
മുംബൈ മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ‘ടച്ച്‌ലെസ് സ്പിറ്റ് ബിൻ’ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. പൊതുസ്ഥലത്ത് തുപ്പുന്നത്, പ്രത്യേകിച്ചും മെട്രോ സ്റ്റേഷനിൽ തുപ്പുന്നത് കുറ്റകരമാണ്. 500 രൂപ വരെ ഫൈൻ ഈടാക്കാവുന്ന കുറ്റം. ഈ നിരോധനം നിലനിൽക്കെത്തന്നെ തുപ്പാൻ പ്രത്യേക സംവിധാനം ഒരുക്കിയത് എന്തിനാണെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നു.
'ലോകത്തിൽ തുപ്പുന്നതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ആദ്യത്തെ സ്ഥലം’ എന്ന പേരിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. 'Ezyspit' എന്ന കമ്പനിയാണ് സ്പിറ്റ് ബിൻ ഒരുക്കിയതെന്നാണ് റിപ്പോർട്ട്. മെട്രോയുടെ ലോഗോയ്ക്കൊപ്പമുള്ള സംവിധാനത്തിൽ 'ഉത്തരവാദിത്തമുള്ളവരാവുക' (Be Responsible) എന്ന സന്ദേശവും എഴുതിയിരിക്കുന്നു. കൈകൊണ്ട് നേരിട്ട് തൊടേണ്ടതില്ലാത്ത രീതിയിലാണ് 'തുപ്പൽ പാത്രം' രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈറസുകളെ പത്ത് സെക്കൻഡിനുള്ളിൽ അടച്ചുപൂട്ടുമെന്നാണ് കമ്പനിയുടെ അവകാശവാദം.
My Mumbai Metro
Now with dedicated Spitting Zones pic.twitter.com/o8l8sYcbAu— Zoru Bhathena (@zoru75) September 27, 2026
സിറ്റിസൺ ആക്ടിവിസ്റ്റ് സോറു ഭതേന എക്സിൽ തുപ്പൽ പാത്രത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയത്. ‘എന്‍റെ മുംബൈ മെട്രോ: ഇനി തുപ്പുന്നതിനായി പ്രത്യേക ഇടങ്ങൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. പിന്നാലെ മെട്രോ സ്റ്റേഷനുകളിൽ സ്പിറ്റ് ബിൻ വേണമോ എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉയർന്നു.
നിയമപ്രകാരം സ്റ്റേഷൻ പരിസരത്ത് തുപ്പുന്നത് നിരോധമുള്ള സ്ഥലമാണ് മുംബൈ മെട്രോ. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ഈടാക്കാനും നിയമം അനുവദിക്കുന്നു. അതിനാൽ, തുപ്പുന്നത് കുറ്റകരമായ ഒരിടത്ത് തുപ്പാനായി പ്രത്യേക ബിൻ സ്ഥാപിക്കുന്നതിന്‍റെ യുക്തിയെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ പലരും ചോദ്യങ്ങളുന്നയിച്ചത്. അതേസമയം മറ്റ് ചിലർ ചിലർ ഇത് പൊതുസ്ഥലത്തെ വൃത്തിഹീനത കുറയ്ക്കാനുള്ള പ്രായോഗിക മാർഗമാകാമെന്ന് അഭിപ്രായപ്പെട്ടു. മറ്റുചിലർ ഇത്തരം സംവിധാനം തുപ്പുന്ന ശീലം പ്രോത്സാഹിപ്പിക്കുമോയെന്ന ആശങ്ക പങ്കുവച്ചു. മറ്റ് ചിലർ തമാശയായി മുംബൈ മെട്രോ നിയമ ലംഘനം പ്രോത്സാഹിപ്പിച്ച് നിയമപ്രകാരം ഫൈൻ ഈടാക്കാനുള്ള ശ്രമത്തിലാണെന്ന് കുറിച്ചു. മുംബൈ മെട്രോയിലെ ശുചിത്വവും യാത്രക്കാരുടെ പെരുമാറ്റവും സംബന്ധിച്ച വലിയ ചർച്ചയ്ക്കാണ് ഈ ‘സ്പിറ്റ് ബിൻ’ തുടക്കമിട്ടിരിക്കുന്നത്.