പുടിന്റെ ബില്യൺ ഡോളർ കൊട്ടാരത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പുറത്തുവിട്ട് നവൽനിയുടെ വൻ വെളിപ്പെടുത്തൽ

By Web TeamFirst Published Jan 21, 2021, 10:52 AM IST
Highlights

എന്തിനെന്നു വ്യക്തമാകാത്ത ഒരു സീക്രട്ട് 'ഡേർട്ടി' ഏരിയയും കൊട്ടാരത്തിലുണ്ട്. 

മോസ്‌കോയിൽ വന്നിറങ്ങിയ അന്നു തന്നെ അറസ്റ്റുചെയ്ത് കൽത്തുറുങ്കിലടച്ചു എങ്കിലും പുടിൻ ഗവൺമെന്റിന് തീരാ തലവേദനയായി തുടരുകയാണ് പ്രതിപക്ഷത്തെ അലക്സി നവൽനി എന്ന യുവനേതാവ്. നവൽനി അറസ്റ്റിലായതിനു പിന്നാലെ, ചൊവ്വാഴ്ച വൈകുന്നേരത്തോടെ, അദ്ദേഹത്തിന്റെ ടീം ഇന്റർനെറ്റിൽ റിലീസ് ചെയ്തത്, കരിങ്കടലിന്റെ തീരത്തോട് ചേർന്നുകിടക്കുന്ന പുടിന്റേതെന്ന് അവർ ആക്ഷേപിക്കുന്ന ഒരു ബില്യൺ ഡോളർ കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ സഹിതമുള്ള വിശദവിവരങ്ങളാണ് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 

ബെർലിനിലെ ഷാരൈറ്റ് ക്ലിനിക്കിൽ, നോവിച്ചോക്ക് നെർവ് ഗ്യാസ് വിഷബാധയ്ക്കുള്ള ചികിത്സ നേടുന്ന കാലയളവിൽ താൻ നടത്തിയതാണ് ഈ അന്വേഷണം എന്നാണ് നവൽനി പറയുന്നത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യൂമെന്ററിയിലൂടെ നവൽനി ഈ കൊട്ടാരം സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിന്റെ വലിപ്പവും, അതിലെ ആഡംബര സൗകര്യങ്ങളും, ഇത്തരത്തിൽ ഒരു ബൃഹദ് പദ്ധതി യാഥാർഥ്യമാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച റിയൽ എസ്റ്റേറ്റ് മാഫിയാ ബന്ധങ്ങളും ഒക്കെ ഇഴ കീറിമുറിച്ച് പരിശോധിക്കുന്നുണ്ട്. 

 

ഈ കൊട്ടാരത്തിന്റെ നിർമാണത്തിന്റെ ചില പ്രവൃത്തികൾക്ക് സബ് കോണ്ട്രാക്റ്റ് കിട്ടിയിരുന്ന ഏതോ ഒരു കോൺട്രാക്ടർ ആണ് പ്രസ്തുത ദൃശ്യങ്ങൾ തനിക്ക് ചോർത്തിത്തന്നത് എന്ന് നവൽനി പറയുന്നു. ഈ വിശാലമായ കൊട്ടാരത്തിന്റെ കൺസ്ട്രക്ഷൻ പ്ലാനിന്റെ പകർപ്പ്, ഓരോ നിലയുടെയും ബ്ലൂ പ്രിന്റ്, നിർമാണത്തിനായി വാങ്ങിയ ലക്ഷ്വറി ഫിറ്റിങ്ങുകളുടെ പർച്ചേസ് ലിസ്റ്റ്, ഫർണിച്ചറുകൾ, ചിത്രങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ ഇന്റീരിയർ സാമഗ്രികൾക്ക് ചെലവിട്ട തുകയുടെ വിവരങ്ങൾ എന്നിവയും സമഗ്രമായ ഈ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമാണ്. തങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ വെച്ച് ഈ കൊട്ടാരത്തിന്റെ ഒരു ത്രിമാന മോഡൽ തന്നെ നവൽനിയും സംഘവും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. 

റഷ്യയെ ഇന്ന് ഭരിക്കുന്ന വ്ലാദിമിർ പുടിൻ ഒരു അഭിനവ സാർ ചക്രവർത്തി തന്നെയാണ് എന്നാണ് നവൽനി ആക്ഷേപിക്കുന്നത്. നിര്മിക്കപ്പെടുന്നതിനിടെ വളരെയധികം സ്വകാര്യതയും സുരക്ഷാ മുൻകരുതലുകളും കൈക്കൊണ്ട്, നിർമാണത്തൊഴിലാളികൾ ഒരു മൊബൈൽഫോൺ പോലും ഉള്ളിൽ കൊണ്ടുപോകാൻ അനുവദിക്കാതെ, ഏറെ നിഗൂഢമായ രീതിയിലായിരുന്നു ഈ കൊട്ടാരത്തിന്റെ പണിതീർത്തത് എന്നും നവൽനി പറയുന്നു. 

17,961 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഈ വമ്പൻ കൊട്ടാരത്തിൽ ആകെ പതിനൊന്നു കിടപ്പുമുറികളാണുള്ളത്. കൂടാതെ, നിരവധി ലിവിങ് റൂമുകളും, തീൻ മുറികളും, ഒരു സിനിമാ പ്രദർശന ഹാളും, ലാസ് വെഗാസ് മാതൃകയിലുള്ള ഒരു ചൂതാട്ടകേന്ദ്രവും, രണ്ടു സ്പാകളും, ഒരു ഹമാമും, ഒരു ബേക്കറിയും ഈ കൊട്ടാരത്തിലുണ്ട്. പിന്നെ, എന്തിനെന്നു വ്യക്തമാകാത്ത ഒരു സീക്രട്ട് 'ഡേർട്ടി' ഏരിയയും കൊട്ടാരത്തിലുണ്ട്. അതിൽ ഒരു ഹുക്കാ മുറിയും, ഒരു ഡാൻസേർസ് പോളും ഉള്ളതായി ഡിസൈൻ പരിശോധിച്ചാൽ വ്യക്തമാകും. സ്പോട്ട് ലൈറ്റുകൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഈ ഭാഗത്ത് എന്തുകൊണ്ടോ ഒരു കിളിവാതിൽ പോലും ഡിസൈനിൽ കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.  

കൊട്ടാരത്തിലെ മുറികളുടെ നിലത്തെല്ലാം തന്നെ വെൽവെറ്റിന്റെ പതുപതുത്ത പരവതാനി വിരിച്ചിട്ടുണ്ട്. ഇടനാഴികളിലും, സ്തൂപങ്ങളിലും, ചുവരുകളിലുമൊക്കെ മാർബിളുകൾ പതിച്ച്, സെന്റ് പീറ്റർസ് ബർഗിലെ രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ കൊട്ടാരത്തിന്റെയും ഇന്റീരിയർ ചെയ്തിട്ടുള്ളത്. വിലയേറിയ ഇറ്റാലിയൻ ഫർണീച്ചറുകളാണ് കൊട്ടാരത്തിലേക്ക് വേണ്ടി ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ, നാൽപതു ലക്ഷത്തിന്റെ തീൻമേശയും, ഇരുപതു ലക്ഷത്തിന്റെ സോഫയും എല്ലാം പെടും.  68 ഏക്കറിലാണ് ഈ കൊട്ടാരമുള്ളത് എന്നാണ് ഔദ്യോഗിക രേഖ എന്നിരിക്കിലും, ഇതിനോട് തൊട്ടു കിടക്കുന്ന പ്ലോട്ടും എഫ്എസ്ബിയുടെ തന്നെയാണ് ഏനാന്തിനാൽ, അതിന്റെ പത്തിരട്ടിയെങ്കിലും വലിപ്പം ഈ വസ്തുവിനുണ്ടാകണം എന്നാണ് നവൽനി പറയുന്നത്. നവൽനിയും സംഘവും രഹസ്യമായി ഷൂട്ട് ചെയ്ത ഡ്രോൺ രംഗങ്ങൾ പ്രകാരം ഈ കോമ്പൗണ്ടിൽ ഒരു ഹോക്കി ഫീൽഡും, ഒരു പേഴ്സണൽ ചർച്ചും, ആംഫിതിയേറ്ററും, 2500 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഒരു ഗ്രീൻ ഹൗസും ഉണ്ട്. 

നിരവധി ചെക്ക് പോയന്റുകൾ കടന്നു മാത്രമേ ഈ വസ്തുവിന്റെ ഒത്ത നടുക്ക് കിടക്കുന്ന കൊട്ടാരത്തിലേക്ക് എത്തിപ്പെടാൻ സാധിക്കൂ. ഈ കൊട്ടാരവും, അതിരിക്കുന്ന ഭൂമിയും ഇതിനകം തന്നെ നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. 

 

'വീഞ്ഞുനിർമാണം' എന്നൊരു ചെലവേറിയ വിനോദം പുടിനുള്ളതുകൊണ്ട് ഈ കൊട്ടാരവളപ്പിൽ ഒരു വീഞ്ഞ് നിർമാണശാലയും തയ്യാർ ചെയ്തിട്ടുണ്ടെന്ന് നവൽനി പറയുന്നു. ഇവിടെ തന്നെ വിളയിക്കുന്ന മുന്തിരിയിൽ നിന്നാണ് ഫാക്ടറിയിൽ വൈൻ തയ്യാറാക്കുന്നത്. വളരെ വേണ്ടപ്പെട്ട വിദേശ മിത്രങ്ങൾ വന്നെത്തുമ്പോൾ അവരുമായി ഇവിടെ വന്നു വൈൻ കുടിക്കാനാണ് ഇങ്ങനെ ഒരു സംഗതി പുടിൻ പരിപാലിക്കുന്നതത്രെ. 

ഇങ്ങനെ ഒരു ബില്യൺ ഡോളർ കൊട്ടാരം പണിയാൻ വേണ്ട ചെലവുകൾ വഹിച്ചിട്ടുള്ളത് റഷ്യയിലെ ബിസിനസ് ടൈക്കൂണുകൾ ചേർന്നാണ് എന്നാണ് നവൽനിയുടെ പ്രധാന ആക്ഷേപം. പല  അക്കൗണ്ടുകളിലൂടെ കൈമാറി, പല ഓഫ് ഷോർ അക്കൗണ്ടുകളിലൂടെ സഞ്ചരിച്ചാണത്രെ ഈ നിക്ഷേപങ്ങൾ വന്നെത്തിയിട്ടുള്ളതും. 

ഇങ്ങനെയുള്ള ധാരാളിത്തങ്ങളിലൂടെ രാജ്യത്തെ പുടിൻ മുടിച്ചുകൊണ്ടിരിക്കുകയാണ് എന്നും നവൽനി ആക്ഷേപിക്കുന്നു.  2014 -ൽ ചുമത്തപ്പെട്ട ഒരു തട്ടിപ്പു കേസിന്റെ പേരിലാണ് നവൽനിയെ ഇപ്പോൾ പുടിൻ ഗവൺമെന്റ് നവൽനിയെ വീണ്ടും അറസ്റ്റു ചെയ്തിരിക്കുന്നത്. അതിനു തൊട്ടുപിന്നാലെ ഇപ്പോൾ നവൽനി പക്ഷത്തുനിന്ന് ഇങ്ങനെ ഏറെ സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തലുണ്ടായത്, ഗവൺമെന്റിനെ വലിയ കോളിളക്കങ്ങളിലൂടെ കടത്തിവിടാൻ സാധ്യതയുണ്ട്. നവൽനിയുടെ വീഡിയോയ്ക്ക് ഇതുവരെ യൂട്യൂബിൽ 35 മില്യൺ വ്യൂകളാണ് കിട്ടിയിട്ടുള്ളത്. ഇന്റർനെറ്റിലെ ഈ തരംഗം, പുടിനെതിരായ എന്തെങ്കിലും നിയമനടപടികൾക്ക് കാരണമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. 

click me!