ഇന്ത്യൻരൂപയിലേക്ക് മാറ്റി നോക്കിയിട്ട് മാത്രം കാര്യമില്ല, ദുബായിയിൽ വരും മുമ്പ് ശ്രദ്ധിക്കേണ്ടത്, വീഡിയോ

Published : Sep 12, 2026, 02:28 PM IST
Shree Shukla

Synopsis

ഉയർന്ന വാടക, ഭക്ഷണം, യാത്രാച്ചെലവുകൾ, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവ കഴിഞ്ഞ് പണം നീക്കിവെക്കണമെങ്കിൽ പ്രതിമാസം 5,000 മുതൽ 6,000 ദിർഹമെങ്കിലും അത്യാവശ്യമാണ്.

ഉയർന്ന ശമ്പളവും ആഡംബര ജീവിതശൈലിയും കണ്ട് വിദേശത്തേക്ക് ജോലി തേടിപ്പോകുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ദുബായിൽ ജീവിക്കുന്ന ഇന്ത്യൻ വനിത. കമ്പനികൾ ഓഫർ ചെയ്യുന്ന വലിയ തുകകൾ കണ്ടുമാത്രം ജോലി സ്വീകരിക്കരുതെന്നും, പ്രാദേശിക ജീവിതച്ചെലവുകൾ കൂടി കണക്കിലെടുത്ത ശേഷമേ തീരുമാനമെടുക്കാവൂ എന്നും ശ്രീ ശുക്ല എന്ന യുവതി സോഷ്യൽ മീഡിയ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. പ്രതിമാസം കുറഞ്ഞത് 5,000 മുതൽ 6,000 ദിർഹം വരെ (ഏകദേശം 1.15 ലക്ഷം മുതൽ 1.38 ലക്ഷം രൂപ വരെ) വാഗ്ദാനം ലഭിക്കുന്നില്ലെങ്കിൽ ദുബായിലേക്ക് കുടിയേറുന്ന കാര്യം വീണ്ടും ആലോചിക്കണമെന്ന് അവർ നിർദ്ദേശിക്കുന്നു.

ഇന്ത്യൻ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടരുത്

ദുബായിലെ ശമ്പളത്തെ കേവലം ഇന്ത്യൻ രൂപയിലേക്ക് മാറ്റി നോക്കുന്നത് വലിയ തെറ്റാണെന്ന് ശ്രീ ശുക്ല ചൂണ്ടിക്കാട്ടുന്നു. '3,000 ദിർഹം എന്ന് പറയുമ്പോൾ ഇന്ത്യൻ രൂപയിൽ അത് 70,000 മുതൽ 80,000 വരെ കാണും, ഇത് ആവശ്യത്തിലേറെയാണെന്ന് കരുതാറുണ്ട്. എന്നാൽ, അങ്ങനെ ദിർഹത്തെ ഇന്ത്യൻ രൂപയിലേക്ക് മാറ്റി നോക്കി ജോലിയിൽ പ്രവേശിക്കരുത്. നിങ്ങൾക്ക് ജീവിക്കേണ്ടതും, ജോലി ചെയ്യേണ്ടതും, പണം ചെലവഴിക്കേണ്ടതും ദുബായിൽ ദിർഹമിൽ തന്നെയാണ്. 2,000 മുതൽ 3,000 ദിർഹം വരെ പ്രതിമാസം സമ്പാദിക്കുന്നവർക്ക് മാസാവസാനം കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥ ഉണ്ടാകുന്നത് ഞാൻ കണ്ടിട്ടുണ്ട്' അവർ വീഡിയോയിൽ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലെ ഗ്ലാമറല്ല യാഥാർത്ഥ്യം

സോഷ്യൽ മീഡിയയിൽ കാണുന്ന ഗ്ലാമറസ് ജീവിതശൈലിയല്ല ദുബായിലെ യാഥാർത്ഥ്യമെന്ന് പോസ്റ്റിന്റെ അടിക്കുറിപ്പിൽ അവർ കുറിച്ചു. ഉയർന്ന വാടക, ഭക്ഷണം, യാത്രാച്ചെലവുകൾ, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവ കഴിഞ്ഞ് പണം നീക്കിവെക്കണമെങ്കിൽ പ്രതിമാസം 5,000 മുതൽ 6,000 ദിർഹമെങ്കിലും അത്യാവശ്യമാണ്.

3,000 മുതൽ 4,000 ദിർഹം വരെയുള്ള ഓഫറുകൾ ലഭിക്കുന്നവർ ഇവിടുത്തെ യഥാർത്ഥ ചെലവുകളെക്കുറിച്ച് കൃത്യമായ കണക്കുകൂട്ടൽ നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കാനും അവർ ഉപദേശിച്ചു. ഓഫർ ലെറ്ററിലെ ആനുകൂല്യങ്ങൾ, താമസ സൗകര്യം, യാത്രാ സൗകര്യം എന്നിവയും പ്രത്യേകം പരിശോധിക്കണം.

സോഷ്യൽ മീഡിയയിൽ വൻ ചർച്ച

ശ്രീ ശുക്ല പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. 'ലളിതമായി പറഞ്ഞാൽ, ഇന്ത്യയിലെ നിങ്ങളുടെ ശമ്പളത്തേക്കാൾ നാല് മടങ്ങെങ്കിലും കൂടുതൽ ലഭിച്ചാൽ മാത്രമേ ദുബായിൽ വലിയ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോകാൻ സാധിക്കൂ. അത് സാദാ ജീവിതത്തിനാണ്, അല്ലാതെ വലിയ ആഡംബരത്തിനല്ല' എന്ന് ഒരാൾ കുറിച്ചു. മറ്റൊരാൾ പറഞ്ഞത്, 'ദുബായിൽ ഇന്ന് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോൾ 8,000 മുതൽ 10,000 ദിർഹം വരെ ലഭിച്ചാൽ മാത്രമേ നല്ല രീതിയിൽ ജീവിക്കാൻ സാധിക്കൂ' എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

മുൻ കാമുകിക്ക് കോടികളുടെ സമ്മാനം നൽകി, പിരിഞ്ഞപ്പോൾ കാശ് വേണമെന്ന് കേസ്, സിഇഒയ്ക്ക് പരാജയം
വീട്ടുജോലിക്കാരിക്ക് മാസവരുമാനം 60,000 രൂപ, കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് കണ്ടുപഠിക്കണം; പോസ്റ്റ്