കൊലക്കേസിൽ വിചാരണത്തടവുകാരനായ യുവാവിന് ഐഐടി ജാം പ്രവേശന പരീക്ഷയിൽ 54 -ാം റാങ്ക്

Published : Mar 26, 2022, 12:30 PM IST
കൊലക്കേസിൽ വിചാരണത്തടവുകാരനായ യുവാവിന് ഐഐടി ജാം പ്രവേശന പരീക്ഷയിൽ 54 -ാം റാങ്ക്

Synopsis

പഠിക്കാനുള്ള താല്പര്യം കണ്ട് അഭിഷേക് പാണ്ഡെ ജയിലിനുള്ളിൽ സൂരജിന് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആവശ്യമായ പുസ്തകങ്ങളും നോട്ടുകളും എല്ലാം എത്തിച്ചു കൊടുത്തു. പരീക്ഷയെഴുതാൻ കോടതി ഒരു മാസത്തെ പരോളും അനുവദിച്ചു. 

എത്ര പ്രതികൂലമായ സാഹചര്യങ്ങളിലും ജയിക്കാൻ ചങ്കുറപ്പുള്ള ഒരു മനസാണ് ആദ്യം വേണ്ടതെന്ന് തെളിയിക്കുകയാണ് ബിഹാറിലെ നവാഡ(Bihar's Nawada)ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനായ സൂരജ് കുമാർ യാദവ് (Suraj Kumar Yadav). രാജ്യത്തെ ഏറ്റവും അഭിമാനകരവും, പ്രയാസകരവുമായ പരീക്ഷകളിലൊന്നാണ് IIT JAM. വർഷങ്ങളോളമുള്ള തയ്യാറെടുപ്പും, പരിശീലനവും ആവശ്യമായ ഒന്നാണ് ഇത്. എന്നാൽ, ജയിലിൽ ആരുടേയും പരിശീലനമില്ലാതെ, ഒറ്റയ്ക്ക് പഠിച്ച് പ്രയാസമേറിയ ഈ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയിരിക്കയാണ് സൂരജ്. അതും വെറും വിജയമല്ല. അഖിലേന്ത്യ തലത്തിൽ 54 -ാം റാങ്കോടെയാണ് സൂരജ് പരീക്ഷ പാസായത്.  

ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആണ് ഈ പരീക്ഷ നടത്തുന്നത്. 2022 ഫെബ്രുവരി 13 -നാണ് പരീക്ഷ നടന്നത്. ബിഹാറിലെ മോസ്മ ഗ്രാമവാസിയാണ് സൂരജ്. അയൽക്കാരനായ സഞ്ജയ് യാദവിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഒരു വർഷമായി ജയിലിൽ കഴിയുകയാണ് ഇയാൾ. ജ്യേഷ്ഠൻ ബീരേന്ദ്ര യാദവും ഇതേ കേസിൽ 2021 ഏപ്രിൽ മുതൽ നവാഡയിൽ തടവിലാണ്. സൂരജിന്റെ പിതാവ് അർജുൻ യാദവും സഞ്ജയ്‌യുടെ പിതാവ് ബസോ യാദവും ഗ്രാമത്തിലെ അഴുക്കുചാലുമായി ബന്ധപ്പെട്ട് ഏറെ നാളായി തർക്കത്തിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2021 മാർച്ചിൽ, അഴുക്ക് ചാലിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സഞ്ജയ് യാദവ് മരിക്കുകയായിരുന്നു. മരിച്ചയാളുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സൂരജ് ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തു. ഇതിനുശേഷം, 2021 ഏപ്രിൽ 19 ന് ഇയാളെ അറസ്റ്റുചെയ്ത് ജയിലിലേക്ക് അയച്ചു.

എന്നാൽ, കേസിൽ സൂരജിന്റെ പങ്കാളിത്തം ഗ്രാമമേധാവി രേണുദേവി നിഷേധിച്ചു. യുവാവിനെ കേസിൽ കുടുക്കിയതാണെന്ന് അവർ പറയുന്നു. സംഭവത്തെ തുടർന്ന്, സഞ്ജയുടെ വീട്ടുകാരുടെ പ്രതികാരം ഭയന്ന് സൂരജിന്റെ മാതാപിതാക്കൾ ഗ്രാമം ഉപേക്ഷിച്ചു. അവരുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി തരിശായി കിടക്കുകയാണ് ഇപ്പോൾ. പ്രാദേശിക മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ, സൂരജ് കുമാർ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അന്നത്തെ നവാഡയിലെ ഡിവിഷണൽ ജയിൽ സൂപ്രണ്ടായ അഭിഷേക് കുമാർ പാണ്ഡെയ്ക്കും മൂത്ത സഹോദരൻ വീരേന്ദ്ര യാദവിനും നൽകി. ജയിൽ എത്തിയതോടെ സൂരജിന് പഠിപ്പ് പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ഒരു ദിവസം ജയിലിൽ വെച്ച് അന്നത്തെ ജയിൽ സൂപ്രണ്ട് അഭിഷേക് നടത്തിയ പ്രചോദനാത്മക പ്രസംഗം സൂരജ് കേൾക്കാൻ ഇടയായി.

ഇതിൽ ആകൃഷ്ടനായ ഇയാൾ സൂപ്രണ്ടിനെ കാണുകയും പഠനം തുടരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പഠിക്കാനുള്ള താല്പര്യം കണ്ട് അഭിഷേക് പാണ്ഡെ ജയിലിനുള്ളിൽ സൂരജിന് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആവശ്യമായ പുസ്തകങ്ങളും നോട്ടുകളും എല്ലാം എത്തിച്ചു കൊടുത്തു. പരീക്ഷയെഴുതാൻ കോടതി ഒരു മാസത്തെ പരോളും അനുവദിച്ചു. അതേസമയം, ജയിലാകുന്നതിന് മുമ്പ്, പ്രവേശന പരീക്ഷയ്ക്കായി  രാജസ്ഥാനിലെ കോട്ടയിൽ സൂരജ് പരിശീലനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം രാജ്യവ്യാപകമായി ലോക്ക്ഡൗൺ വന്നപ്പോൾ, സ്വന്തം ഗ്രാമമായ മോസ്മയിലേക്ക് മടങ്ങാൻ നിർബന്ധിതനായി. ഒരു ശാസ്ത്രജ്ഞനാകാനാണ് സൂരജിന്റെ ആഗ്രഹം. കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും, താമസിയാതെ തനിക്ക് നീതി ലഭിക്കുമെന്നും സൂരജ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്
വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ