'ഒരു യാത്രയും നിങ്ങളുടെ ജീവനേക്കാൾ വലുതല്ല'; ട്രെയിൻ യാത്ര ഉപേക്ഷിച്ചു, ആറിരട്ടി വാടകയ്ക്ക് വീടെടുത്ത് യുവാവ്

Published : Oct 29, 2026, 12:32 PM IST
mumbai local train

Synopsis

സാമ്പത്തികമായി ചെലവ് കൂടിയെങ്കിലും, ഈ തീരുമാനം തനിക്ക് സമാധാനപരമായ ജീവിതം നൽകിയെന്നും, ട്രെയിനിൽ നിന്ന് വീഴുന്നതിനെക്കുറിച്ചുള്ള സ്ഥിരമായ സ്വപ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിച്ചെന്നും തേജസ് പറഞ്ഞു.

അതിരൂക്ഷമായ തിക്കും തിരക്കും നിറഞ്ഞ മുംബൈ ലോക്കൽ ട്രെയിനുകളിലെ അപകടകരമായ യാത്ര ഉപേക്ഷിച്ച ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറുന്നത്. തേജസ് ജോഷി എന്ന യുവാവാണ് എക്സിൽ (ട്വിറ്റർ) തന്റെ ഭയാനകമായ അനുഭവം പങ്കുവെച്ചത്. ബദ്ലാപ്പൂരിൽ നിന്ന് നരിമാൻ പോയിന്റിലേക്ക് നീണ്ട രണ്ടു വർഷക്കാലം ഇദ്ദേഹം ദിവസവും യാത്ര ചെയ്തിരുന്നു. ബദ്ലാപ്പൂരിൽ നിന്ന് സി.എസ്.എം.ടി വരെ ലോക്കൽ ട്രെയിനിലും അവിടെ നിന്ന് ടാക്സിയിലുമായിരുന്നു യാത്ര. ഇതിനു മുൻപ് മൂന്ന് വർഷത്തോളം ബദ്ലാപ്പൂരിൽ നിന്ന് അന്ധേരിയിലേക്കും ഇദ്ദേഹം സമാനമായ രീതിയിൽ യാത്ര ചെയ്തിരുന്നു.

എന്നാൽ, തിരക്കുള്ള സമയത്ത് ബദ്ലാപ്പൂരിൽ നിന്ന് സി.എസ്.എം.ടിയിലേക്കുള്ള ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെറ്റി വീണതാണ് ഇദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലുള്ള വിടവിലേക്ക് വീഴുന്നതിൽ നിന്ന് തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പരിക്കുകളൊന്നും പറ്റിയില്ലെങ്കിലും ഈ സംഭവം തേജസിനെ മാനസികമായി ബാധിച്ചു. തുടർന്ന് ലോക്കൽ ട്രെയിനുകളിലെ യാത്ര പൂർണ്ണമായും അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. ജോലിക്കാര്യങ്ങൾ എളുപ്പമാക്കാൻ ഓഫീസിനടുത്തുള്ള വിഖ്രോളിയിലേക്ക് താമസം മാറിയ ഇദ്ദേഹം, മുൻപ് നൽകിയിരുന്നതിന്റെ ആറിരട്ടി തുകയാണ് ഇപ്പോൾ വീട്ടുവാടകയായി നൽകുന്നത്.

സാമ്പത്തികമായി ചെലവ് കൂടിയെങ്കിലും, ഈ തീരുമാനം തനിക്ക് സമാധാനപരമായ ജീവിതം നൽകിയെന്നും, ട്രെയിനിൽ നിന്ന് വീഴുന്നതിനെക്കുറിച്ചുള്ള സ്ഥിരമായ സ്വപ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിച്ചെന്നും തേജസ് പറഞ്ഞു. എല്ലാവർക്കും ഇതുപോലെ ഉയർന്ന വാടക നൽകി താമസം മാറ്റാൻ കഴിയില്ലെന്ന് അറിയാമെങ്കിലും, സാധ്യമാകുന്നവർ സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 'ഒരു യാത്രയും നിങ്ങളുടെ ജീവനേക്കാൾ വലുതല്ല' എന്ന മുന്നറിയിപ്പോടെയാണ് തേജസ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

തേജസിന്റെ പോസ്റ്റിന് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധിയാളുകൾ കമന്റ് നൽകി. മുംബൈയിലെ സാധാരണക്കാരായ യാത്രക്കാർ നേരിടുന്ന കടുത്ത പ്രതിസന്ധികളും ചർച്ചയായി. 'താനെ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാനാണ് ഞാൻ വിഖ്രോളിയിൽ നിന്ന് ട്രെയിൻ കയറുന്നത്. ഒരിക്കൽ തിരക്കിൽപ്പെട്ട് എന്റെ കുർത്ത കീറിപ്പോയി, മാനവും പോയി' എന്ന് ഒരു യാത്രക്കാരൻ കുറിച്ചു.

1990-കളിൽ ഡോംബിവ്‌ലിയിൽ നിന്ന് നരിമാൻ പോയിന്റിലേക്ക് അഞ്ച് വർഷത്തോളം യാത്ര ചെയ്ത അനുഭവമാണ് മറ്റൊരു വ്യക്തി പങ്കുവെച്ചത്. അന്നത്തെ ദുരിതയാത്രയാണ് കഠിനാധ്വാനം ചെയ്യാനും ജീവിതത്തിൽ വിജയിക്കാനും തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം ഓർത്തെടുത്തു.

PREV
Read more Articles on
click me!

Recommended Stories

മെട്രോ സ്റ്റേഷനിൽ വച്ച് അപരിചിതൻ ക്യാമറയിൽ പകർത്തി, യുവതിയുടെ പരാതിയിൽ കേസ്
വെറും 200 രൂപ മുടക്കി മുത്തശ്ശിയെടുത്ത കൂപ്പൺ, 6 വയസുകാരന് 50 ലക്ഷത്തിന്റെ ആഡംബര കാർ