
ലോകത്തിൽ പലവിധത്തിലുള്ള ഭക്ഷണ പരീക്ഷണങ്ങളുമുണ്ട്. എന്നാൽ, കാനഡയിലെ ഒരു ബാറിൽ നൽകുന്ന ഒരു പാനീയത്തെ കുറിച്ച് കേട്ടാൽ നമ്മുടെ നെറ്റി ചുളിയും. യഥാർത്ഥ മനുഷ്യന്റെ കേടുകൂടാതെ സൂക്ഷിച്ച കാൽവിരൽ ഗ്ലാസിൽ ഇട്ട് നൽകുന്ന 'സവർടോ കോക്ക്ടെയിൽ' ആണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്. കാനഡയിലെ യുകോൺ ടെറിട്ടറിയിലുള്ള ഡോസൺ സിറ്റിയിലെ 'സൗർഡോഫ് സലൂൺ' എന്ന ബാറിലാണ് ഈ അപൂർവ്വ പാനീയം ലഭിക്കുന്നത്.
കഴിക്കേണ്ടത് ഒരു പ്രത്യേക നിയമത്തോടെ!
ഈ കോക്ക്ടെയിൽ കുടിക്കാൻ ആഗ്രഹിക്കുന്നവർ മൂന്ന് കാര്യങ്ങൾ ചെയ്യണം. ബാറിലെത്തുക, 'സവർടോ പ്രതിജ്ഞ' (Sourtoe Oath) എടുക്കുക, തുടർന്ന് ഗ്ലാസിലേക്ക് മനുഷ്യന്റെ കാൽവിരൽ ഇടുന്നത് കാണുക.
ആർക്കും ഈ പാനീയം ഓർഡർ ചെയ്യാം. എന്നാൽ ഇതിലൊരു പ്രധാനപ്പെട്ട നിയമം കൂടിയുണ്ട്. 'നിങ്ങൾക്ക് ഇത് വേഗത്തിലോ പതുക്കെയോ ഒക്കെ കുടിക്കാം, പക്ഷേ, നിങ്ങളുടെ ചുണ്ടുകൾ ആ കാൽവിരലിൽ സ്പർശിക്കണം.' ആൽക്കഹോളും കാൽവിരലുമാണ് ഇതിലെ പ്രധാന ചേരുവകൾ, ഒപ്പം കുടിക്കാൻ നല്ല മനക്കട്ടി കൂടി വേണം.
ഇതിന്റെ പിന്നിലെ ചരിത്രം
1920 -കളിൽ ലൂയി ലിങ്കൻ, ഒട്ടോ എന്നീ രണ്ട് സഹോദരന്മാർ മഞ്ഞുപാളികൾക്കിടയിലൂടെ നടത്തിയ യാത്രയ്ക്കിടയിലാണ് ഇതിന്റെ തുടക്കം. യാത്രയിൽ ലൂയിയുടെ കാൽവിരലുകൾ മരവിച്ചുപോവുകയും, തുടർന്ന് ഒട്ടോ ആ വിരൽ മുറിച്ചു മാറ്റുകയും ചെയ്തു. ഈ ഓർമ്മയ്ക്കായി അവർ ആ വിരൽ ഒരു ജാറിൽ ആൽക്കഹോളിൽ സൂക്ഷിച്ചു.
വർഷങ്ങൾക്ക് ശേഷം, 'ക്യാപ്റ്റൻ ഡിക്ക് സ്റ്റീവൻസൺ' എന്നയാൾ ഒരു ഒഴിഞ്ഞ ക്യാബിൻ വൃത്തിയാക്കുന്നതിനിടയിൽ ഈ വിരൽ കണ്ടെത്തുകയും, തുടർന്ന് കൂട്ടുകാരുമായി ചേർന്ന് 'സവർടോ കോക്ക്ടെയിൽ ക്ലബ്' സ്ഥാപിക്കുകയും ചെയ്തു. 2019 -ൽ 89 -ാം വയസ്സിൽ അന്തരിച്ച ക്യാപ്റ്റൻ ഡിക്ക് ആണ് ഈ പാരമ്പര്യത്തിന് തുടക്കമിട്ടത്.
തുടക്കം മുതൽ ഇതുവരെ വിവിധ ആളുകളുടെ സംഭാവനയായി 25 -ലധികം വിരലുകൾ ഈ ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്. കഠിനമായ മൽസരത്തിനിടയിൽ മരവിപ്പ് മൂലം കാൽവിരൽ നഷ്ടപ്പെട്ട മുൻ റോയൽ മറൈൻ ഉദ്യോഗസ്ഥനായ നിക്ക് ഗ്രിഫിത്സ് തന്റെ വിരൽ ഈ ക്ലബ്ബിന് നൽകിയവരിൽ പ്രമുഖനാണ്. വിചിത്രമായ ശീലങ്ങളും സാഹസികതയും ഇഷ്ടപ്പെടുന്ന നിരവധി സഞ്ചാരികളാണ് ഈ പാനീയം രുചിക്കാനായി കാനഡയിലെ ഡോസൺ സിറ്റിയിലേക്ക് എത്തുന്നത്.