മഞ്ഞുപാളികള്‍ ഉരുകിയപ്പോള്‍ കണ്ടത് ഒരു കേടുമില്ലാത്ത മൃതദേഹം; പഴക്കം 32 വര്‍ഷം!

Published : Aug 31, 2022, 04:37 PM IST
മഞ്ഞുപാളികള്‍ ഉരുകിയപ്പോള്‍ കണ്ടത് ഒരു  കേടുമില്ലാത്ത മൃതദേഹം; പഴക്കം 32 വര്‍ഷം!

Synopsis

1990-ല്‍ ഒറ്റയ്ക്ക് നടത്തിയ കാല്‍നടയാത്രയ്ക്കിടയില്‍ ആല്‍പ്സ്പര്‍വത നിരകളില്‍ ഇയാളെ കാണാതാകുമ്പോള്‍ പ്രായം 27 വയസ്സ് ആയിരുന്നു. 


മഞ്ഞു പാളികള്‍ ഉരുകി തുടങ്ങിയതോടെ സ്വിസ് ഹിമാനിയില്‍ നിന്നും കണ്ടെത്തിയത് 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ജര്‍മ്മന്‍കാരന്റെ മൃതദേഹം. 1990-ല്‍ ഒറ്റയ്ക്ക് നടത്തിയ കാല്‍നടയാത്രയ്ക്കിടയില്‍ ആല്‍പ്സ്പര്‍വത നിരകളില്‍ ഇയാളെ കാണാതാകുമ്പോള്‍ പ്രായം 27 വയസ്സ് ആയിരുന്നു. 

സ്റ്റോക്ക്ജി ഹിമാനിയില്‍ പര്യടനം നടത്തുകയായിരുന്നു പര്‍വതാരോഹകനായ ലുക് ലെച്ചനോയിനും മറ്റൊരു സഹ പര്‍വതാരോഹകനും. പെട്ടെന്നാണ് മഞ്ഞുപാളികള്‍ക്കിടയില്‍ ചില നിറങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അത് എന്താണെന്ന് അറിയാന്‍ അവര്‍ അവിടെ പരിശോധന നടത്തി. അപ്പോഴാണ് ഒരു മൃതദേഹവും തൊട്ടരികില്‍ ആയി പര്‍വ്വതാരോഹണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും അവര്‍ കണ്ടെത്തിയത്. അത് മമ്മിഫൈ ചെയ്യപ്പെട്ടിരുന്നതിനാല്‍ മൃതദേഹം നശിച്ചു പോയിരുന്നില്ല. നിയോണ്‍ നിറത്തിലുള്ള വസ്ത്രങ്ങളാണ് അവര്‍ മൃതദേഹത്തിന് അരികില്‍ നിന്നും കണ്ടെത്തിയത്. 80 -90 കാലഘട്ടങ്ങളിലെ വസ്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അത്. 

മൃതദേഹം ശ്രദ്ധയില്‍പ്പെട്ടതും അവര്‍ ഉടന്‍ തന്നെ അവര്‍ അവിടെ നിന്നും തിരിച്ചിറങ്ങി പോലീസിനെ  വിവരം ധരിപ്പിച്ചു. മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോയും കൃത്യ സ്ഥലവും അവര്‍ പോലീസിന് പറഞ്ഞുകൊടുത്തു. അങ്ങനെ പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് അധികാരികള്‍ ഡിഎന്‍എ പരിശോധന നടത്തുകയും അവശിഷ്ടങ്ങള്‍ ബാഡന്‍-വുര്‍ട്ടംബര്‍ഗിലെ നര്‍ട്ടിംഗന്‍ പട്ടണത്തില്‍ നിന്നുള്ള 27 വയസ്സുകാരന്റെതാണെന്ന്  സ്ഥിരീകരിക്കുകയും ചെയ്തു.

1990 ഓഗസ്റ്റില്‍ വലൈസ് ആല്‍പ്സിലെ മള്‍ട്ടി-ഡേ പര്‍വത പര്യടനത്തിനിടെ ഒറ്റയ്ക്ക് കാല്‍നടയാത്ര നടത്തുന്നതിനിടെ കാണാതായ തോമസ് ഫ്‌ലാം ആയിരുന്നു ആ 27 കാരന്‍.

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മോണ്ട് ബ്ലാങ്കിന്റെ അടിത്തട്ടിലുള്ള ഫ്രാന്‍സിലെ ചമോനിക്‌സ് എന്ന പര്‍വത നഗരത്തില്‍ നിന്നാണ് അദ്ദേഹം യാത്രതിരിച്ചത്. ഫ്‌ലാമിന്റെ യാത്ര ഇറ്റലിയിലെ ഡൊമോഡോസോളയില്‍ അവസാനിക്കേണ്ടതായിരുന്നു, അവിടെ അദ്ദേഹം ഒരു സുഹൃത്തിനെ കാണാന്‍ ഉദ്ദേശിച്ചിരുന്നു, പക്ഷേ അവന്‍  ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. അതിനിടയില്‍ എവിടെയോ വെച്ച് അവന്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനായി.

കാല്‍നടയാത്രയ്ക്കിടയിലും കാണാതാവുന്നതിന് തൊട്ടുമുമ്പ് യുവാവ് രണ്ട് കത്തുകള്‍ എഴുതിയതായി പ്രാദേശിക പത്രമായ ഡെര്‍ നര്‍ട്ടിംഗര്‍ സെയ്തുങ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1990 ജൂലൈ 29-ന്, മോണ്ട് ബ്ലാങ്കിന് ചുറ്റും താന്‍ കയറുകയും കാല്‍നടയാത്ര നടത്തുകയും ചെയ്ത കാര്യം സന്തോഷത്തോടെ വിവരിക്കാന്‍ ഫ്‌ലാം തന്റെ മുത്തശ്ശിക്ക് ഒരു കത്ത് എഴുതി.  ഓഗസ്റ്റ് 1 ന് അവന്റെ അമ്മയുമായി അവസാന ആശയവിനിമയം നടത്തി, മൂന്ന് ദിവസത്തിന് ശേഷം അവനെ കാണാതായി.

കൃത്യമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല, പക്ഷേ ഫ്‌ലാമിന് മികച്ച ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിചയസമ്പന്നനായ പര്‍വതാരോഹകനായിരുന്നുവെന്നും ആ സമയത്ത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫ്‌ലാമിനെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍ സമഗ്രമായ തിരച്ചില്‍ നടത്തിയിരുന്നു.  സ്വിസ്, ഇറ്റാലിയന്‍ അധികാരികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചു, എല്ലാ ക്യാമ്പ്സൈറ്റുകളും തിരഞ്ഞു. പക്ഷേ ഫലം ഉണ്ടായില്ല.  കാലക്രമേണ പ്രതീക്ഷകള്‍ കുറഞ്ഞു, സ്ഥലത്തുണ്ടായിരുന്ന ജര്‍മ്മന്‍ ആല്‍പൈന്‍ ക്ലബ്ബിന്റെ ഒരു കൂട്ടം കാല്‍നടയാത്രക്കാര്‍, ഫ്‌ലാം കാണാതായ അതേ സമയം, പ്രദേശത്തെ ഹിമാനികള്‍ 'വെണ്ണ പോലെ മൃദുവായതാണെന്ന്' പറഞ്ഞതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷാവസാനത്തോടെ അധികൃതര്‍ തിരച്ചില്‍ ഉപേക്ഷിച്ചു. 

ഒടുവില്‍ ഇതാ 32 വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി ഫ്‌ലാമിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ