതികരിച്ചത്. ഇറ്റലിയിലെ തീവ്ര വലുതുപക്ഷക്കാരനായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയാണ് കരോളയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

'രാഷ്ട്രീയമായ എല്ലാ കളികള്‍ക്കുമപ്പുറം മനുഷ്യജീവന് പ്രാധാന്യം നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്നാണ് ജര്‍മ്മന്‍കാരിയായ കരോള റാക്കെറ്റ് നിയമനടപടി മുന്നില്‍ക്കാണുമ്പോഴും പറഞ്ഞത്. അഭയാര്‍ത്ഥി പ്രശ്നം ആഗോളതലത്തില്‍ ചര്‍ച്ചയാവുന്ന സമയത്ത് ഈ 31 -കാരിയായ ക്യാപ്റ്റന് പിന്തുണയുമായി നിരവധിപ്പേരാണ് എത്തുന്നത്. വിവിധ നഗരങ്ങളില്‍ ഇതിന്‍റെ ഭാഗമായി പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കരോള റാക്കെറ്റെയ്ക്കൊപ്പം നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു. കാരണം, റാക്കെറ്റെ നിന്നത് മനുഷ്യത്വത്തിനൊപ്പമാണ് എന്നത് തന്നെ.

ഇറ്റാലിയന്‍ നാവിക ഉപരോധം ലംഘിച്ചുവെന്ന കാരണം പറഞ്ഞ് കഴിഞ്ഞയാഴ്ച റാക്കെറ്റെയെ താല്‍ക്കാലികമായി വീട്ടുതടങ്കലിലും പാര്‍പ്പിച്ചിരുന്നു. ലിബിയയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ മുങ്ങിയ അഭയാര്‍ത്ഥികളെ റാക്കെറ്റെയുടെ കപ്പല്‍ രക്ഷപ്പെടുത്തുകയായിരുന്നു.  ആഭ്യന്തര യുദ്ധമാണ് ലിബിയയെ ആകപ്പാടെ തകര്‍ത്തുകളഞ്ഞത്. പക്ഷെ, ഇതിനോട് അധികൃതര്‍ സ്വീകരിച്ച സമീപനം മറ്റൊന്നായിരുന്നു. അഭയാര്‍ത്ഥിസംഘത്തെ മെഡിറ്ററേനിയന്‍ ദ്വീപായ ലാംപെഡൂസയിലേക്ക് കൊണ്ടുപോകുന്നത് തടയാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി. 42 പേര്‍ ദിവസങ്ങളോളം കടലില്‍ത്തന്നെ  കഴിഞ്ഞു. ജീവിതം തന്നെ മടുത്തുപോകുന്ന അത്രയും നിരാശയിലും അവശതയിലുമായിരുന്നു അഭയാര്‍ത്ഥികള്‍. ആ ജീവനുകള്‍ രക്ഷിക്കുക എന്ന ദൗത്യമേറ്റെടുക്കുകയായിരുന്നു റാക്കെറ്റെ. അവര്‍ കപ്പല്‍ ഇറ്റാലിയന്‍ തീരത്തടുപ്പിച്ചു. എന്നാല്‍, സീ വാച്ചിന് ഇറ്റലിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന വാദത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ ഉറച്ചുനിന്നു.

പക്ഷെ, പിന്‍വാങ്ങാന്‍ റാക്കെറ്റെ തയ്യാറായില്ല. 'രണ്ട് മണിക്കൂറിനുള്ളില്‍ ഞാനവിടെയെത്തിയിരിക്കും' എന്ന് അവര്‍ അധികൃതരോട് പറഞ്ഞു. അതിനിടെയാണ് ഒരു സൈനിക കപ്പല്‍ റാക്കെറ്റെയെ തടയാന്‍ ശ്രമിക്കുന്നത്. അതിലെ അപകടം തിരിച്ചറിഞ്ഞ റാക്കെറ്റെയ്ക്ക് ലാംപെഡൂസയിലേക്ക് തന്നെ തിരിച്ചേ മതിയാവൂ എന്ന് മനസിലായി. 'രണ്ടാഴ്ചയായിരുന്നു കടലില്‍. കപ്പലിലുള്ള ഓരോരുത്തരുടേയും അവസ്ഥ പരിതാപകരമായി. കുടിയേറ്റക്കാരുടെ ആരോഗ്യസ്ഥിതി ഓരോ ദിവസവും മോശമായി മോശമായി വരുന്നുവെന്നത് അധികാരികളെ അറിയിച്ചിരുന്നു. പക്ഷെ, അത് ഒരു മതിലിനോട് സംസാരിക്കുന്നത് പോലെയായിരുന്നു.' -എന്നാണ് റാക്കെറ്റെ പറഞ്ഞത്. 

ലിബിയയുടെ തീരത്തുനിന്ന് ചങ്ങാടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഈ അഭയാര്‍ത്ഥിസംഘം. അവരെ ജൂണ്‍ 12 -നാണ് സീ വാച്ച് 3 സംഘം കണ്ടത്. അവരെ ട്രിപ്പോളിയിലേക്ക് കൊണ്ടുപോകാന്‍ റാക്കെറ്റെയ്ക്ക് സമ്മതമായിരുന്നില്ല. അവിടെയെത്തിച്ചാലുള്ള അവരുടെ അവസ്ഥയെ കുറിച്ച് റാക്കെറ്റെയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അവര്‍ തടവിലാക്കപ്പെടും. പിന്നീടങ്ങോട്ട് ക്രൂരമായ കൊടുംപീഡനങ്ങളായിരിക്കും. അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ലാംപെഡൂസയിലേക്ക് പോകാന്‍ റാക്കെറ്റെ തീരുമാനിക്കുകയായിരുന്നു. തീരത്തേക്ക് പ്രവേശിച്ച ഉടനെ തന്നെ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി സഹായിച്ചു എന്ന കുറ്റം ചുമത്തി കടുത്ത നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇറ്റലിയിലേക്ക് പ്രവേശിക്കാൻ റാക്കെറ്റെ തീരുമാനിച്ചത്. ഇറ്റാലിയന്‍ തീരത്തേക്ക് പ്രവേശിച്ച ഉടന്‍തന്നെ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി സഹായിച്ചു എന്ന കുറ്റത്തിന് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു.

ജൂണ്‍ 28 -ന് രാത്രിയാണ് റാക്കെറ്റെ കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്തേക്ക് അടുപ്പിക്കുന്നത്. അത് തടയാന്‍ ശ്രമിച്ച സൈനിക കപ്പലിനെ ഇടിച്ച് തെറിപ്പിച്ചുകൊണ്ടായിരുന്നു അത്. തീരത്തെത്തിയ ഉടനെതന്നെ അഭയാര്‍ത്ഥികളെ ഇറക്കി. പക്ഷെ, റാക്കെറ്റെ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, അപ്പോഴും തന്‍റെ പ്രവൃത്തിയിലെ നീതിയെ കുറിച്ച് റാക്കെറ്റെയ്ക്ക് സംശയമേതുമില്ലായിരുന്നു, 'യുദ്ധത്തില്‍ അത്രയും പേടിച്ചവരായിരുന്നു ആ മനുഷ്യര്‍. അവരുടെ അവസ്ഥ വളരെ മോശമായിരുന്നു. അതില്‍ ചിലര്‍ ആത്മഹത്യാശ്രമം പോലും നടത്തിയിരുന്നവരാണ്. എത്രദിവസം അവര്‍ ഈ അവസ്ഥയെ അതിജീവിക്കും എന്ന് യാതൊരുറപ്പുമില്ലായിരുന്നു. കടലില്‍ തന്നെ കുടുങ്ങിയതോടെ അവര്‍ കടലിലേക്ക് ചാടുമെന്ന് പോലും ഞങ്ങള്‍ ഭയന്നിരുന്നു. അത് ചെയ്യില്ലെന്നുറപ്പിക്കാന്‍ കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍ മുഴുവന്‍ നേരവും കപ്പലിന്‍റെ ഡോക്കില്‍ തന്നെ കഴിയുകയായിരുന്നു' റാക്കെറ്റെ പറഞ്ഞു. 

കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് അടുപ്പിച്ച ഉടനെ അഭയാര്‍ത്ഥികളെ ചികിത്സക്കായി മാറ്റി. റാക്കെറ്റെയെ എതിര്‍ക്കുന്നവരും, അവര്‍ക്ക് പിന്തുണയറിയിക്കുന്നവരും അവിടെ തടിച്ചു കൂടി. എതിര്‍ക്കുന്നവര്‍ അവര്‍ക്കെതിരെ ബലാത്സംഗ ഭീഷണി വരെ മുഴക്കി. എന്നാല്‍, അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും പ്രാദേശിക ലാംപെഡുസ സമുദായക്കാര്‍ എല്ലായ്‌പ്പോഴും അഭയാര്‍ത്ഥികളെ സഹായിക്കാന്‍ തയ്യാറാവുന്നവരും തന്നോടൊപ്പം നില്‍ക്കുന്നവരുമായിരിക്കും എന്നാണ് റാക്കെറ്റെ പറഞ്ഞത്. 

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് റാക്കെറ്റെ എന്നും അവരെ എത്രയും പെട്ടെന്ന് രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും സാല്‍വിനി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 'ആ കൊള്ളക്കപ്പലിന്‍റെ ക്യാപ്റ്റന്‍റെ പെരുമാറ്റം ക്രിമിനലിന്‍റെയാണ്. സൈനിക പെട്രോള്‍ ബോട്ടിനെ തകര്‍ക്കാന്‍ വരെ അവള്‍ ശ്രമിച്ചിരുന്നു. അത് അതിലെ ഓഫീസര്‍മാരുടെ ജീവന്‍ അപകടത്തിലാക്കേണ്ടതായിരുന്നു. ഇത് സംഭവിച്ചത് ജര്‍മനിയില്‍ ആയിരുന്നെങ്കിലോ? എന്തായേനെ അവസ്ഥ? ഒരു ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ജര്‍മന്‍ പോലീസുകാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ നോക്കിയിട്ട് ജര്‍മനിയിലേക്ക് ചെന്നാല്‍ അതംഗീകരിക്കാന്‍ മാത്രം സഹിഷ്ണുതയൊന്നും അവര്‍ക്കുണ്ടാവില്ല' എന്നായിരുന്നു ഇക്കാര്യത്തില്‍ സാല്‍വിനിയുടെ വിശദീകരണം.

വലതുപക്ഷ ശക്തികളുടെ വളര്‍ച്ചയെയാണ് സാല്‍വിനിയുടെ സമീപനം കാണിക്കുന്നത് എന്നായിരുന്നു ഇതിനോട് റാക്കെറ്റെയുടെ പ്രതികരണം.'അതിപ്പോള്‍ യൂറോപ്പ് മുഴുവന്‍, ജര്‍മനിയിലും യുകെയിലുമെല്ലാം വ്യാപിച്ചിരിക്കുന്നു. സത്യത്തിന്‍റെ പിന്തുണയില്ലാതെയാണ് അവര്‍ സംസാരിക്കുന്നത്. എന്‍റെ നടപടി കൊണ്ട് യൂറോപ്പും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകും എന്ന് തന്നെയാണ് പ്രതീക്ഷ. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ എത്രയോ നഗരങ്ങള്‍ തയ്യാറാണ്. ഇങ്ങനെ സര്‍ക്കാരുകള്‍ തടസം നില്‍ക്കുന്നതാണ് പ്രശ്നം. എനിക്ക് എത്രയും പെട്ടെന്നുതന്നെ കടലിലേക്ക് തിരിച്ചു പോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. കാരണം അവിടെയാണ് എന്നെക്കൊണ്ട് ആവശ്യമുള്ളവരുള്ളത്' എന്നും അവര്‍ പ്രതികരിച്ചു. 

'എനിക്ക് വീടില്ല, കാറില്ല, ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നതില്‍ ഞാനൊട്ട് ശ്രദ്ധിക്കാറുമില്ല. എനിക്കൊരു കുടുംബവുമില്ല. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല' -എന്നും റാക്കെറ്റെ പറഞ്ഞു. 

റാക്കെറ്റെയുടെ കാര്യത്തില്‍ വിചാരണയും ശിക്ഷ വിധിക്കലുമെല്ലാം കഴിഞ്ഞ് ഇനിയെന്ന് കടലിലേക്ക് തിരികെ പോകാനാകുമെന്ന് ഉറപ്പില്ല. എങ്കിലും അവര്‍ തന്‍റെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. താന്‍ ചെയ്തത് തെറ്റാണെങ്കില്‍ ആ തെറ്റ് താന്‍ ഇനിയും ചെയ്യുമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.  റാക്കെറ്റെയെ പിന്തുണച്ചു കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബ്ദമുയര്‍ന്നു കഴിഞ്ഞു. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ദ ഗാര്‍ഡിയന്‍)

click me!