
ആളുകൾ എയർപോർട്ടിലും ട്രെയിൻ സ്റ്റേഷനുകളിലും ഒക്കെ ചിലപ്പോൾ ചില പ്രശ്നങ്ങളൊക്കെ സൃഷ്ടിക്കാറുണ്ട്. എന്തായാലും, ഇറ്റലിയിലെ മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ വച്ച് ഒരു ചൈനീസ് യുവതി ബഹളം വയ്ക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വെറുതെ ബഹളം വയ്ക്കുകയല്ല, നാടകീയരംഗം തന്നെയാണ് ഇവിടെ അരങ്ങേറുന്നത്.
ഞായറാഴ്ചയാണത്രെ സംഭവം നടന്നത്. സ്ത്രീയുടെ കൈവശമുള്ള ലഗേജ് അനുവദിക്കപ്പെട്ടതിനേക്കാൾ ഭാരമുള്ളതായിരുന്നു. ലഗേജ് കൊണ്ടുപോകണമെങ്കിൽ ഒന്നുകിൽ അധികനിരക്ക് അടയ്ക്കുകയോ, അല്ലെങ്കിൽ ലഗേജിൽ നിന്നും കുറച്ച് സാധനങ്ങൾ എടുത്ത് മാറ്റുകയോ വേണമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണത്രെ എയർപോർട്ടിൽ തികച്ചും നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
വൈറൽ പ്രസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, അധികനിരക്ക് അടയ്ക്കാനോ സ്യൂട്ട്കേസിൽ നിന്ന് കുറച്ച് സാധനങ്ങൾ നീക്കം ചെയ്യാനോ പറഞ്ഞതോടെ സ്ത്രീ തികച്ചും വൈകാരികമായി പ്രതികരിക്കുകയായിരുന്നു. അവർ ഉറക്കെ നിലവിളിക്കുകയും ചെയ്തു. അവിടം കൊണ്ടും തീർന്നില്ല, നിലത്ത് കിടന്നുകൊണ്ടായി പിന്നീട് അവരുടെ പ്രതിഷേധം.
അവർ കയ്യുംകാലുമെല്ലാം നിലത്തിട്ടടിക്കുകയും തല നിലത്തിട്ടടിക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു കുട്ടിയെ പോലെയാണ് സ്ത്രീ പെരുമാറുന്നത്. ഉദ്യോഗസ്ഥരും എയർപോർട്ടിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമെല്ലാം സ്ത്രീയെ നോക്കുന്നതും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥർ സ്ത്രീയെ കൂളാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല.
പിന്നീട്, ഇവരെ ഇവർക്ക് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനത്തിൽ നിന്നും മാറ്റുകയും ഒടുവിൽ രംഗം ഒന്ന് തണുത്ത ശേഷം മറ്റൊരു വിമാനത്തിൽ ടിക്കറ്റ് നൽകുകയും ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആറ് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. സ്ത്രീയുടെ പെരുമാറ്റം ശരിക്കും കുട്ടികളുടേത് പോലെ തന്നെയാണ് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.