വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം ബഹിരാകാശത്തുനിന്നും കാണുമ്പോള്‍!

Published : Sep 12, 2022, 08:21 PM IST
വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം  ബഹിരാകാശത്തുനിന്നും കാണുമ്പോള്‍!

Synopsis

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുണ്ടായിരുന്ന ഫ്രാങ്ക് കള്‍ബേറ്റ്‌സണാണ് അമേരിക്കയുടെ അഭിമാന സ്തംഭങ്ങള്‍ തീയും പുകയുമായി തകര്‍ന്നടിഞ്ഞു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ബഹിരാകാശത്തുവെച്ച് പകര്‍ത്തിയത്. 

ലോകരാഷ്ട്രീയത്തിന്റെ അലകും പിടിയും മാറ്റിയ സംഭവമായിരുന്നു അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്ക് നടന്ന ഭീകരാക്രമണം. 2001 സെപ്റ്റംബര്‍ 11 -ന് ലോകത്തിന്റെ വാണിജ്യ കേന്ദ്രമായി കരുതപ്പെടുന്ന വേള്‍ഡ് ട്രേഡ് സെന്റിനു നേരെ പാഞ്ഞെത്തിയ ഭീകരരുടെ വിമാനങ്ങള്‍ അതിന്റെ ഇരട്ട ഗോപുരങ്ങള്‍ ഇടിച്ചുതകര്‍ക്കുകയായിരുന്നു. 

ലോകഗതി മാറ്റിമറിക്കാന്‍ കാരണമായ ഭീകരാക്രമണം ബഹിരാകാശത്ത് വെച്ച് കാണുമ്പോള്‍ എങ്ങനെയായിരുന്നു? ദുരന്തത്തിന്റെ 21-ാം വര്‍ഷം നാസ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഇക്കാര്യമാണ് ലോകത്തിനു മുമ്പാകെ പ്രദര്‍ശിപ്പിക്കുന്നത്. അന്ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുണ്ടായിരുന്ന ഫ്രാങ്ക് കള്‍ബേറ്റ്‌സണാണ് അമേരിക്കയുടെ അഭിമാന സ്തംഭങ്ങള്‍ തീയും പുകയുമായി തകര്‍ന്നടിഞ്ഞു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ബഹിരാകാശത്തുവെച്ച് പകര്‍ത്തിയത്. ദുരന്തവാര്‍ഷികമായ ഇന്നലെ ആ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് നാസ പുറത്തുവിട്ടത്.  

അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 11 (എഎ11) ആണ് അഞ്ച് ഭീകരര്‍ റാഞ്ചി ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചത്. 110 നിലകളുള്ള നോര്‍ത്ത് ടവറിലെ 80-ാംനിലയിലേക്കാണ് ആദ്യം അത് ഇടിച്ചിറക്കിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അടുത്ത വിമാനമെത്തി. ഭീകരവാദികള്‍ റാഞ്ചിയ യുനൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 175 (യുഎ 175) സൗത്ത് ടവറിലെ അറുപതാം നിലയിലേക്ക് ഇടിച്ചു. ബോസ്റ്റണിലെ ലോഗന്‍ വിമാനത്താവളത്തില്‍നിന്ന് ലോസ് എയ്ഞ്ചലസിലേക്ക് പുറപ്പെട്ട വിമാനങ്ങളാണ് വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്ക് ഇടിച്ചിറക്കിയത്.  ഇതോടൊപ്പം ഡലസ് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 77 (എഎ 77) പെന്റഗണിന്റെ പടിഞ്ഞാറു ഭാഗത്ത് ഇടിച്ചിറക്കി. 

യുഎസിലെ ന്യൂവേക്ക് വിമാനത്താവളത്തില്‍നിന്ന് മറ്റൊരു വിമാനവും റാഞ്ചപ്പെട്ടിരുന്നുവെങ്കിലും യാത്രക്കാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ആക്രമണം നടന്നില്ല. ആ വിമാനം പെന്‍സില്‍വാനിയയിലെ ഒരു വയല്‍പ്രദേശത്ത് ഇടിച്ചിറക്കുകയായിരുന്നു. വൈറ്റ്ഹൗസിനെയോ കാപിറ്റോള്‍ ടവറിനെയോ ലക്ക്ഷ്യമിട്ട ആക്രമണമാണ് ആ വിധത്തില്‍ അലസിപ്പോയതെന്നാണ് കരുതുന്നത്. 

ഇരട്ട ഗോപുരങ്ങള്‍ക്കു േനരെയുണ്ടായ ഭീകരാക്രമണത്തില്‍ മന്‍ഹാട്ടന്‍ നഗരത്തിനു മുകളിലൂടെ പുകപടലങ്ങള്‍ വ്യാപിക്കുന്നതാണ് ബഹിരാകാശത്തുനിന്നും പകര്‍ത്തിയ ഈ ദൃശ്യങ്ങളിലുള്ളത്. ''അമേരിക്കന്‍ സംസ്‌കാരത്തിന്റെ നിര്‍ണായക മാറ്റത്തിനും നിരവധി ജീവനുകളുടെ നഷ്ടത്തിനും ഇടയാക്കിയ ഭീകരാക്രമണം ദേശീയ ദുരന്തമായിരുന്നു. വര്‍ഷം തോറും നാം ആ ദുരന്തം ഓര്‍ക്കുന്നു, ഒരിക്കലും മറക്കാതെ.''എന്ന വാചകങ്ങള്‍ക്കൊപ്പമാണ് നാസ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഒപ്പം, ആ പടങ്ങള്‍ പകര്‍ത്തിയ ബഹിരാകാശസഞ്ചാരിയായ ഫ്രാങ്ക് കള്‍ബേറ്റ്‌സണിന്റെ വാക്കുകളും നാസ ഷെയര്‍ ചെയ്തിട്ടുണ്ട്. ആ സമയത്ത് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുണ്ടായിരുന്ന ഏക യുഎസ് ബഹിരാകാശ സഞ്ചാരിയായിരുന്നു ഫ്രാങ്ക് കള്‍ബേറ്റ്‌സണ്‍. 

2001 സെപ്തംബര്‍ 11-ന് വിവിധ സംഭവങ്ങളിലായി അന്ന് മരിച്ചത് 2997 പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 78 രാജ്യങ്ങളില്‍നിന്നുള്ളവര്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നു. പതിനായിരങ്ങള്‍ക്കാണ് നാല് ആക്രമണങ്ങളിലായി പരുക്കേറ്റത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നത് വഴി മാത്രമുണ്ടായ നഷ്ടം 6000 കോടി ഡോളറാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ